മിഷണറീസ് ഓഫ് ചാരിറ്റിയെ നയിക്കാന്‍ മലയാളി കന്യാസ്ത്രീ
സഭയുടെ സുപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ മേരി ജോസഫിനെ ശനിയാഴ്ചയാണ് തിരഞ്ഞെടുത്തു.

സ്വന്തം ലേഖകന്‍
കൊല്‍ക്കത്ത : മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയെ നയിക്കാന്‍ ആദ്യമായി മലയാളി കന്യാസ്ത്രീ. സഭയുടെ സുപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ മേരി ജോസഫിനെ ശനിയാഴ്ചയാണ് തിരഞ്ഞെടുത്തു.
കൊല്‍ക്കത്തയിലെ മദര്‍ ഹൗസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍ മാള പൊയ്യ സ്വദേശിയായ സിസ്റ്റര്‍ മേരി ജോസഫ് 13 വര്‍ഷങ്ങളായി മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറലായിരുന്ന സിസ്റ്റര്‍ മേരി പ്രേമിയുടെ സ്ഥാനത്തേക്കാണ് എത്തുന്നത്. മദര്‍ തെരേസക്ക് ശേഷം മൂന്നാമത്തെ സുപ്പീരിയര്‍ ജനറലാണ് സിസ്റ്റര്‍ മേരി ജോസഫ്.
മദര്‍ തെരേസയുടെ മരണത്തിന് ശേഷം നേപ്പാള്‍ സ്വദേശിനിയായ സിസ്റ്റര്‍ നിര്‍മ്മല ജോഷിയായിരുന്നു സുപ്പീരികര്‍ ജനറല്‍, തുടര്‍ന്നാണ് സിസ്റ്റര്‍ മേരി പ്രേമ ചുമതലയേറ്റത്. നിലവില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കേരളത്തിലെ മേധാവിയാണ് സിസ്റ്റര്‍ മേരി ജോസഫ് .
സിസ്റ്റര്‍ മേരി ജോസഫിനൊപ്പം സിസ്റ്റര്‍ ക്രിസ്റ്റീന, സിസ്റ്റര്‍ സിസിലി , സിസ്റ്റര്‍ ജുവാന്‍, സിസ്റ്റര്‍ പാട്രിക് എന്നിവരെ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് കടുത്ത വിവേചനവും മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ നിരന്തരമായി പീഡനങ്ങളും നടക്കുന്നതിനിടെയാണ് സിസ്റ്റര്‍ മേരി ജോസഫ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ സ്ഥാനത്തേക്ക് എത്തുന്നത്.