Articles
റെജിനച്ചനെക്കൊണ്ട് സ്വർഗത്തിന് ഇത്ര അടിയന്തരാവശ്യമോ?!
റെജിൻ എപ്പോഴും എന്നോട് ചോദിച്ചിരുന്നത് How is your seminary life, why did you choose to be a priest
ഫാ. ജോഷി മയ്യാറ്റിൽ
കൊച്ചി രൂപതാ ചാൻസലർ ബഹുമാനപ്പെട്ട റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) നവംബർ 6 രാത്രി 7 മണിക്ക് ലിസി ആശുപത്രിയിൽ വച്ച് നിര്യാതനായി. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ഇന്നു രാവിലത്തെ യാമപ്രാർത്ഥനയിലെ സങ്കീർത്തനശകലം ഇതായിരുന്നു: “ഞങ്ങളുടെ ആയുഷ്‌കാലം എഴുപതുവര്ഷമാണ്; ഏറിയാല് എണ്പത്; എന്നിട്ടും അക്കാലമത്രയും അധ്വാനവും ദുരിതവുമാണ്; അവ പെട്ടെന്നു തീര്ന്നു ഞങ്ങള് കടന്നുപോകും” (സങ്കീ 90,10). പട്ടം കിട്ടി രണ്ടു വർഷം മാത്രമായ റെജിനച്ചനെ പാതിപ്രായത്തിൽ സ്വർഗം തിരികെവിളിച്ചതിൽ സ്തബ്ധരായി നില്ക്കുകയാണ് ഞങ്ങൾ! ചന്തിരൂർ ആലുങ്കൽ വീട്ടിൽ അപ്പൻ ജോസഫിനും അമ്മ ത്രേസ്യാമ്മയ്ക്കും സഹോദരനും സഹോദരിക്കും ഉള്ള സങ്കടം ഊഹിക്കാവുന്നതേയുള്ളൂ…
https://youtu.be/JXPGlqmXgdk
മാതാപിതാക്കളുടെ മൂത്ത മകനായി 1981 ഓഗസ്റ്റ് 29-ന് ജനിച്ച റെജിൻ പട്ടണക്കാട് പബ്ലിക്ക് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ചെങ്ങന്നൂർ എൻജിയിറിംഗ് കോളജിൽനിന്ന് ബിരുദവും കുസാറ്റിൽനിന്ന് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം ചേർത്തല ഗവർമെൻ്റ് എഞ്ചിനീയിറിംഗ് കോളേജ് അദ്ധ്യാപകനായി ജോലിചെയ്തിരുന്നു. അക്കാലത്താണ് ജീസസ് യൂത്തിലെ സജീവാംഗവും മതബോധന മേഖലയിൽ സർഗാത്മക സൃഷ്ടികളുടെ കർത്താവുമായിരുന്ന റെജിൻ പിഒസിയിൽ ബുധനാഴ്ചകളിൽ നടക്കുന്ന സായാഹ ബൈബിൾ ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. ആയിടെയാണ് വൈദികനാകാനുള്ള ഉൾവിളി അദ്ദേഹത്തിൽ പ്രബലമായത്. ഒരു ബുധനാഴ്ച ബൈബിൾ ക്ലാസ്സിനു ശേഷം അദ്ദേഹം എന്നെ കാണാൻ ഓഫീസിലെത്തി തൻ്റെ ആഗ്രഹം പങ്കുവയ്ക്കുകയായിരുന്നു. ആ നിമിഷങ്ങൾ ഇപ്പോഴും തെളിമയോടെ എൻ്റെ മനസ്സിലുണ്ട്…
തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞതിനുശേഷം, ജോലി ഉപേക്ഷിച്ച് കൊച്ചി രൂപതയിലെ സെമിനാരിയിൽ പ്രവേശിക്കുകയായിരുന്നു. പൂനെ പേപ്പൽ സെമിനാരിയിലായിരുന്നു വൈദിക പരിശീലനം. ഉത്തരവാദിത്വബോധവും കഠിനാധ്വാനവും ദൈവാശ്രയവും റെജിനച്ചൻ്റെ മുഖമുദ്രയായിരുന്നു. ലോഗോസ് ക്വിസിൻ്റെ ഭാരമേറിയ നടത്തിപ്പിൽ അദ്ദേഹത്തിൻ്റെ സാങ്കേതികജ്ഞാനം എനിക്ക് പലപ്പോഴും വലിയ തുണയായിരുന്നിട്ടുണ്ട്.
2020ൽ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം എൻ്റെ ഇടവകയായ വൈപ്പിൻ പ്രത്യാശാ മാതാ പള്ളിയിലാണ് കൊച്ചച്ചനായി ആദ്യം സേവനംചെയ്തത്. ഇടവകജനത്തിൻ്റെ സ്നേഹത്തിനും പ്രശംസയ്ക്കും പെട്ടെന്നുതന്നെ പാത്രീഭൂതനായ അദ്ദേഹത്തിന്, പക്ഷേ, ഒരു വർഷത്തിനുള്ളിൽ സ്ഥലം മാറ്റമുണ്ടായി. റെജിനച്ചൻ്റെ ചികിത്സയ്ക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിൻ്റെയും അദ്ദേഹത്തിൻ്റെ സാങ്കേതിക പരിജ്ഞാനം
പ്രയോജനപ്പെടുത്തുന്നതിൻ്റെയും ഭാഗമായാണ് കൊച്ചി രൂപത മെത്രാൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് ഒരു വർഷംമുമ്പ് റെജിനച്ചനെ മെത്രാസന മന്ദിരത്തിൽ ചാൻസലറായി നിയമിച്ചത്. ഒരു വർഷം മാത്രം പൗരോഹിത്യശുശ്രൂഷാ പരിചയമുള്ള ഒരു കൊച്ചച്ചനെ രൂപതാ ചാൻസലറാക്കാൻ അഭിവന്ദ്യ പിതാവ് എടുത്ത തീരുമാനം അന്ന് പലരുടെയും നെറ്റി ചുളിക്കാൻ ഇടയാക്കിയെങ്കിലും അത് പരിശുദ്ധാത്മ പ്രചോദിതമായിരുന്നെന്ന് കാലം തെളിയിച്ചു. ഒപ്പം, ഫോർട്ടുകൊച്ചി ജൂബിലി മെമ്മോറിയൽ ഐ.ടി.ഐ പ്രിൻസിപ്പലായും അദ്ദേഹം നിസ്തുല സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു.
ചുരുങ്ങിയ കാലത്തെ റെജിനച്ചൻ്റെ ഔദ്യോഗികസേവനം ദൈവജനത്തിന് വലിയ മുതല്ക്കൂട്ടായിമാറി. മാത്രമല്ല, അദ്ദേഹത്തിൻ്റെ ചുരുങ്ങിയ പൗരോഹിത്യശുശ്രൂഷയെ ഇതിനെക്കാളധികമായി നമുക്ക് എങ്ങനെ മാനിക്കാൻ കഴിയുമായിരുന്നു?!
എപ്പോഴൊക്കെ അച്ചൻ എറണാകുളം പരിസരത്ത് വന്നിട്ടുണ്ടോ അപ്പോഴൊക്കെ എന്നെ സന്ദർശിക്കാൻ അദ്ദേഹം മനസ്സു കാണിച്ചിരുന്നു. സൗഹൃദത്തിൻ്റെയും നിഷ്കളങ്കതയുടെയും എളിമയുടെയും പര്യായമായിരുന്ന റെജിനച്ചന് സ്നേഹത്തോടും ആദരത്തോടും പ്രത്യാശയോടും കൂടെ വിടചൊല്ലുന്നു.
സംസ്കാര ശുശ്രൂഷ 8ന് (ചൊവ്വാഴ്ച) ഉച്ചയ്ക്കുശേഷം 3 മണിക്ക് ഇടവക പള്ളിയായ ചന്തിരൂർ സെൻ്റ് മേരീസ് പള്ളിയിലും അടക്കംചെയ്യൽ എരമല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളിയിലും നടക്കും. അച്ചന്റെ ആത്മശാന്തിക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
*ഫാ. വിപിൻ മാളിയേക്കൽ എഴുതുന്നു:*
റെജിൻ അച്ചനെ ആദ്യം പരിചയപ്പെടുന്നത് ആൽഫാ പാസ്റ്ററൽ സെന്ററിൽ ആണ് . അദ്ദേഹം അന്ന് സെമിനാരിയിൽ ചേർന്നിട്ടില്ല. രൂപതാ മതബോധന ടെക്സ്റ്റ് നവികരണത്തിനും മറ്റു പ്രവർത്തങ്ങളും ഇരിയങ്ങലത്തച്ചനെ സഹായിക്കുവാൻ റെജിൻ എപ്പോഴും എത്തുമായിരുന്നു. ഈ ഊർജ്ജസ്വലനായ യുവാവ് രൂപതാ വിസിറ്റിങ് ടീം അംഗവുമായിരുന്നു. അക്കാലം മുതലേ വൈദീക ജീവിതത്തോട് ആദ്ദേഹം അഭിമുഖ്യം പുലർത്തിയിരുന്നു. അന്ന് ആൽഫാ പാസ്റ്ററൽ സെന്ററിൽ റീജൻസി ചെയ്തിരുന്ന എനിക്ക് മത ബോധന കേന്ദ്രത്തിൽ സഹായിക്കേണ്ട ചുമതല കൂടിയുണ്ടായിരുന്നു. അവിടെ വെച്ച് തന്നെയാണ് റെജിനുമായുള്ള സൗഹൃദം രൂപപ്പെടുന്നത്.
