Daily Reflection

യേശുവോ ലോകമോ, ഏതു വേണം?

ലേവിയുടെ മാനസാന്തരത്തിന്റെ കഥ, എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു

ഇന്നത്തെ ദിവ്യബലിയിലെ സുവിശേഷഭാഗം ലേവിയുടെ മാനസാന്തരത്തിന്റെ കഥയാണ് നമ്മോട് പറയുന്നത്. റോമൻ സാമ്രാജ്യത്തിനു കീഴിൽ ആയിരുന്ന പാലസ്തീന പ്രദേശത്ത് റോമക്കാർക്കുവേണ്ടി ചുങ്കം പിരിച്ചിരുന്നവരിൽ ഒരാളായിരുന്നു ലേവി. അയാൾക്കു ധാരാളം സമ്പത്തുണ്ട്, സുഖസൗകര്യങ്ങളുണ്ട്, അധികാരമുണ്ട്. ചുങ്കക്കാർ നിശ്ചയിച്ചിരുന്ന തുകയാണ് ജനങ്ങൾ നൽകേണ്ടിയിരുന്നത്. അവർ പലപ്പോഴും അന്ന്യായമായി തങ്ങളുടെ നാട്ടുകാരെ ചൂഷണം ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ, സാധാരണ ജനങ്ങൾ അവരെ വെറുപ്പോടെയാണ് കണ്ടിരുന്നത്. അങ്ങനെയുള്ള ലേവിയോടാണ് യേശു തന്നെ അനുഗമിക്കാൻ പറയുന്നത്. ലേവിയുടെ പ്രതികരണം പെട്ടെന്നായിരുന്നു. അയാൾ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കുന്നു. ലേവിയുടെ ഈ പ്രതികരണം നമുക്ക് മാതൃകയാണ്. യേശുവിന്റെ വിളിയോടുകൂടെ ലേവിയിൽ
മാനസാന്തരം ഉണ്ടാകുന്നു. ഇത്രയും നാൾ പണത്തിനും അധികാരത്തിനും സുഖസൗകര്യത്തിനും പ്രാധാന്യം കൊടുത്തിരുന്ന ലേവിയുടെ കാഴ്ചപ്പാടുകൾ എല്ലാം മാറുകയാണ്. അയാൾ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കുന്നു.

പത്രോസും യാക്കോബും യോഹന്നാനും എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു എന്ന് ലൂക്ക 5:11-ൽ കാണാം. ലൂക്ക 18:28-ൽ പത്രോസ് യേശുവിനോട് പറയുന്നുണ്ട്, “ഞങ്ങൾ എല്ലാം ഉപേക്ഷിച്ചു അങ്ങയെ അനുഗമിചിരിക്കുന്നു” എന്ന്. യേശു ശിഷ്യരാകാൻ അത്യാവശ്യം വേണ്ടത്, യേശുവിൽ നിന്നും നമ്മെ അകറ്റാൻ സാധ്യതയുള്ള എല്ലാറ്റിൽ നിന്നുമുള്ള വിടുതൽ ആണ്.

എല്ലാം ഉപേക്ഷിച്ചു യേശുവിനെ അനുഗമിക്കുക എന്നതിന്റെ അർത്ഥം, യേശുവിനെ യജമാനനായി അംഗീകരിച്ച്, അവിടുത്തേക്ക്‌ വിധേയരായി ജീവിക്കുക എന്നതാണ്. യേശുവിനെ അനുഗമിക്കാൻ വേണ്ടി എല്ലാം ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്ന ഒരാളെയും വചനം നമുക്ക് പരിചയപ്പെടുത്തിത്തരുന്നുണ്ട്. ലൂക്ക18:18-24-ൽ ഒരു അധികാരിയോട് യേശു പറയുന്നു: “നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക, പിന്നീട് വന്ന് എന്നെ അനുഗമിക്കുക”. പക്ഷെ, അയാളുടെ പ്രതികരണം സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “ഇതുകേട്ടപ്പോൾ അവൻ വളരെ വ്യസനിച്ചു. കാരണം, അവൻ വലിയ ധനികനായിരുന്നു”.
ഈ അധികാരിയും ലേവിയും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്: ഒരാൾ ലോകത്തിനും
സമ്പത്തിനും വേണ്ടി യേശുവിനെ ഉപേക്ഷിച്ചു; അപരൻ യേശുവിനുവേണ്ടി ലോകത്തെയും സമ്പത്തിനെയും ഉപേക്ഷിച്ചു.

യേശു മറ്റൊരവസരത്തിൽ പറയുന്നു: “രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും സാധിക്കുകയില്ല. ഒന്നുകിൽ, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കിൽ ഒരുവനെ
ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല” (മത്തായി 6 :24 ). പലപ്പോഴും നമ്മുടെ ചിന്ത, രണ്ട് വഞ്ചിയിലും കാലു വച്ച് ലോകത്തെയും യേശുവിനെയും ഒരുപോലെ കൊണ്ട് നടക്കാം എന്നാണ്. ഒന്നുകിൽ ലോകത്തെ ഉപേക്ഷിച്ചു യേശുവിന്റെ പിന്നാലെ പോകണം; അല്ലെങ്കിൽ, യേശുവിനെ ഉപേക്ഷിച്ചു ലോകത്തിന്റെ പിന്നാലെ പോകണം. ഏതു തെരഞ്ഞെടുത്താലും അതിനു പരിണിതഫലങ്ങൾ ഉണ്ട്. യേശുവിനെ
അനുഗമിക്കുന്നവൻ നിത്യജീവൻ നേടിയെടുക്കുകയാണ് ചെയ്യുന്നത്. ഈ നോമ്പ് കാലത്തെ നമ്മുടെ പരിത്യാഗ പ്രവർത്തികൾ, കൂടുതൽ തീക്ഷ്ണതയോടെ യേശുവിനെ അനുഗമിക്കുവാൻ നമ്മെ പ്രാപ്തരാക്കട്ടെ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker