യുക്രെയ്നു വേണ്ടി പാപ്പയോടൊപ്പം പ്രാര്‍ഥനയില്‍ അണിചേര്‍ന്ന് കേരള ലത്തീന്‍ സഭ
കൊച്ചി രൂപതയിലെ( കെസിവൈഎം) കേരള കത്തോലിക്കാ യുവജന സഖ്യം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി
സ്വന്തം ലേഖകന്‍
കൊച്ചി : വിഭൂതി തിരുന്നാള്‍ ദിനമായ ഇന്ന് പ്രാര്‍ത്ഥനയിലും ഉപവാസത്തിലും തീവ്രമായി സ്വയം അര്‍പ്പിക്കാന്‍ എല്ലാ വിശ്വാസികളെയും ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള ലത്തീന്‍ കത്തോലിക്ക സഭയിലെ മെത്രാന്മാരും വൈദീകരും അല്‍മായരും സന്യസ്തരും യുവജനങ്ങളും, കുട്ടികളും ഉള്‍പ്പെട്ട വിശ്വാസസമൂഹം വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.
വരാപ്പുഴ അതിരൂപത മെത്രാന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ യുക്രെയ്ന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. ആയുധങ്ങള്‍ താഴെയിടുന്നതിനും എത്രയുംവേഗം സമാധാനം സ്ഥാപിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് അദ്ദേഹം വിശ്വാസികളോടു ആവശ്യപ്പെട്ടു. നാളയെ ഓര്‍ത്തു ഭയപ്പെട്ട് ഉത്കണ്ഠയോടെ കഴിയുന്ന എല്ലാവരുടെയും മേല്‍ ദൈവത്തിന്‍റെ ആശ്വാസത്തിന്‍റെ ആത്മാവ് അയയ്ക്കണമെന്നും ജ്ഞാനത്താലും,വിവേകത്താലും, അനുകമ്പയാലും രാഷ്ട്രീയനേതാക്കളുടെ തീരുമാനങ്ങളെ നയിക്കുകയും രൂപപ്പെടുത്തുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിച്ചു. യുദ്ധ ഭീഷണിയില്‍ വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും ആശ്വസിപ്പിക്കണമെന്നും സുരക്ഷതേടി പലായനം ചെയ്യുന്ന എല്ലാ മക്കളെയും സംരക്ഷിക്കണമെന്നും യുദ്ധ ഭീതിയില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് സമാധാനം നല്‍കണമെന്നും ബിഷപ്പ് വിശ്വാസികളോടൊപ്പം ചേര്‍ന്നു പ്രാര്‍ത്ഥനയര്‍പ്പിച്ചു. സമാധാനവും ജനങ്ങളുടെമേല്‍ സുരക്ഷയും ഉറപ്പാക്കാന്‍ രാഷ്ട്ര നേതാകള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥനയര്‍പ്പിച്ചു. യുക്രെയ്നില്‍ സമാധാനം പുലരുന്നതിനായി വരാപ്പുഴ അതിരൂപത അല്‍മായ സംഘടനകളുടെ നേതാക്കള്‍ അഭിവന്ദ്യ പിതാവിനോടു ചേര്‍ന്ന് ദീപം തെളിച്ചു പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.
വിജയപുരം രൂപത മെത്രാന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ വിമലഗിരി കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ തിരികള്‍ കത്തിച്ചു പിടിച്ചുകൊണ്ടാണ് യുക്രെയ്ന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. ദിവ്യബലി മധ്യേ അദ്ദേഹം യുദ്ധമവസാനിപ്പിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞ ബിഷപ്പ് റഷ്യയ്ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളോടു ആവശ്യപ്പെട്ടു. ആണവായുധങ്ങളുടെ ആക്രമണം യുക്രെയിനിലും, റഷ്യയിലും മാത്രമല്ല അതിനു ചുറ്റിലും, യൂറോപ്പിലും, ലോകം മുഴുവനിലും അതിന്‍റെ പ്രത്യാഘാതങ്ങളുണ്ടാക്കും എന്നും പറഞ്ഞു. ഈ ദുരിതത്തിലേക്ക് പോകാതിരിക്കാന്‍ ലോകത്തിന്‍റെ പ്രകാശമായ ക്രിസ്തുനാഥന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് തെളിച്ചം നല്‍കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് കത്തിച്ച തിരികള്‍ കൈകളിലേന്തി വിശ്വാസികളോടൊപ്പം വിജയപുരം രൂപത മെത്രാന്‍ ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.
പുനലൂര്‍ രൂപത മെത്രാന്‍ ബിഷപ്പ് സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍ പാപ്പായുടെ ആഹ്വാനത്തോടെനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ വിഭൂതി ബുധനാഴ്ച അര്‍പ്പിച്ച ദിവ്യബലിമധ്യേ നടത്തി. യുക്രെയ്നില്‍ യുദ്ധ അന്തരീക്ഷം മാറാനും ലോകം മുഴുവനും പ്രാര്‍ത്ഥനയിലായിരിക്കാന്‍ ആഹ്വാനം ചെയ്യ്ത പിതാവ് സമാധാനത്തിനായ പരിശ്രമിക്കുന്ന ഫ്രാന്‍സിസ് പാപ്പായോടു ചേര്‍ന്ന് തന്‍റെ രൂപതാ മക്കളോടൊപ്പം അദ്ദേഹം പ്രാര്‍ത്ഥനയിലൂടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ആലപ്പുഴ രൂപതയില്‍ അഭിവന്ദ്യ ജെയിംസ് ആനാപ്പറമ്പില്‍ മെത്രാന്‍റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യ ആരാധന അര്‍പ്പിക്കപ്പെട്ടു. സുല്‍ത്താന്‍പേട്ട മെത്രാന്‍ തമിഴ് ഭാഷയിലാണ് ദിവ്യബലിയര്‍പ്പിച്ചത്. ലോകത്തിന്‍റെ സമാധാനത്തിനു വേണ്ടിയും പ്രത്യേകിച്ച് യുക്രെയിന്‍റെ സമാധാനത്തിനു വേണ്ടിയും അദ്ദേഹം പ്രാര്‍ത്ഥനകള്‍ വിശ്വാസ സമൂഹത്തോടു ചേര്‍ന്ന് അര്‍പ്പിച്ചു.
യുക്രെയ്നില്‍ നടക്കുന്ന യുദ്ധത്തിനെതിരെയുള്ള പ്രാര്‍ത്ഥനാ ദിനത്തോടനുബന്ധിച്ചു കൊല്ലം രൂപത മെത്രാന്‍ ബിഷപ്പ് പോള്‍ മുല്ലശ്ശേരി നമ്മുടെ മനസ്സില്‍ ഏറെ വേദനയുളവാക്കുന്ന യുദ്ധത്തിനെതിരെ സമൂഹമനസാക്ഷി ഉണര്‍ത്തണം എന്ന് പറഞ്ഞു.
നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍്റ് സാമുവല്‍ നെയ്യാറ്റിന്‍കര അമലോത്ഭവ മാതാ കത്തിഡ്രല്‍ ദേവാലയത്തിലാണ് തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ലോകം യുദ്ധത്തിന്‍റെ ഭീഷണിയിലും ആശങ്കയുടെ മുള്‍മുനയിലുമാണെന്ന് പറഞ്ഞ അദ്ധേഹം യുദ്ധഭീഷണി ഇല്ലാത്ത ലോകത്തിനായി എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിക്കുവാനും ആഹ്വാനം ചെയ്തു.നോമ്പ് കാലഘട്ടം ലോക നേതാക്കന്മാര്‍ക്ക് മാനസാന്തരത്തിന് കാലഘട്ടമാറാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി രൂപതയിലെ( കെസിവൈഎം) കേരള കത്തോലിക്കാ യുവജന സഖ്യം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. യുക്രെയ്നിന്‍റെ സമാധാനത്തിനുവേണ്ടി പാപ്പയോടൊപ്പം പ്രാര്‍ത്ഥിക്കാം എന്ന് വിവിധ ഭാഷകളില്‍ ആലേഖനം ചെയ്യപ്പെട്ട പ്ലക്കാര്‍ഡുകള്‍ കൈകളിലേന്തിയാണ് അവര്‍ പരിശുദ്ധ പിതാവിന്‍റെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.