യുവതികളുടെ നേതൃത്വത്തില്‍ മാതാവിന്‍റെ ചപ്രപ്രദക്ഷിണം വ്യത്യസ്തമായി
യുവതികളുടെ നേതൃത്വത്തില്‍ മാതാവിന്‍റെ ചപ്രപ്രദക്ഷിണം വ്യത്യസ്തമായി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ജപമാലമാസാചരത്തിന്‍റെ സമാപനം കുറിച്ച് വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ തീര്‍ത്ഥാടന ദേവാലയത്തില്‍ യുവതികളുടെ നേതൃത്വത്തില്‍ നടന്ന ചപ്രപ്രദക്ഷിണം വ്യത്യസ്തമായി.
മാതാവിന് സമര്‍പ്പണമായി ഇടവകയിലെ 20 യുവതികളാണ് ചപ്രം തോളിലേറ്റി പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. ഒരാഴ്ചയോളം പ്രത്യേകം പ്രാര്‍ഥനയും ഉപവാസവും അനുഷ്ടിച്ചാണ് യുവതികള്‍ ചപ്രപ്രദക്ഷിണത്തില്‍ പങ്കെടുത്തത്. ഇത് രണ്ടാം തവണയാണ് യുവതികളുടെ നേതൃത്വത്തിലുളള ചപ്രപ്രദക്ഷിണം നടക്കുന്നത്.
ദേവാലയത്തില്‍ നടന്ന ജപമാലമാസാചരണത്തിന്‍റെ സമാപന തിരുകർമ്മങ്ങള്‍ക്കും പൊന്തിഫിക്കല്‍ ദിവ്യബലിക്കും നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ജീവത പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ ഏറ്റവും വലിയ മാര്‍ഗ്ഗം മാതാവിനോടുളള ഭക്തിയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. ജപമാല നല്‍കുന്നത് സമാനതകളില്ലാത്ത ആത്മീയ ഉണര്‍വാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ഇടവക വികാരി ഫാ.എസ്.എം. അനില്‍കുമാര്‍, സഹവികാരി ഫാ.വിപിന്‍ എഡ്വേര്‍ഡ്, ഫാ.ജിപിന്‍ദാസ്, ഫാ.ജോണ്‍ എല്‍, ഫാ.ക്രിസ്പിന്‍ തുടങ്ങിയവരും തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.
ദിവ്യബലിക്ക് ശേഷം നടന്ന ചപ്രപ്രദക്ഷിണം കുന്നുവിള പോയി തിരികെ ദേവാലയത്തില്‍ സമാപിച്ചു.