Kerala

മിഷനറിമാരെ സംബന്ധിച്ച് മാർ റാഫേൽ തട്ടിലിന്റെ പ്രസ്താവന ചരിത്ര യാഥാർത്ഥ്യങ്ങളെ തമസ്ക്കരിക്കുന്നത്; കെ.ആർ.എൽ.സി.സി.

മാർ റാഫേൽ തട്ടിൽ, അദ്ദേഹം വഹിക്കുന്ന പദവിയുടെ വലിപ്പവും മഹത്വവും ഔന്നത്യവും എന്നും ഓർക്കേണ്ടതാണ്...

ജോസ് മാർട്ടിൻ

കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മിഷനറിമാരെ സംബന്ധിച്ച് തിരുവനന്തപൂരത്ത് നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും, ചരിത്ര യാഥാർത്ഥ്യങ്ങളെ തമസ്ക്കരിക്കുന്നതും, മിഷണറിമാരുടെ സംഭാവനകളെ നിരാകരിക്കുന്നതുമാണ്. ഇന്നത്തെ സീറോ മലബാർ സഭയ്ക്ക് കത്തോലിക്ക വിശ്വാസത്തിലധിഷ്ഠിതമായ ശക്തമായ അടിത്തറ പകർന്നു നല്കിയതും ആഗോള കത്തോലിക്കാ സഭയുടെ ഒത്തൊരുമയിൽ ചേർന്നു നിൽക്കാനുള്ള  അവസരം സംലഭ്യമാക്കിയതും മിഷണറിമാരായിരുന്നുവെന്ന ചരിത്ര സത്യം ആരും തന്നെ വിസ്മരിക്കരുതെന്നും കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് പറഞ്ഞു.

പതിറ്റാണ്ടുകളായി അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടുകിടന്നിരുന്ന സമൂഹത്തിന് ക്രൈസ്തവ മൂല്യങ്ങളും കൂദാശകളുടെ പൂർണ്ണതയും, ദൈവശാസ്ത്രത്തിന്റെയും ആധ്യാത്മികതയുടെയും അജപാലന-പ്രേഷിതത്വ സംവിധാനങ്ങളുടെയും കെട്ടുറപ്പും നല്‍കി പരിപോഷിപ്പിച്ചത് മിഷനറിമാരാണെന്നും, സീറോ മലബാർ സഭ ഇന്നു കൈവരിച്ചിട്ടുള്ള വളർച്ചയ്ക്ക്  മിഷണറിമാരോട് ഏറെ  കടപ്പെട്ടിരിക്കുകയാണ് വേണ്ടതെന്നും പത്രക്കുറിപ്പിൽ പറയുന്നു.

കത്തോലിക്കാ സഭയിലെ അത്യുന്നത പദവിയിലുള്ള മാർ റാഫേൽ തട്ടിലിൽ നിന്നും സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഐക്യത്തിന്റെയും വാക്കുകളാണ് പൊതു സമൂഹം പ്രതീക്ഷിക്കുന്നതെന്നും എല്ലാവരെയും ചേർത്തു നിറുത്തേണ്ട മാർ തട്ടിലിൽ നിന്നുണ്ടാകുന്ന ഇത്തരം പ്രസ്താവനകൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും കേരള കത്തോലിക്ക സഭയിൽ നിലനില്ക്കുന്ന പാരസ്പര്യത്തെ ദുർബലപ്പെടുത്തുന്നതാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത് ആവശ്യമാണെന്നും പത്രക്കുറിപ്പ് പറയുന്നു.

അതുപോലെ, വിദ്വേഷവും വെറുപ്പും നിറഞ്ഞ പ്രകോപനപരമായ പരാമർശങ്ങൾ ഇടയ്ക്കിടെ തന്റെ പ്രസംഗത്തിന്റെ ശൈലിയാക്കുന്നത് ഉചിതമാണോയെന്ന് ഉന്നതസ്ഥാനീയനായ മാർ തട്ടിൽ തന്നെ സ്വയം വിലയിരുത്തി തിരുത്തലുകൾ വരുത്തേണ്ടതാണെന്നും, കയ്യടി നേടുന്നതിനായി വിവാദങ്ങൾക്ക് തിരികൊളുത്തുന്ന വാക്കുകൾ നിറുത്തേണ്ടതാണെന്നും പത്രക്കുറിപ്പ് ഓർമ്മപ്പെടുത്തുന്നു.

താൻ ഉൾപ്പെട്ട സീറോമലബാർ സഭയിൽ മാത്രമല്ല, കത്തോലിക്കാ സഭയിലും പൊതുസമൂഹത്തിലും ഐക്യത്തിന്റെയും പാരസ്പര്യത്തിന്റെയും സാന്ത്വനത്തിന്റെയും വെളിച്ചം പകരാനാണ് മാർ റാഫേൽ തട്ടിൽ ശ്രദ്ധിക്കേണ്ടതെന്നും, താൻ വഹിക്കുന്ന പദവിയുടെ വലിപ്പവും മഹത്വവും ഔന്നത്യം എന്നും ഓർക്കേണ്ടതാണെന്നും കെ.ആർ.എൽ.സി.സി. പത്രകുറിപ്പിലൂടെ പ്രതികരിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker