റോഡുകളുടെ ശോചനീയാവസ്ഥ; രാജാവിനെയും രാജ്ഞിയേയും ഒരിക്കൽകൂടി കൊച്ചിക്ക് ക്ഷണിച്ച് കെ.സി.വൈ.എം. ഇടക്കൊച്ചി മേഖല
കെ.സി.വൈ.എം. ഇടക്കൊച്ചി മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധാത്മക സമരം...
ജോസ് മാർട്ടിൻ
ഇടക്കൊച്ചി: കഴിഞ്ഞ വർഷം ഒക്ടോബർ മാസം നെതർലന്റ്സിലെ രാജാവും രാജ്ഞിയും കേരളം സന്ദർശിച്ചപ്പോൾ അതുവരെ ഇല്ലാത്ത ധൃതിയിൽ അധികൃതർ പശ്ചിമകൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ചു. എന്നാൽ, രാജാവിന്റെയും രാജ്ഞിയുടെയും കേരളസന്ദർശനം കഴിഞ്ഞ് ഒരുവർഷം തികയുമ്പോൾ റോഡുകളുടെ അവസ്ഥ ഏറെ പരിതാപകരമാവുന്നതിനാൽ, എത്രയും പെട്ടെന്ന് ഇതു പരിഹരിക്കുവാൻ രാജാവിനേയും രാജ്ഞിയെയും വീണ്ടുമൊരു കേരള സന്ദർശനം നടത്തുവാൻ ക്ഷണിക്കുകയോ, അല്ലെങ്കിൽ ഉടനടി ഈ പ്രശ്നത്തിന് ഭരണാധികാരികൾ പരിഹാരം കാണുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ.സി.വൈ.എം. ഇടക്കൊച്ചി മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധാത്മക സമരം നടത്തിയത്.
കൊവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ പ്രതിഷേധം കെ.സി.വൈ.എം രൂപത മുൻ പ്രസിഡന്റ് ജോസഫ് ദിലീപ് ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചി മേഖല കോ-ഓർഡിനേറ്റർ ആൻസ്റ്റൽ ആന്റണി അധ്യക്ഷത വഹിച്ചു. കെസിവൈഎം രൂപത ജന. സെക്രട്ടറി കാസി പൂപ്പന, സെക്രട്ടറി ടി.ജെ.ടെറൻസ്, രൂപതാ എക്സിക്യൂട്ടീവ് ഡാൽവിൻ ഡിസിൽവ എന്നിവർ സംസാരിച്ചു.