മിഷ്ണറീസ് ഓഫ് ചാരിറ്റിയെ അപമാനിക്കുവാനുള്ള സര്‍ക്കാരിന്റെ കള്ളപ്രചാരണം; ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
മിഷ്ണറീസ് ഓഫ് ചാരിറ്റിയെ അപമാനിക്കുവാനുള്ള സര്‍ക്കാരിന്റെ കള്ളപ്രചാരണം; ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മിഷ്ണറീസ് ഓഫ് ചാരിറ്റിയെ അപമാനിക്കുവാനുള്ള സര്‍ക്കാരിന്റെ കള്ളപ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. ലോകത്തിനുതന്നെ മാതൃകയായ മദര്‍ തെരേസ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച മിഷ്ണനറീസ് ഓഫ് ചാരിറ്റിക്കെതിരേ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. തിരുവനന്തപുരം സോഷ്യല്‍ സർവീസ് സൊസൈറ്റിയുടെ ചൈല്‍ഡ് ലൈന്‍ കൊളാബ് സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
അവശരും ആലംബഹീനരുമായ ആയിരക്കണക്കിന് ആളുകള്‍ക്ക് അഭയമായ മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക്, ഇപ്പോള്‍ ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നു. സര്‍ക്കാര്‍ സംവിധാനത്തില് നിന്ന് ഒത്തിരിയേറെ പ്രയാസങ്ങള്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് നേരിടേണ്ടിവരുന്നു.
മിഷ്ണറീസ് ഓഫ് ചാരിറ്റിയെക്കുറിച്ച് ഏത് അന്വേഷണത്തിനും തയാറാണെന്നും വ്യക്തമാക്കിയശേഷവും അവര്‍ക്കെതിരേ കള്ളപ്രചാരണം നടത്തുകയാണ്. ‘കാശിനുവേണ്ടി കച്ചവടം നടത്തുന്നു’ എന്ന പ്രചാരണം പോലും ഇവര്‍ക്കെതിരേ ഉയര്‍ത്തുകയാണ്.
സന്യസ്ഥ സമൂഹത്തിന് പിന്നാലെ സാമൂഹികപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെതിരേയും ഇപ്പോള്‍ കടന്നാക്രമണം നടത്തിയിരിക്കുന്നു. ഇതും ഏറെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.