Parish

ലഹരിക്കെതിരെ തിരുപുറം ഫ്രാന്‍സിസ്‌ സേവ്യര്‍ ദേവാലയത്തിലെ യുവജനങ്ങളുടെ ഫ്‌ളാഷ്‌മോബ്‌

ലഹരിക്കെതിരെ തിരുപുറം ഫ്രാന്‍സിസ്‌ സേവ്യര്‍ ദേവാലയത്തിലെ യുവജനങ്ങളുടെ ഫ്‌ളാഷ്‌മോബ്‌

അനില്‍ ജോസഫ്‌

വ്‌ളാത്താങ്കര: യുവാക്കളിലെ ലഹരി ഉപയോഗത്തിനെതിരെ ഫ്‌ളാഷ്‌മോബ്‌ നടത്തി തിരുപുറം വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍ ദേവാലയത്തിലെ യുവജനങ്ങള്‍. യുവജനദിനത്തിന്റെ ഭാഗമായി കാഞ്ഞിരംകുളം ജംഗ്‌ഷനില്‍ തിരുപുറം എക്‌സൈസ്‌ റെയ്‌ഞ്ചിന്റെ സഹകരണത്തോടെയായിരുന്നു വ്യത്യസ്‌തമായ ഈ പരിപാടി.

ലഹരിയിലൂടെ ജീവിതം തകര്‍ന്നവരുടെ ജീവിതാവസ്‌ഥ വ്യക്‌തമാക്കിയായിരുന്നു തുടക്കം. തുടര്‍ന്ന്‌ പാട്ടിലൂടെയും ഡാന്‍സിലൂടെയും ലഹരിയുടെ അമിതമായ ഉപയോഗത്തിലൂടെ ജീവിതം നഷ്‌ടപെട്ടവരുടെ ജീവിത രേഖ വരച്ചുകാട്ടിയ യുവജനങ്ങള്‍ കാഴ്‌ചക്കാരുടെ കണ്ണ്‌ നനയിച്ചു.

തീപന്തങ്ങളുടെ നടുവിന്‍ ലഹരിവിരുദ്ധ പ്രതിജ്‌ഞ ചൊല്ലിയാണ്‌ പതിനഞ്ച്‌ മിനിറ്റ്‌ ദൈര്‍ഘ്യമുളള ഫ്‌ളാഷ്‌മോബ്‌ സമാപിച്ചത്‌. പ്രദേശത്തെ യുവാക്കളുടെ ലഹരി ഉപയോഗവും വര്‍ദ്ധിച്ച്‌ വരുന്ന മയക്ക്‌മരുന്ന്‌ കേസുകളുമാണ്‌ വ്യത്യസ്‌തമായ ഈ സംരംഭം ഒരുക്കാന്‍ പ്രേരണയായതെന്ന്‌ എൽ.സി.വൈ.എം. ഇടവകാ ഡയറക്‌ടര്‍ ഫാ. ജറാള്‍ഡ്‌ മത്യാസ്‌ പറഞ്ഞു.

ഇടവകയിലെ 40 യുവജനങ്ങള്‍ 6 മാസത്തെ പരിശീലനത്തിനൊടുവിലാണ്‌ പരിപാടി അവതരിപ്പിച്ചത്‌. ഫ്‌ളാഷ്‌മോബില്‍ 12 യുവതികളും പങ്കാളികളായി. എൽ.സി.വൈ.എം. ഇടവകാ പ്രസിഡന്റ്‌ സജിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

തിരുപറം റേയ്‌ഞ്ചില്‍ 5 വര്‍ഷം മുമ്പ്‌ മാസത്തില്‍ ശരാശരി 3 മയക്കുമരുന്നു കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യ്‌തിരുന്നെങ്കില്‍ ഇന്ന്‌ മുപ്പതിലധികം കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതെന്ന്‌ എക്‌സൈസ്‌ വകുപ്പ് പറഞ്ഞു. റേഞ്ച്‌ അസി. ഇന്‍സ്‌പെക്‌ടർ കെ.വി. വിനോദ്‌ ആശംസ അര്‍പ്പിച്ചു. പരിപാടിയുടെ പ്രത്യേകതകൊണ്ട്‌ എക്‌സൈസിന്റെ സഹകരണത്തോടെ നെയ്യാറ്റിന്‍കര താലൂക്കിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ പരിപാടി വിപുലപ്പെടുത്താന്‍ ഒരുങ്ങുകയാണ്‌ ഇടവകയിലെ യുവജനങ്ങള്‍.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker