മാർ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ പുതിയ മേജർ ആര്‍ച്ച് ബിഷപ്പ്
ദൈവനിയോഗം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ; മാർ.റാഫേല്‍ തട്ടിൽ
ജോസ് മാർട്ടിൻ
കൊച്ചി: സീറോ മലബാര്‍ സഭയുടെ നാലാമത്തെ മേജർ ആര്‍ച്ച് ബിഷപ്പായി മാർ റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണം ഇന്ന് 11-01-24 -ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് സീറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ നടക്കും, ചടങ്ങില്‍ കൂരിയ ബിഷപ്പും, സഭാ അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
സീറോ മലബാർ സഭാ ആസ്ഥാനത്ത് നടന്ന സിനഡില്‍ രണ്ടാംറൗണ്ട് വോട്ടെടുപ്പിലാണ് റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യറൗണ്ടില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം കണ്ടെത്താനായില്ല. ഒന്നാം റൗണ്ടില്‍ തന്നെ പാലാ രൂപത ബിഷപ്പ് കല്ലറങ്ങാട്ട്, തലശേരി ആര്‍ച്ച്ബിഷപ്പ് ജോസഫ്പാംപ്ലാനി, കല്യാണ്‍ രൂപത ബിഷപ്പ് തോമസ് ഇലവനാല്‍ എന്നിവര്‍ തങ്ങള്‍ സ്ഥാനം ഏറ്റെടുക്കില്ലന്ന് അറിയിച്ചതോടെ, സമവായ സ്ഥാനാര്‍ഥിയായി സിനഡിന്റെ പൂര്‍ണ്ണ പിന്തുണ നേടിയാണ് ഷംഷാബാദ് മെത്രാനായ റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ദൈവനിയോഗമെന്നും നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കട്ടെയെന്നും, എവിടെയെങ്കിലുമൊക്കെ നമുക്ക് കുറവുകൾ ഉണ്ടെങ്കിൽ മറ്റ് അവയവങ്ങൾ ചേർന്ന് അത് പരിഹരിക്കണമെന്നും, അങ്ങനെ പരിഹരിക്കുന്ന ഒരു ശൈലിയായിരിക്കും എന്റേതെന്ന് ഞാൻ വിശ്വസിക്കുന്നു, എനിക്ക് ഒറ്റയ്ക്ക് എല്ലാം ഭംഗിയായി ചെയ്യാൻ സാധിക്കും എന്ന് ഞാൻ കരുതിയിട്ടില്ല. നമ്മളെല്ലാവരും കൂടി ഒന്നിച്ചു നിന്നാൽ കർത്താവ് നമ്മിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കും. ഞാൻ വീട്ടിൽ ആയിരിക്കുമ്പോൾ അമ്മ മരിക്കുന്നതിനു മുമ്പ് എന്നെ ഏൽപ്പിച്ച ഒരു സമ്മാനം ഉണ്ട്. ഞാനിന്നും ചൊല്ലിക്കൊണ്ടിരിക്കുന്ന കൊന്ത, അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്, നീയത് ചേർത്തു പിടിക്കണം, കളഞ്ഞേക്കരുത്. പരിശുദ്ധ അമ്മ വഴി നടത്തും. പിതാവ് തന്റെ ആദ്യ പ്രതികരണത്തിൽ പറഞ്ഞു.
ഔസേപ്പ്- തെരേസ ദമ്പതികളുടെ മകനായി 1956 ഏപ്രില്‍ 21ന് ജനിച്ച റാഫേല്‍ തട്ടില്‍, തൃശൂർ സെന്റ് തോമസ് കോളജില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1971 ജൂലൈ നാലിന് സെന്റ്. മേരീസ് മൈനര്‍ സെമിനാരിയില്‍ ചേരുകയും,1980ല്‍ കോട്ടയം വടവാതൂർ സെന്റ്.തോമസ് അപ്പോസ്ഥലിക് സെമിനാരിയില്‍നിന്ന് ഫിലോസഫിയിലും ദൈവ ശാസ്ത്രത്തിലും (തിയോളജി) പഠനം പൂര്‍ത്തിയാക്കി, 1980 ഡിസംബര്‍ 21ന് തൃശൂരിലെ ഡോളൂറസ് ബസിലിക്കയില്‍വെച്ച് മാര്‍.ജോസഫ് കുണ്ടുകുളത്തിലില്‍നിന്ന് ശുശ്രുഷാ പൗരോഹിത്യം സ്വീകരിച്ചു തുടർന്ന് റോമില്‍ നിന്നും ഓറിയന്റല്‍ കാനന്‍ നിയമത്തില്‍ ഡോക്റ്ററേറ്റു നേടി. ‘സീറോ മലബാര്‍ സഭയിലെ വൈദിക ഘടന ഒരു ചരിത്ര-നിയമ പഠനം’ (Clerical Formation in the Syro Malabar Church: A Historico-Juridical Study).
ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, അഡ്ജോണ്‍ ജ്യുഡീഷ്യല്‍ വികാരി, ജഡ്ജി എന്നീ സ്ഥാനങ്ങളും, സിന്‍സെല്ലസായും പ്രോടോ സിന്‍സെല്ലസായും പ്രവര്‍ത്തിച്ച പിതാവ് . 1992-1995 കാലഘട്ടത്തില്‍ ഡി.ബി.സി.എല്‍.സി. ആന്‍ഡ് കാറ്റചിസത്തിന്റെ ഡയറക്ടര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. മേരിമാതാ സെമിനാരിയുടെ ആദ്യ റെക്ടറായി നിയമിതനായി ഏതാനും മാസങ്ങള്‍ക്കകം 1998 ജനുവരി 20ന് സെമിനാരിയുടെ പ്രൊജക്ട് ഓഫീസറായി. നിരവധി കമ്മിറ്റികളിലും കമ്മീഷനുകളിലും അംഗമായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010 ഏപ്രില്‍ 10ന് ബിഷപ്പായി നിയമിതനായ അദ്ദേഹം തൃശൂരിലെ ഓക്സിലറി ബിഷപ്പായും ബ്രൂണിയിലെ ടിറ്റുലാര്‍ ബിഷപ്പായും പ്രവര്‍ത്തിച്ചു. 2014ല്‍ ടെറിറ്റോറിയത്തിന് പുറത്ത് താമസിക്കുന്ന സീറോ-മലബാര്‍ വിശ്വാസികളുടെ അപ്പസ്തോലിക സന്ദര്‍ശകനായും ചുമതലയേറ്റിട്ടുണ്ട്. 2017 ഒക്ടോബര്‍ 10ന് ഷംഷാബാദിലെ സീറോ-മലബാര്‍ കത്തോലിക്ക് എപാര്‍ക്കിയുടെ പ്രഥമ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ നിയമിച്ചു. തുടര്‍ന്ന്, 2018 ജനുവരി ഏഴിന് റാഫേല്‍ തട്ടില്‍ സ്ഥാനാരോഹണം ചെയ്തു.