റവ.ഡോ.മാർട്ടിൻ ആന്റണി ‘ഓർഡർ ഓഫ് ഔവർ ലേഡി ഓഫ് മേഴ്സി’ സന്ന്യാസ സഭയുടെ പുതിയ ഡെലിഗേറ്റ് സുപ്പീരിയർ
റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ്...
ജോസ് മാർട്ടിൻ
റോം: ഓർഡർ ഓഫ് ഔവർ ലേഡി ഓഫ് മേഴ്സി സന്ന്യാസ സഭയുടെ ഭാരതത്തിന്റെ പുതിയ ഡെലിഗേറ്റ് സുപ്പീരിയറായി റവ.ഡോ.മാർട്ടിൻ ആന്റണിയെ തിരഞ്ഞെടുത്തു.
റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബൈബിൾ വിജ്ഞാനീയത്തിൽ യോഹന്നാന്റെ സുവിശേഷത്തിലെ 1 മുതൽ 12 വരെയുള്ള അധ്യായങ്ങളിലെ മരണ സംബന്ധമായ പദങ്ങളെക്കുറിച്ച് ഉത്തരാധുനിക ചിന്തകരുടെ ഭാഷാ-സാഹിത്യ സങ്കേതങ്ങളുപയോഗിച്ചുള്ള വ്യാഖ്യാനത്തിൽ (Death as a narrative-sign in the forth Gospel: An Exegetico-Thelogical study on the language of Death in John 1-12) ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ.മാർട്ടിൻ ആന്റണി കെ.ആർ.എൽ.സി.ബി.സി. തിയോളജി കമ്മീഷൻ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു വരുന്നു.
ധ്യാന പ്രസംഗകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ മികവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ആനുകാലിക പ്രസക്തിയുള്ള നിരവധി ലേഖനങ്ങൾ, സത്യദീപം, അസ്സീസി, കാരുണികൻ തുടങ്ങിയ അച്ചടി മാധ്യമങ്ങളിലും കാത്തലിക് വോക്സ്സ് ഓൺ ലൈൻ ന്യൂസിലും പ്രസിദ്ധീകരിച്ചു വരുന്നു.
സ്നേഹത്തിന്റെയും വീണ്ടെടുപ്പിന്റെയും സുവാർത്തയ്ക്ക് സാക്ഷ്യം നൽകാൻ 1218-ൽ വിശുദ്ധ പീറ്റർ നൊളാസ്കോ സ്ഥാപിച്ച ഓർഡർ ഓഫ് ഔവർ ലേഡി ഓഫ് മേഴ്സി സന്ന്യാസ സഭാ അംഗങ്ങൾ ദാരിദ്ര്യം, പവിത്രത, അനുസരണം എന്നീ വ്രതങ്ങൾക്ക് പുറമേ, വിശ്വാസം അപകടത്തിലായ മറ്റുള്ളവർക്കായി സ്വജീവൻ പോലും ഉപേക്ഷിക്കാൻ പ്രത്യേക നാലാമത്തെ വ്രതവും എടുക്കുന്നു. ഇന്ന് സ്പെയിൻ, ഇറ്റലി, ബ്രസീൽ, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങി 17 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.
റവ.ഡോ.മാർട്ടിൻ എൻ. ആന്റണി O.de M കൊച്ചി രൂപതയിലെ കല്ലഞ്ചേരി സെന്റ് മാർട്ടിൻ ഡി.പോറസ് പള്ളി ഇടവകാംഗമാണ്. 1977-ൽ ആന്റണി-സിസിലി ദമ്പതികളുടെ മകനായി ജനിച്ച റവ.ഡോ.മാർട്ടിൻ എൻ.ആന്റണി 2007 ലായിരുന്നു വൈദീകപട്ടം സ്വീകരിച്ചത്.