യാംഗൂണ്‍: മ്യാൻമര്‍ ജനതയുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആദ്യ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ എത്തി. മ്യാന്മര്‍ പ്രസിഡന്റിന്റെ പ്രതിനിധിയും ദേശീയ മെത്രാന്‍ സമിതിയിലെ എല്ലാ അംഗങ്ങളും പാപ്പയെ സ്വീകരിക്കാന്‍ യാംഗൂണിലെ വിമാനത്താവളത്തില്‍ എത്തിയിരിന്നു. പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ച ഒട്ടേറെപ്പേരും അദ്ദേഹത്തെ സ്വീകരിക്കാനായി അണിനിരന്നിരിന്നു. കൊടികൾ വീശിയും നൃത്തം ചെയ്തും അവർ പാപ്പയ്ക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. നഗരത്തിലെ ദേവാലയത്തില്‍ നിന്നു എത്തിയ കുട്ടികള്‍ പാപ്പയ്ക്ക് പൂവ് നല്‍കിയാണ് തങ്ങളുടെ സ്നേഹം പങ്കുവെച്ചത്.
ഔദ്യോഗിക സ്വീകരണത്തിനു ശേഷം പാപ്പ യാംഗൂണിലെ ആര്‍ച്ച് ബിഷപ്പ് മന്ദിരത്തിലേക്കാണ് പോയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും 18 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ആര്‍ച്ച് ബിഷപ്പ് മന്ദിരത്തിലേക്കുള്ള യാത്രയില്‍ വഴിമദ്ധ്യേ തടിച്ചുകൂടിയ ആയിരങ്ങളെ പാപ്പ കൈവീശി കാണിച്ചു. വത്തിക്കാന്റെയും മ്യാന്മറിന്റെയും പതാകകള്‍ വീശിക്കൊണ്ടാണ് ആയിരകണക്കിന് വിശ്വാസികള്‍ വഴിയില്‍ ഉടനീളം നിന്നത്. ഇന്ന് പാപ്പയ്ക്ക് ഔദ്യോഗിക പരിപാടികള്‍ ഇല്ല. നാളെ ഉച്ചകഴിഞ്ഞു രണ്ടിന് യാംഗൂണില്‍ നിന്ന് തലസ്ഥാനമായ നായിപ്പിഡോയിലേക്ക് പാപ്പയും സംഘവും പുറപ്പെടും. 30വരെയാണ് പാപ്പയുടെ മ്യാൻമര്‍ സന്ദര്‍ശനം.