മുതിയാവിള വലിയച്ചന് ദൈവദാസന് പദവിയില്‍ പ്രാര്‍ഥനയോടെ മുതിയാവിളയിലെ വിശ്വാസി സമൂഹം
ഫാ.അദെയോദാത്തൂസിന്റെ ദൈവദാസന് പദവി പ്രഖ്യാപനം 20-ന്

അനിൽ ജോസഫ്
കാട്ടാക്കട: “മുതിയാവിള വലിയച്ചന്” എന്നറിയപ്പെടുന്ന മിഷണറിയും കര്‍മ്മലീത്താ വൈദികനുമായ ഫാ.അദെയോദാത്തൂസ് അച്ചന്റെ ദൈവദാസന് പദവി പ്രഖ്യാപനത്തില്‍ പ്രാര്‍ഥനയോടെ മുതിയാവിള സെന്റ് ആല്‍ബര്‍ട്ട് ദേവാലയം.
1947-ല്‍ മുതിയാവിള കേന്ദ്രീകരിച്ച് കാട്ടാക്കട താലൂക്കിലെ തൂങ്ങാംപാറ, കളളിക്കാട്, തേക്കുപാറ, ചെട്ടിക്കുന്ന്, കണ്ടംതിട്ട, വാവോട്, മുകുന്തറ, കുരുതംകോട്, ചെമ്പനാകോട്, മായം, അമ്പൂരി, കുളവ്പാറ ഇടവകകളിലാണ് ഫാ.അദെയോദാത്തൂസ് സേവനമനുഷ്ടിച്ചത്. കാല്‍നടയായും സൈക്കിളിലും കിലോമീറ്ററുകള്‍ താണ്ടി അച്ചന് നടത്തിയ മിഷണറി പ്രവര്‍ത്തനംത്തിന്റെ ആത്മീയ ചൈതന്യം നേരിട്ട് ലഭിച്ചവരും പങ്കാളികളായവരും ഇന്നും ജീവിച്ചിരിപ്പുണ്ട്.
വനപ്രദേശമായിരുന്ന മായം, അമ്പൂരി പ്രദേശങ്ങളില്‍ സേവനമനുഷ്ടിച്ച 20 കൊല്ലവും മുതിയാവിളയില്‍ നിന്നും കാല്‍നടയായാണ് അച്ചന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നത്. മുതിയാവിള കര്‍മ്മമണ്ഡലമാക്കി 20 വര്‍ഷത്തോളം ഫാ.അദെയോദാത്തൂസ് സേവനമനുഷ്ടിച്ചു. തമാശ കലര്‍ന്ന സംസാര രീതിയും നീളന്‍ താടിയും മീശയുമായി കാഷായ വസ്ത്രം ധരിച്ച് സൈക്കിളില്‍ സഞ്ചരിച്ച് മിഷന് പ്രവര്‍ത്തനം നടത്തിയിരുന്ന അച്ചനെ ഇതര മതസ്ഥരും സ്നേഹവായ്പോടെയാണ് കണ്ടിരുന്നത്.
മായം സെന്റ് മേരീസ് ദേവാലയവും, അമ്പൂരി സെന്റ് ജോര്‍ജ്ജ് ദേവാലയവും പില്ക്കാലത്ത് അച്ചന് തന്നെ ചങ്ങനാശ്ശേരി രൂപതക്ക് കീഴില്‍ സീറോമലബാര്‍ സഭക്ക് നല്കി. 1896-ലെ ഒന്നാംലോക മഹായുദ്ധകാലത്ത് നടത്തിയ പട്ടാളസേവനത്തിനിടെ അതുരശുശ്രൂഷാ രംഗത്ത് ലഭിച്ച പരിചയം, മുതിയാവിളയില്‍ പില്ക്കാലത്ത് പലര്‍ക്കും ലഭിച്ചു. 1968 ഒക്ടോബര്‍ 20-ന് ഒരു മിഷന്‍ഞായര്‍ ദിവസം കുരുതംകോട് വിശുദ്ധ മരിയ ഗൊരേത്തി ദേവാലയത്തിലേക്ക് ദിവ്യബലിക്കായി സൈക്കിളില്‍ പോകും വഴിയില്‍ ചൂണ്ടുപലക ജംഗ്ഷനില്‍ വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വലിയച്ചന് തിരികെ മേടയിലെത്തുകയും മരിക്കുകയുമായിരുന്നു.
വലിയച്ചന് മരിക്കുമ്പോള്‍ സഹവികാരിയായിരുന്ന ഫാ.ജെയിംസ് ഞാറക്കല്‍ ഇപ്പോള്‍ നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ഫാ.ജെയിംസ് 17 വര്‍ഷക്കാലം ഫാ.അദെയോദാത്തൂസിന്റെ സഹായിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. വലിയച്ചന് ഉപയോഗിച്ചിരുന്ന ഊന്ന് വടി, പാത്രങ്ങള്‍, മിഷന് പ്രവര്‍ത്തനത്തിന് ഉപയോഗിച്ച സൈക്കിള്‍, മരണം വരെയും ഉപയോഗിച്ച കട്ടില്, ചാരുകസേര എന്നിവ മുതിയാവിള ദേവാലയത്തില്‍ “എക്സ്പോ സെന്ററില്‍” നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.
മുതിയാവിളയില്‍ അച്ചന്റെ പേരില്‍ നിര്‍മ്മിച്ചിട്ടുളള “സ്മൃതി മണ്ഡപത്തില്‍” എല്ലാ വെളളിയാഴ്ചകളിലും പ്രര്‍ഥനക്കായി നിരവധി വിശ്വാസികളാണ് എത്തുന്നത്. അച്ചന് 20 കൊല്ലം താമസിച്ച “മുതിയാവിളയിലെ പളളിമേട ചരിത്ര സ്മാരക”മാക്കാനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇടവക വികാരി ഫാ.വത്സലന്‍ ജോസ് പറഞ്ഞു.
രണ്ട് പതിറ്റാണ്ട്കാലം കാട്ടാക്കട പ്രദേശത്ത് ആത്മീയ ചൈതന്യം പകര്‍ന്ന വലിയച്ചനെ ദൈവദാസന് പദവിയില്‍ ഉയത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മുതിയാവിളയിലെ വിശ്വാസി സമൂഹം.