Sunday Homilies

യേശുവിന്റെ ഉത്ഥാനവും ശിഷ്യന്മാരുടെ മനസ്സിലെ ചോദ്യങ്ങളും

യേശുവിന്റെ ഉത്ഥാനവും ശിഷ്യന്മാരുടെ മനസ്സിലെ ചോദ്യങ്ങളും

പെസഹാക്കാലം മൂന്നാം ഞായർ

ഒന്നാംവായന : അപ്പൊ. 3:12a, 13-15, 17-19
രണ്ടാംവായന : 1യോഹന്നാൻ 2:1-15
സുവിശേഷം : വി. ലൂക്കാ 24: 35-48

ദിവ്യബലിക്ക് ആമുഖം

ഉത്ഥാനത്തിനുശേഷം ശിഷ്യന്മാരുടെ ഇടയിൽ പ്രത്യക്ഷനാകുന്ന യേശു അവരുടെ സംശയങ്ങളെല്ലാം ദുരീകരിച്ചതിന് ശേഷം, അവരെ ഈ ലോകം മുഴുവനെയും അനുതാപത്തിലേയ്ക്ക് ക്ഷണിക്കുവാനും, ഉത്ഥിതനായ ക്രിസ്തുവിനു സാക്ഷികളാകുവാനും വേണ്ടി ഒരുക്കുകയാണ്. യേശുവിനാൽ ഭരമേല്പിക്കപ്പെട്ട ഈ ദൗത്യം വി. പത്രോസ് തന്റെ പ്രസംഗത്തിൽ നിർവഹിക്കുന്നത് ഇന്നത്തെ ഒന്നാം വായനയിൽ നാം ശ്രവിക്കുന്നു. അഥവാ നാം പാപം ചെയ്യുകയാണെങ്കിൽ പിതാവിന്റെ മുമ്പിൽ നീതിമാനായ ക്രിസ്തു മദ്ധ്യസ്ഥനയുണ്ടെന്ന് രണ്ടാം വായന വിവരിക്കുന്നു . തിരുവചനങ്ങൾക്കനുസൃതമായി അനുതപിച്ച് വിശുദ്ധമായൊരു മനസോടെ ഈ തിരുബലി നമുക്കർപ്പിക്കാം.

ദൈവവചന പ്രഘോക്ഷണകർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

പെസഹാ കാലത്തിലെ ഈ മൂന്നാം ഞായറാഴ്ച മാത്രമാണ് വി. ലൂക്കയുടെ സുവിശേഷം വിചിന്തനത്തിനായി തിരുസഭ നമുക്ക് തരുന്നത്. മറ്റുള്ള ഞായറാഴ്ചകളിലെല്ലാം വി. യോഹന്നാന്റെ സുവിശേഷമാണ് നാം ശ്രവിക്കുന്നത്. തിരുസഭ വി. ലൂക്കയുടെ സുവിശേഷത്തിലെ അവസാന അധ്യായത്തിലെ അവസാന തിരുവചനങ്ങൾ നമുക്കായി നൽകിക്കൊണ്ട് ആദിമ ക്രൈസ്തവരുടെ ഇടയിൽ നിലനിന്നിരുന്ന -നമ്മുടെ ഉള്ളിലും നിലനിൽക്കുന്ന മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.

-ഒന്നാമത്തെ ചോദ്യം : എങ്ങനെയാണ് ക്രൂശിതനായവൻ “മിശിഹാ ” എന്ന രക്ഷകനാകുന്നത്?

-രണ്ടാമത്തെ ചോദ്യം :  ഉത്ഥാനം യാഥാർഥ്യമാണോ? അതോ ശിഷ്യന്മാരുടെ ഭാവനയിൽ തെളിഞ്ഞ ആശയം മാത്രമാണോ?

-മൂന്നാമത്തെ ചോദ്യം : എങ്ങനെയാണ് തിരുവെഴുത്തുകളിലൂടെ യേശുവിന്റെ മരണത്തെ മനസിലാക്കാൻ സാധിക്കുന്നത്?

എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർ
ജറുസലെമിലേയ്ക്ക് മടങ്ങിവന്ന് അവർക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മറ്റു ശിഷ്യന്മാരോട് സംസാരിക്കുന്ന വേളയിൽതന്നെ അവരുടെ മദ്ധ്യേ പ്രത്യക്ഷനായി അവരുടെ സംശയങ്ങൾക്കെല്ലാം മറുപടി നൽകി യേശു അവരെ ധൈര്യപ്പെടുത്തുന്നു. തന്റെ കൈകളും കാലുകളും കാണിച്ചുകൊണ്ടും അവയിൽ സ്പർശിച്ചുനോക്കാൻ അവരെ ക്ഷണിച്ചുകൊണ്ടും താൻ അരൂപിയല്ലെന്നും മറിച്ച് അസ്ഥിയും മാംസവുമുള്ള ജീവിക്കുന്ന യേശുവാണെന്ന് വ്യക്തമാക്കുന്നു. എന്തിനേറെ, അവരിൽ നിന്ന് ഭക്ഷണം ചോദിച്ചുവാങ്ങി ഭക്ഷിച്ചുകൊണ്ട് അവരുടെ സംശയത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നു.

മോശയുടെ നിയമത്തിലും  പ്രവാചകന്മാരിലും സങ്കീർത്തനത്തിലും (പഴയ നിയമത്തിൽ) യേശുവിനെക്കുറിച്ച് പറയപ്പെട്ടവയെല്ലാം വീണ്ടും വിശദീകരിച്ചുകൊണ്ട് ക്രൂശിതനായ താൻ തന്നെയാണ് രക്ഷകനായ ക്രിസ്തു എന്ന് വ്യക്തമാക്കുന്നു.

താൻ ഉത്ഥിതനായ, ജീവിക്കുന്ന ക്രിസ്തുവാണെന്ന് ശിഷ്യന്മാർക്ക് വെളിപ്പെടുത്തിക്കൊണ്ട് അവർക്ക് യേശു ദൗത്യം ഏൽപ്പിക്കുന്നു. പാപമോചനത്തിനുള്ള അനുതാപം യേശുവിന്റെ നാമത്തിൽ ജറുസലേമിൽ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കുവാൻ പറയുന്നു. ഉത്ഥാനത്തിനു മുൻപ് ഗലീലിയായിലും യൂദയായിലും ജറുസലേമിലും മാത്രം മുഴങ്ങിക്കേട്ട യേശുവിന്റെ വചനം ഉത്ഥാനത്തിനു ശേഷം ശിഷ്യന്മാരിലൂടെ ജനതകളുടെ ഇടയിലേക്ക്, ലോകം മുഴുവൻ പ്രഘോഷിക്കപെടുകയാണ്. അക്കാരണത്താലാണു , ഒന്നാം വായനയിൽ വി. പത്രോസ് തന്റെ പ്രസംഗത്തിൽ ‘യേശുവിനെതിരെ യഹൂദർ ചെയ്ത പ്രവർത്തി അജ്ഞതമൂലമാണെന്നും അതിനാൽ പാപങ്ങൾ മായിച്ചു കളയാൻ പശ്ചാത്തപിച്ച് ദൈവത്തിങ്കലേയ്ക്ക് തിരിയുവാനും’ ആഹ്വാനം ചെയ്യുന്നത്. അനുതാപത്തിലൂടെയും ക്ഷമയിലൂടെയും മാത്രമേ പുതിയൊരു ജീവിതം കെട്ടിപ്പടുക്കുവാൻ സാധിക്കുകയുള്ളൂ.

രണ്ടാമതായി യേശു പറയുന്നത്; “നിങ്ങൾ ഇവയ്ക്ക് സാക്ഷികളാണ് ”  എന്നാണ്. ശിഷ്യന്മാർ മാത്രമല്ല, ഈ ദേവാലയത്തിൽ ഒരുമിച്ച് കൂടി യേശുവിന്റെ ശരീരം സ്പർശിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന നാം ഓരോരുത്തരും ഇതിന് സാക്ഷികളാണ്.
കായിക ലോകത്തെ ദീപശിഖാ പ്രയാണം പോലെയാണ് സാക്ഷ്യവും – ഒരു വ്യക്തിയിൽ നിന്ന് തീ അണയാതെ മറ്റൊരു വ്യക്തിയിലേക്ക് കൈമാറ്റം ചെയ്യപ്പെടണം. അത് സ്വീകരിച്ചവൻ താൻ സ്വീകരിച്ച അഗ്നിയുമായി പ്രയാണം തുടരുന്നു. ക്രൈസ്തവ വിശ്വാസ സാക്ഷ്യവും ഇതുപോലെയാണ്. നമ്മുടെ കൈകളിൽ നിന്ന് തീ അണയാതെ പുതിയ തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടണം.
ആമേൻ.

ഫാ. സന്തോഷ് രാജൻ

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker