ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ഞായർ
യേശുവിനെ ഒരു നോക്ക് കാണുവാൻ ആഗ്രഹിച്ച ഒരുവന്റെ കഥ. കൗതുക കാഴ്ചകൾക്കിടയിൽ എന്തൊക്കെയോ കണ്ണുകളിൽ ഒളിച്ചു വച്ച ഒരുവനെ സിക്കമൂർ മരച്ചില്ലകൾക്കിടയിൽ നിന്നും കണ്ടെത്തിയ യേശുവിന്റെ കാഴ്ചയുടെ കഥ. ചില കാഴ്ചകൾ, ചില കണ്ടുമുട്ടലുകൾ ജീവിതത്തെ മാറ്റിമറിക്കും. അവകൾ ജീവിതത്തിന് പുതിയ ദിശാബോധം നൽകും. അങ്ങനെയൊരു ദിശാബോധം ലഭിച്ചവന്റെ കഥയാണ് ഇന്നത്തെ സുവിശേഷം പ്രതിപാദ്യം.
യേശു ഒരു യാത്രയിലായിരുന്നു. തിരക്കു കൂട്ടുന്ന ഒരു ജനക്കൂട്ടം അവന്റെ ചുറ്റിലുമുണ്ട്. എല്ലാം അപരിചിതർ. അവനെ കുറിച്ചു കേട്ടറിഞ്ഞു വന്നവർ. പക്ഷേ, പെട്ടെന്ന് ഏതോ ഒരു മുന്നറിവ് പോലെ അവൻ വഴിയരികിലെ ഒരു സിക്കമൂർ മരത്തിൻ കീഴിൽ നിൽക്കുന്നു. മരത്തിനുമുകളിൽ അവനെ ഒരു നോക്ക് കാണാൻ ആഗ്രഹിച്ച ഒരുവനിരിപ്പുണ്ട്. യേശു മുകളിലേക്ക് നോക്കി പറഞ്ഞു: “സക്കേവൂസ് വേഗം ഇറങ്ങി വരുക” (v.5) ജനതിരക്കിനിടയിൽ നിന്നും തന്റെ വസ്ത്രത്തെ സ്പർശിച്ച സ്ത്രീയെ തിരിച്ചറിഞ്ഞ് അറിവ് (ലൂക്കാ 8:45). അത്തിമരത്തിൽ കീഴിലിരുന്ന നഥാനിയേലിനെ കണ്ട അതേ കാഴ്ച (യോഹ 1:48). പേര് ചൊല്ലി വിളിക്കുന്ന അനിർവചനീയമായ ഏതോ ഒരടുപ്പം. ആ പേര് ചൊല്ലിയുള്ള വെളിയിൽ ദൈവകരുണയുടെ ആർദ്രത മുഴുവനും അടങ്ങിയിട്ടുണ്ട്. മാറ്റിനിർത്തപ്പെട്ടവനോട് അഥവാ അപകർഷതാ ബോധത്താൽ മാറിനിന്നവനോട് യേശു ആവശ്യപ്പെടുന്നത് അവനോടൊപ്പമുള്ള ഒരു ദിനത്തെ വാസമാണ്. ചില വ്യക്തികളോട് ഇത്തിരിനേരം ചിലവഴിച്ചാൽ മതി അവരുടെ ഉള്ളിലെ നന്മകൾ പൂവണിയുന്നത് കാണാൻ സാധിക്കും. അങ്ങനെയൊരു പൂവണിയിലാണ് സക്കേവൂസിന്റെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്നത്.
ഒരു കാര്യം നമ്മൾ ശ്രദ്ധിക്കണം. യേശുവും സക്കേവൂസുമായുള്ള സംഭാഷണത്തിൽ ചില ആത്മീയ നേതാക്കന്മാരുടെതുപോലുള്ള ക്ലീഷേ ഡയലോഗുകൾ ഇല്ല. യേശു അവനോട് ആവശ്യപ്പെടുന്നില്ല; ‘സക്കേവൂസേ, നീ മരത്തിൽ നിന്ന് ഇറങ്ങി വന്നു മാനസാന്തരപ്പെടുക’, അല്ലെങ്കിൽ, ‘നീ ഇറങ്ങി വരുക. നമുക്ക് പ്രാർത്ഥിക്കാം പോകാം’ എന്നൊക്കെ. അങ്ങനെ യേശു പറഞ്ഞിരുന്നെങ്കിൽ അവിടെ ഒരു മാറ്റവും സംഭവിക്കില്ലായിരുന്നു. അങ്ങനെയുള്ള ഉപദേശങ്ങൾ കുറെ അവൻ കേട്ടു മടുത്തിട്ടുണ്ടാകണം. അപ്പോൾ എന്താണ് യേശുവിന്റെ പ്രത്യേകത?
യേശുവിന്റെ പ്രത്യേകത പാപത്തിന്റെ പേരിൽ ആരുടെയും അന്തസ്സിനെ ഹനിക്കുന്നില്ല എന്നതാണ്. തന്റെ മുൻപിൽ വരുന്ന ആരോടും ‘നീ പാപം ചെയ്തു’, ‘നീ ഒരു പരിഹാരം ചെയ്യണം, ഏറ്റു പറയണം’ എന്നൊക്കെ പറയുന്നില്ല. പാപികളോട് അവൻ പറയുന്നത് ഒരേയൊരു കാര്യമാണ് ‘എനിക്ക് നിന്റെ വീട്ടിൽ വരണം’, ‘നിന്റെ ലോകത്തിൽ പ്രവേശിക്കാൻ എനിക്ക് ആഗ്രഹമുണ്ട്’. ചില യാഥാസ്ഥിതിക ആത്മീയ നേതാക്കൾ ചെയ്യുന്നതുപോലെ അവരുടെ മനോവിചാരങ്ങളിലേക്ക് അനുയായികളെ കൊണ്ടുപോയി അടിമയാക്കുന്നത് പോലെയല്ല യേശുവിന്റെ രീതിശാസ്ത്രം. അവൻ കടന്നു വരുന്നത് നിന്റെ ഭവനത്തിലേക്കാണ് നിന്റെ ലോകത്തിലേക്കാണ്. അവൻ ആഗ്രഹിക്കുന്നത് നിന്റെ ലാളിത്യത്തിൽ പങ്കുചേരാനും നിന്റെ ഭാഷ സംസാരിക്കാനുമാണ്. കണ്ടുമുട്ടലുകളിൽ ഒരു വ്യവസ്ഥയും വയ്ക്കാത്തവനാണ് യേശു. എന്തെന്നാൽ കരുണയിൽ വ്യവസ്ഥയില്ല. അവിടെ ഒരു ഉപാധിയുമില്ല.
“എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു” (v.5). ഒരു നോക്ക് കണ്ടാൽ മതി എന്നാഗ്രഹിച്ച ആ ആരാധ്യപുരുഷൻ ഇപ്പോൾ ഒരു അതിഥിയായി വീട്ടിലേക്ക് വരുന്നു. അവന്റെ വീട്ടിലെ ഭക്ഷണ മേശയിലെ ആനന്ദത്തിലേക്കാണ് അവൻ കടന്നു വന്നത്. സൗഹൃദത്തിന്റെ ഇടമാണ് ഭക്ഷണ മേശ. നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ സ്വതേയുള്ള ജൈവികത പൂവിടുന്ന ഏറ്റവും സുന്ദരമായ ഇടം ഭക്ഷണ മേശയാണ്. ഇപ്പോഴിതാ ഒരു ഭവനത്തിലെ ഭക്ഷണ മേശയ്ക്ക് ചുറ്റും ചുങ്കക്കാരും പാപികളും. അവരുടെ ഒത്ത നടുവിലായി യേശുവും. സുവിശേഷകൻ സഭയുടെ മനോഹരമായ ഒരു ചിത്രമാണ് ഇവിടെ വരച്ചിരിക്കുന്നത്. സക്കേവൂസിന്റെ ഭവനം പോലെയാണ് സഭ. ഈ ഭവനത്തിൽ ഉള്ളത് വിശുദ്ധിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം പാപികൾ തന്നെയാണ്. സുവിശേഷം ചിത്രീകരിക്കുന്ന ഈ ഭവനത്തിന്റെയും ഭക്ഷണ മേശയുടെയും ചിത്രം ഒന്നു ഭാവനയിൽ കാണണം. എന്നിട്ട് ആ കൂട്ടത്തിൽ നീയും ഉണ്ടോ എന്ന് തിരയണം. ചിലപ്പോൾ നമ്മൾ ഭവനത്തിന് പുറത്തുപോയി നിൽക്കും. എന്തിനെയും ഏതിനെയും കാകദൃഷ്ടിയുടെ കാണുന്ന ആ ഫരിസേയ കൂട്ടത്തിന്റെ കൂടെ.
വ്യക്തികളുമായി യേശു ഇടപെടുന്ന ശൈലി നോക്കുക. പാപികളോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് – അതായത് അവരുടെ ജീവിതത്തിന്റെ ഭാഗമായിമാറി – അവരിൽ മാറ്റമുണ്ടാക്കുന്നു. അവൻ പ്രസംഗപീഠത്തിൽ കയറി മാനസാന്തരപ്പെട്ടുവിൻ എന്ന് ഉച്ചത്തിൽ അലറുന്നില്ല. മറിച്ച് അവൻ എളിയവരുടെ ഇടത്തിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. അവരുടെ മിഴികളോട് ചേർന്ന് നിന്ന് ഹൃദയത്തിൽ അലിഞ്ഞുചേരുകയാണ്. സ്നേഹം പകുത്തു നൽകി അവൻ അവരിൽ മാറ്റമുണ്ടാക്കുന്നു. അത് അവരുടെ തകർന്നുപോയ ജീവിതത്തിന്റെ കണ്ണികളെ കൂട്ടിയോജിപ്പിക്കുന്നു.
സക്കേവൂസിന്റെ മാറ്റം ശ്രദ്ധിക്കുക. യേശു അവനോട് എന്തെങ്കിലും ആവശ്യപ്പെട്ടോ എന്ന് സുവിശേഷം വ്യക്തമാക്കുന്നില്ല. പക്ഷേ അവൻ ഒരു തീരുമാനം എടുക്കുന്നുണ്ട്: “കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു” (v. 8). എന്താണ് ഈയൊരു തീരുമാനത്തിന് പിന്നിലുള്ള ചേതോവികാരം? രണ്ടു രീതിയിൽ ഇതിനെ മനസ്സിലാക്കാം. ഒന്ന്, ചെയ്തു പോയ പാപങ്ങൾക്കുള്ള യഥാർത്ഥമായ പരിഹാരം. ഒരു പാപിയുടെ മാനസാന്തരത്തിന്റെ ചിത്രം എന്നു വേണമെങ്കിൽ ഇതിനെ പറയാം. രണ്ട്, നിഷ്കളങ്കത തെളിയിക്കാനുള്ള ശ്രമം. താൻ ആരെയും വഞ്ചിച്ചിട്ടില്ല എന്ന് തെളിയിക്കാനുള്ള ആഗ്രഹം. നീതിമാനായ സാമുവൽ പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഇങ്ങനെയുള്ള ശൈലി ഉപയോഗിച്ചിട്ടുള്ളതായി കാണാൻ സാധിക്കും (1 സാമൂ 12:1-5).
യേശുവിന്റെ കാരുണ്യവും സൗഹൃദവും നൽകുന്ന ആന്തരികമായ ഒരു അനക്കവും താപവുമാണ് സക്കേവൂസിൽ മാറ്റം ഉണ്ടാകുന്നത്. യേശു അവൻ ചെയ്ത പാപങ്ങളുടെയും തെറ്റുകളുടെയും ഒരു ലിസ്റ്റ് നിരത്തിയില്ല. അവന്റെ നേർക്ക് വിരൽ ചൂണ്ടിയില്ല. അവനെ വിധിച്ചില്ല. മറിച്ച് അവനു സൗഹൃദം നൽകി. അവനെ വിശ്വസിച്ചു. അവനോടൊപ്പം ചേർന്നുനിന്നു. അങ്ങനെ സക്കേവൂസിന് സ്നേഹം അനുഭവിക്കാൻ സാധിച്ചു. യോഗ്യതയില്ലാത്ത സ്നേഹം. അകാരണമായ സ്നേഹം. ആ സ്നേഹത്തിനു മുന്നിൽ വീണ്ടും ജനിക്കുകയല്ലാതെ മറ്റൊന്നും അവനു സാധ്യമല്ലായിരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.