രൂപതാദ്ധ്യക്ഷന്റെ അജപാലന സന്ദർശനത്തിനും സ്ഥൈര്യലേപന കൂദാശയ്ക്കും ഒരുക്കത്തോടെ കൊല്ലത്തെ മങ്ങാട് ഇടവക
സ്ഥൈര്യലേപന കൂദാശ പരികർമ്മത്തിന് പുറമേ ഇടവക സിമിത്തേരിയുടെ ആശീർവാദവും, ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നാമധേയത്തിലുളള ചാപ്പൽ സന്ദർശനവും
നിക്സൺ ലാസർ
കൊല്ലം: കൊല്ലം രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ പോൾ ആന്റെണി മുല്ലശ്ശേരിയുടെ അജപാലന സന്ദർശനത്തിനും, സ്ഥൈര്യലേപന കൂദാശയ്ക്കും ഒരുക്കത്തോടെ കൊല്ലത്തെ മങ്ങാട് ഹോളിക്രോസ് ഇടവക. ജൂൺ 22 (ശനി), 23 (ഞായർ) തീയതികളിലാണ് സന്ദർശനം. അജപാലന സന്ദർശനത്തോട് അനുബന്ധിച്ച് സ്ഥൈര്യലേപന കൂദാശ പരികർമ്മത്തിന് പുറമേ ഇടവക സിമിത്തേരിയുടെ ആശീർവാദവും, ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നാമധേയത്തിലുളള ചാപ്പൽ സന്ദർശനവും ക്രമീകരിച്ചിട്ടുണ്ട്.
ജൂൺ 22 ശനിയാഴ്ച വൈകുന്നേരം 5:30-ന് ഇടവകാംഗങ്ങൾ മെത്രാനെ മങ്ങാട് കലാ തീയറ്റേഴ്സിന് സമീപത്ത് വച്ച് സ്വീകരിക്കും. തുടർന്ന്, ദേവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം ഇടവക സിമിത്തേരിയുടെ ആശീർവാദം നിർവ്വഹിക്കും. തിരുക്കർമ്മങ്ങൾക്കു ശേഷം സെന്റ് ജോസഫ് എൽ.പി.സ്കൂളിൽ വച്ച് മതബോധന അദ്ധ്യാപകർ, ബി.സി.സി. ആനിമേറ്റർ, അജപാലന സമിതി അംഗങ്ങൾ, ഇടവകയിലെ മറ്റ് ഭക്തസഘടനാ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും.
തുടർന്ന്, മങ്ങാട് ഇടവകയുടെ സബ്സ്റ്റേഷനായ രണ്ടാംകുറ്റി സെന്റ് ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നാമധേയത്തിലുളള ചാപ്പൽ സന്ദർശിക്കും.
ജൂൺ 23 ഞായറാഴ്ച രാവിലെ 10 മണിക്കാണ് പൊന്തിഫിക്കൽ സമൂഹദിവ്യബലിയും, സ്ഥൈര്യലേപന കൂദാശാ പരികർമ്മവും. തുടർന്ന്, മങ്ങാട് ഇടവകയിൽ നിന്നും പത്താം ക്ലാസ്സിലെയും, പന്ത്രണ്ടാം ക്ലാസ്സിലെയും പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അഭിവന്ദ്യ പിതാവ് മെറിറ്റ് അവാർഡ് നൽകി അനുമോദിക്കുമെന്നും മങ്ങാട് ഹോളി ക്രോസ് ഇടവക വികാരി ഫാ.വിനോദ് സെലസ്റ്റിൻ അറിയിച്ചു.
കൈക്കാരൻ ശ്രീ.സുനിൽ ജോൺ, ബി.സി.സി. കോർഡിനേറ്റർ ശ്രീ.സന്തോഷ്, സെക്രട്ടറി ശ്രീ.ബഞ്ചമിൻ ആന്റെണി, ധനകാര്യ സമിതി അംഗം ശ്രീ.അനിൽ പി.എസ്. എന്നിവരടങ്ങുന്ന അജപാലനസമിതിയാണ് ഒരുക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. മങ്ങാട് ഇടവകയിൽ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സ്ഥൈര്യലേപന കൂദാശ പരികർമം ചെയ്യപ്പെടാൻ പോകുന്നത് എന്നതിനാൽ അതിയായ സന്തോഷത്തിലും, ആകാംഷയിലുമാണ് ഇടവക ജനം.