റോമിലെ ലത്തീൻ ഇടവക വെട്ടുകാട് ക്രിസ്തുരാജന്റെ തിരുന്നാൾ ആഘോഷിച്ചു
റോമിലെ ലത്തീൻ ഇടവക വെട്ടുകാട് ക്രിസ്തുരാജന്റെ തിരുന്നാൾ ആഘോഷിച്ചു
മില്ലറ്റ് രാജപ്പൻ
റോം: റോമിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ലത്തീൻ കത്തോലിക്കരുടെ ഇടവക, വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിച്ചു. എല്ലാ വർഷവും വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ വളരെ ഭക്തിയോടും ഒരുക്കത്തോടും കൂടി റോമിലെ ലത്തീൻ ഇടവക ആഘോഷിക്കാറുണ്ട്.
ഞായറാഴ്ച രാവിലെ 10 മണിക്ക് പാദപൂജയോടുകൂടിയാണ് തിരുകർമ്മങ്ങൾക്ക് തുടക്കമായത്. നമ്മുടെ ഓരോരുത്തരുടെയും ആകുലതകളും വ്യാകുലതകളും ക്രിസ്തുരാജന് മുമ്പിൽ സമർപ്പിക്കാം. നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളിൽ രാജാവായി കടന്നുവരുവാൻ ക്രിസ്തുരാജനെ ക്ഷണിക്കാമെന്ന് പാദപൂജയ്ക്ക് നേതൃത്വം നൽകിക്കൊണ്ട് ഇടവക വികാരി ഫാ.സനു ഔസേപ് പറഞ്ഞു.
തുടർന്ന്, 11 മണിക്ക് ആരംഭിച്ച ആഘോഷമായ തിരുനാൾ സമൂഹദിവ്യബലിയ്ക്ക് ഫാ. ഡേവിഡ്സൺ ജെസ്റ്റസ് മുഖ്യകാർമ്മികനായി. ഫാ. സെബാസ്റ്റിൻ തോബിയാസ് ഓ.എഫ്.എം. കപ്പൂച്ചിൻ വചനസന്ദേശം നൽകി. ഫാ. ഹെൻഡ്രി എസ്.ജെ., ഫാ.ജോസ് പള്ളോട്യൻ, ഫാ.ഡാർവിൻ ഫെർണാണ്ടസ്, ഫാ.ജിബു ജെ.ജാജിൻ, ഫാ. റോസ് ബാബു, ഫാ.അനീഷ്, ഇടവക വികാരി ഫാ.സനു ഔസേപ് തുടങ്ങിയവർ സഹകാർമ്മികരായി.
കപ്പൂച്ചിൻ സഭാംഗമായ ഫാ. സെബാസ്റ്റിൻ തോബിയാസ് ഓ.എഫ്.എം. നൽകിയ വചനസന്ദേശത്തിൽ, ‘നൽകലിന്റെ സുവിശേഷമായിരുന്നു’ പ്രധാന ചിന്ത. ഏറ്റവും നല്ലത് നൽകുക, അവസാനം വരെയും നൽകുക, മുറിഞ്ഞും നൽകുക എന്നീ ചിന്തകളെ ജീവിതഗന്ധിയായി അച്ചൻ അവതരിപ്പിച്ചത് ഹൃദയസ്പർശിയായി.
റോമിൽ പഠനം നടത്തുന്ന വൈദികവിദ്യാർഥികളും, സന്യാസിനികളും, റോമിൽ താമസിക്കുന്ന മലയാളികളും വെട്ടുകാട് ക്രിസ്തുരാജന്റെ തിരുന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. 12:30 – ന് സ്നേഹവിരുന്നോട് കൂടിയാണ് തിരുനാൾ ആഘോഷങ്ങൾക്ക് വിരാമമായത്.
വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും സ്നേഹവിരുന്നിനും മറ്റും വേണ്ട നേതൃത്വം നൽകുകയും ചെയ്തത് തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് ഇടവക അംഗങ്ങളായിരുന്നു.
റോമിലെ ലത്തീൻ കത്തോലിക്കർ എന്ന് എടുത്തു പറയണ്ട. ലോകത്തിലെ കാതോലിക്കാരിൽ 98.5% ഉം റോമൻ അഥവാ ലത്തീൻ കത്തോലിക്കർ ആണ്. ബാക്കിയുള്ള 23 ഉപ സഭകൾ (syro malabar and syro malankara) ഉൾപ്പെടെ 1.5% ത്തിൽ ഉൾപെടുന്നു.റോമിലെ കത്തോലിക്ക മലയാളി സമൂഹം വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിച്ചു എന്ന് പറയുന്നതാവും ഉചിതം.