യേശുവിനെ മുറുകെപ്പിടിച്ചാൽ അദ്ഭുതമുണ്ടാകും: ഫാ. സേവ്യർഖാൻ വട്ടായിയിൽ
യേശുവിനെ മുറുകെപ്പിടിച്ചാൽ അദ്ഭുതമുണ്ടാകും: ഫാ. സേവ്യർഖാൻ വട്ടായിയിൽ
ആലക്കോട്: യേശു എന്ന സത്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾൾ ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടൽ ജീവിതത്തിൽ ഉണ്ടാകുമെന്ന് സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിയിൽ. ആലക്കോട് അഭിഷേകാഗ്നി കൺവൻഷന്റെ മൂന്നാംദിവസം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യേശുവിന്റെ നാമം വെളിപ്പെടുത്താൻ പിതാവായ ദൈവം നൽകുന്ന അത്ഭുതമാണ് രോഗശാന്തി. യേശു എന്ന വ്യക്തിയിൽ അടിയുറച്ച് വിശ്വസിക്കാൻ, വളരാൻ ദൈവം നൽകുന്ന അവസരമാണിത്. യേശുവിനായിരിക്കണം മനസിൽ ഒന്നാംസ്ഥാനം. യേശുവിനെ മറയ്ക്കാൻ ശ്രമിക്കുന്ന സാത്താന്റെ ശക്തികളെ പ്രാർഥനയിലൂടെ അതിജീവിക്കണം. യേശു നൽകുന്ന ആദ്യത്തെ അത്ഭുതം രോഗികൾക്കാണ്. യേശുവിലൂടെ ദൈവം നൽകിയ അനുഗ്രഹമാണ് ദൈവമക്കളാകാൻ കഴിഞ്ഞുവെന്നത്. ഞാൻ ദൈവത്തിന്റെ പുത്രൻ, പുത്രി ആണെന്ന് പറയാൻ കഴിയണം. ഈ കൃപ നമുക്കു മാത്രം ലഭിച്ചതാണ്. ഞാൻ എന്റെ യേശുക്രിസ്തുവിലൂടെ സ്വർഗസ്ഥനായ പിതാവിന്റെ മകൻ, മകൾ ആണെന്ന് പറയാൻ കഴിയണം. അപ്പൻ രാജാവാണെങ്കിൽ മക്കൾ രാജപുത്രൻമാരാണ്. ആയതിനാൽ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായ നമ്മൾ ദൈവമക്കളാണ്. യേശുക്രിസ്തുവിനെ ദൈവമായി സ്വീകരിച്ച നമ്മൾ ദൈവമക്കളാണ്. ദൈവവചന പ്രകാരമുള്ള ബോധ്യങ്ങൾ നാം അറിയണം. യേശുവിനെ സ്വീകരിക്കുന്നതിലൂടെ ജീവിതത്തിൽ വെളിച്ചം കടന്നുവരണം. എല്ലാവരെയും സ്വീകരിക്കുന്ന സ്നേഹിക്കുന്ന ദൈവമക്കൾ ആവണം നാമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം ദിവസത്തെ കൺവൻഷന്റെ തിരുക്കർമങ്ങൾക്ക് തുടക്കം കുറിച്ച് ജപമാലയും തുടർന്ന് വിശുദ്ധ കുർബാനയും നടന്നു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. അലക്സ് താരാമംഗലം വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. വചന ശുശ്രൂഷയ്ക്കുശേഷം ദിവ്യകാരുണ്യ ആരാധനയും നടന്നു. പതിനായിരങ്ങളാണ് കൺവൻഷനിൽ പങ്കെടുക്കുന്നത്. ഇന്നു വൈകുന്നേരം നാലിന് ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടായിരിക്കും. 24-നാണ് കൺവൻഷൻ സമാപിക്കുക.