റെജിൻ എപ്പോഴും എന്നോട് ചോദിച്ചിരുന്നത് How is your seminary life, why did you choose to be a priest എന്നോക്കെയായിരുന്നു. പ്രായം കൊണ്ടും സ്വഭാവം കൊണ്ടും ഏറെ പക്വമതിയായ റെജിനെ തൃപ്തിപ്പെടുത്തുക ബുദ്ധിമുട്ടാണ്. എപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുന്നതും വളരെ നിഷ്കളങ്കമായി സംശയ നിവാരണങ്ങൾ നടത്തുന്നതും അദ്ദേഹത്തിന്റെ ശൈലിയാണ്.
പിന്നീട് അദേഹം സെമിനാരിയിൽ ചേർന്ന് വൈദികനായി, ആദ്യ വർഷം വൈപ്പിൻ പള്ളിയിൽ സേവനം ചെയ്തു, പിന്നീട് വളരെ പെട്ടന്ന് തന്നെ രൂപതാ ചാൻസലറായി അരമനയിലേക്കെത്തി. കഴിഞ്ഞ ഈസ്റ്റർ ദിവസം എന്റെ പള്ളിയിൽ പാതിരാ കുർബാന അർപ്പിക്കാൻ ഞാൻ റെജിൻ അച്ചനെ ക്ഷണിച്ചിരുന്നു. അന്ന് അച്ചനോടൊപ്പം ഈസ്റ്റർ ബലിയർപ്പിച്ചത് ഇന്ന് അച്ചന്റെ മരണ വാർത്ത കേട്ടപ്പോൾ ഓർത്തു പോയി. അന്ന് അച്ചൻ എത്ര ആസ്വദിച്ചാണ് ഈസ്റ്റർ പ്രഘോഷണവും , സകല വിശുദ്ധരോടുള്ള ലുത്തിനിയയും ആലപിച്ചത്. അച്ചന്റെ മാതാപിതാക്കളും അന്ന് ദിവ്യബലിയിൽ പങ്ക് കൊളളുവാൻ ഇവിടെ ക്രിസ്തുരാജ ചാപ്പലിൽ എത്തിയിരുന്നു. അന്ന് അരോഗ്യസ്ഥിതിയെ കുറിച്ചും അച്ചൻ പങ്ക് വെച്ചിരുന്നു. വൃക്ക സംബന്ധമായ രോഗാവസ്ഥ അച്ചനുണ്ടായിരുന്നു. ക്രീയാറ്റിൻ വളരെ കൂടുതലായിരുന്നു അച്ചന് . പിന്നീട് കുബളം ഇടവകയിൽ അഭിവന്ദ്യ പിതാവിനോടൊപ്പം സ്ഥൈര്യലേപനത്തിനെത്തിയപ്പോൾ ഏറെ ഊർജ്ജസ്വലനായാണ് കാണപ്പെട്ടത്. രോഗാവസ്ഥകൾ മരണകരമാകുമെന്ന് ഒരിക്കലും കരുതിയില്ല.
എല്ലാ രോഗാവസ്ഥകളെയും മറച്ച് പിടിക്കുന്ന ചെറു പുഞ്ചിരി അച്ചൻ എപ്പോഴും മുഖത്ത് കൊണ്ടുവരാറുണ്ട്.
ചുരുങ്ങിയ കാലം മാത്രമേ വൈദികനായി ജീവിക്കുവാൻ സാധിച്ചുള്ളൂ എങ്കിലും ജീവിച്ച അത്രയും നല്ല വൈദീകനായി ആത്മാവിന്റെ ഉൾവിളികൾക്ക് കാതോർത്ത് ജീവിച്ചു. ഇത് കുറച്ച് നേരത്തെയായി പോയില്ലേ എന്ന് ചിന്തിക്കുന്നില്ല. ഇനി സ്വർഗ്ഗത്തിലിരുന്ന് അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമല്ലോ.