മുപ്പത്തിനാല് വർഷങ്ങളായി ദു:ഖസാന്ദ്രമായ മരമണിമുഴക്കി ജസ്റ്റിൻ മാസ്
സാധാരണ ഉപയോഗിക്കുന്ന ഓട്ടുമണികൾക്ക് ദു:ഖഭാവം നൽകുവാൻ സാധിക്കുന്നില്ല എന്നതിനാലാണ് മരമണികൾക്ക് രൂപം നൽകിയത്...
ജോസ് മാർട്ടിൻ
ആലപ്പുഴ: ദുഖവെള്ളിയാച്ച ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയത്തിലെ ശോകസാന്ദ്രമായ നഗരികാണിക്കൽ പ്രദിക്ഷണവേളയിൽ മുപ്പത്തിനാല് വർഷങ്ങളായി പാസ്ക്ക് രൂപത്തിന് മരമണിമുഴക്കുന്നത് ജസ്റ്റിൻ മാസാണ്. സുഹൃത്തുക്കൾക്കൊപ്പം താൻ ഇത് ഒരു നേർച്ചയായി തുടരുകയാണെന്ന് ജസ്റ്റിൻ മാസ് കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
കുഞ്ഞുനാൾ മുതൽ മരണിയുടെ പ്രത്യേകതയും, ശബ്ദവും അദ്ദേഹത്തെ ഏറെ സ്വാധീച്ചിരുന്നുവെന്നും 1988-ൽ ഈട്ടി തടിയിൽ മരപണിക്കാരനെ കൊണ്ട് അദ്ദേഹം ഒരു മരമണി നിർമ്മിച്ചിരുന്നു. ഒൻപത് മരമണി വരെ ഇപ്പോൾ സ്വന്തമായി അദ്ദേഹത്തിന്റെ പക്കലുണ്ട്. മരമണിയുടെ പ്രത്യേകത അതിന്റെ ശബ്ദത്തിലാണെന്നും, ഈട്ടി തടിയിൽ നിർമ്മിക്കുന്ന മരമണികൾക്ക് മാത്രമേ ആ പ്രത്യേക ശബ്ദം ലഭിക്കുകഉള്ളുവെന്നും ജസ്റ്റിൻ മാസ് പറയുന്നു.
മരമണികളുടെ ചരിത്രം:
ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹാവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ ഉപയോഗിക്കുന്ന തടി കൊണ്ട് നിർമ്മിച്ച മരമണികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയാണ് ഇവ ആദ്യമായി നിർമ്മിച്ചത്. സാധാരണ ഉപയോഗിക്കുന്ന ഓട്ടുമണികൾക്ക് ദു:ഖഭാവം നൽകുവാൻ സാധിക്കുന്നില്ല എന്നതിനാലാണ് അദ്ദേഹം മരമണികൾക്ക് രൂപം നൽകിയത്. പിന്നീട് പീഡാനുഭവ രംഗങ്ങളിലും ഇവ ഉപയോഗിച്ചുതുടങ്ങി.
സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള മിഷണറിമാരാണ് കേരളത്തിൽ ഇവ കൊണ്ടുവന്നതെന്നും, വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് മരമണി ഭാരതത്തിൽ പ്രചരിപ്പിച്ചതെന്നും പറയപ്പെടുന്നു.