Kerala

മോണ്‍. ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം വല്ലാര്‍പാടം ബസിലിക്കയിൽ ജൂണ്‍ 30 ന്

വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍  മുഖ്യകാര്‍മ്മികത്വം വഹിക്കും...

ജോസ് മാർട്ടിൻ

വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോണ്‍. ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം2024 ജൂണ്‍ 30 ഞായറാഴ്ച വൈകുന്നേരം വല്ലാര്‍പാടം ദേശീയ തീര്‍ത്ഥാടനകേന്ദ്ര ബസിലിക്കയിൽ വെച്ച് നടത്തപ്പെടും. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍  മുഖ്യകാര്‍മ്മികത്വം വഹിക്കും. വരാപ്പുഴ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കോട്ടപ്പുറം രൂപതാ മുന്‍ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവര്‍ മുഖ്യസഹകാര്‍മ്മികരായിരിക്കും. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും കോഴിക്കോടു രൂപതാ മെത്രാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കലായിരിക്കും വചനപ്രഘോഷണം നടത്തുക. ചടങ്ങിൽ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള നിരവധി ബിഷപ്പുമാര്‍ പങ്കെടുക്കുമെന്ന് വരാപ്പുഴ അതിരൂപതാ മെത്രാസന മന്ദിരത്തിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ പി.ആർ.ഒ. ഫാ.യേശുദാസ് പഴമ്പിള്ളി അറിയിച്ചു.

തുടര്‍ന്ന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സീറോമലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കാര്‍ഡിനല്‍ ക്ലിമ്മിസ് കാതോലിക്ക ബാവ, സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ജുവാന്‍ പാബ്ലോ സെറി ലോസ് ഹെര്‍ണാന്‍ഡസ് എന്നിവര്‍ പങ്കെടുക്കും.

മോണ്‍. ആന്റണി വാലുങ്കല്‍

എരൂര്‍ സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ പരേതരായ മൈക്കിളിന്റെയും ഫിലോമിനയുടെയും മകനായി 1969 ജൂലൈ 26ന് ജനിച്ചു . 1984 ജൂണ്‍ 17ന് വൈദികപരിശീലനത്തിനായി മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ആലുവ കാര്‍മ്മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്രപഠനവും മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി. 1994 ഏപ്രില്‍ 11-ന് അഭിവന്ദ്യ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പിതാവില്‍നിന്നും അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു.

പൗരോഹിത്യ ജീവിതത്തിന്റെ ആദ്യനാളുകളില്‍ പൊറ്റക്കുഴി, വാടേല്‍ എന്നീ ഇടവകകളില്‍ സഹവികാരിയായി സേവനം ചെയ്ത ഡോ. ആന്റണി വാലുങ്കല്‍ പിന്നീട് വൈദികവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ടു. ഏഴു വര്‍ഷക്കാലം മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, വിയാനിഹോം സെമിനാരി ഡയറക്ടര്‍, ജോണ്‍പോള്‍ ഭവന്‍ സെമിനാരിയുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു.

തുടര്‍ന്ന് ഉപരിപഠനത്തിനായി അയക്കപ്പെട്ട അദ്ദേഹം ബാംഗ്ലൂരിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പിരിച്ച്വാലിറ്റിയില്‍ നിന്നും ആദ്ധ്യാത്മിക ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും, ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. തുടന്ന്, ആലുവ കാര്‍മ്മല്‍ഗിരി സെമിനാരി സ്പിരിച്ച്വല്‍ ഡയറക്ടര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ നിയമിതനായി.

വല്ലാര്‍പാടം ബസിലിക്ക റെക്ടറായി പ്രവർത്തിച്ചു വരവേയാണ് ഡോ. ആന്റണി വാലുങ്കല്‍  അതിരൂപതാ സഹായമെത്രാനായി നിയമിതനായത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker