മാർച്ച് 30: താഴ്ത്തപ്പെടലും ഉയർത്തപ്പെടലും
ക്രിസ്തുശിഷ്യർ എന്നനിലയിൽ നാം താരതമ്യം ചെയ്യേണ്ടത് നമ്മുടെ ഗുരുവും നാഥനായ ക്രിസ്തുവിനോടാണ്
ദേവാലയത്തിലേക്കു പ്രാർത്ഥിക്കാൻ പോകുന്ന ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയാണ് (ലൂക്ക 18:9-14) ഇന്ന് ദിവ്യബലിയിൽ നാം വായിച്ചുകേൾക്കുന്നത്. രണ്ടുപേരും ദൈവസന്നിധിയിൽ അവതരിപ്പിക്കുന്നത് അവരുടെ ഇപ്പോഴുള്ള അവസ്ഥയാണ്. ഫരിസേയൻ താൻ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് പറയുന്നത്, ചെയ്യാത്ത കാര്യങ്ങൾ അല്ല – “ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാൻ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു”. ഇതെല്ലാം മതപരമായ ജീവിതത്തിലെ സ്തുത്യർഹങ്ങളായ കാര്യങ്ങളാണ്. ഒരു യഹൂദൻ നിർബന്ധമായും ഉപവസിക്കേണ്ടത് പാപപരിഹാരദിനത്തിൽ മാത്രമായിരുന്നു. അതായത്, വർഷത്തിൽ ഒരിക്കൽ മാത്രം. എന്നാൽ, ഈ ഫരിസേയൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. അതുപോലെതന്നെ, വയലിൽ നിന്നും ലഭിക്കുന്ന ഫലങ്ങളുടെ ദശാംശം മാത്രം കൊടുത്താൽ മതി എന്നിരിക്കെ, അയാൾ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു. നാം മനസ്സിലാക്കേണ്ടത്, അയാൾ മതപരമായ ജീവിതത്തെ അതിന്റെ ഗൗരവത്തിൽ തന്നെ കണ്ടിരുന്ന ആളാണ്. എന്നിരുന്നാലും അയാളുടെ പ്രാർത്ഥനയിൽ കുറവുവന്നുപോയി.
ചുങ്കക്കാരനും ദൈവസന്നിധിയിൽ അവതരിപ്പിക്കുന്നത് തന്റെ ജീവിതാവസ്ഥയാണ്. ചുങ്കക്കാരെ സമൂഹം പാപികൾ എന്ന ഗണത്തിലാണ് കണക്കാക്കിയിരുന്നത്. രണ്ടുപേരും അവതരിപ്പിക്കുന്നത് തങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയാണെങ്കിലും, അവതരിപ്പിക്കുന്ന രീതികളിൽ വ്യത്യാസമുണ്ട്. ഫരിസേയൻ താൻ ചെയ്യുന്ന നല്ല കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് മറ്റുള്ളവരെ വിധിക്കുകയും അവരുമായി താരതമ്യം ചെയ്തുകൊണ്ട് സ്വയം നീതീകരിക്കുകയും ചെയ്യുന്നു. ഫരിസേയൻ പറയുന്നത്, “ഞാൻ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റുമനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല”. എന്നാൽ ചുങ്കക്കാരനാകട്ടെ, തന്നെത്തന്നെ എളിമപ്പെടുത്തികൊണ്ട് പ്രാർത്ഥിക്കുന്നു. അയാളുടെ ശരീരഭാഷയും വാക്കുകളും അയാളുടെ എളിമപ്പെടലിനെ വരച്ചുകാട്ടുന്നുണ്ട്. സ്വയം നീതീകരിക്കുന്നവന്റെ ദീഘമായ വാഗ്വിലാസത്തെക്കാൾ ദൈവത്തിന് പ്രീതീകരം എളിമയുള്ളവന്റെ അൽപവാക്കുകളാണ്. മറിയത്തിന്റെ സ്തോത്രഗീതത്തിൽ പറയുന്നപോലെ, “അവിടുന്ന്…ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു…എളിയവരെ ഉയർത്തി” (ലൂക്ക 1:51-52).
ഇന്ന് നമ്മുടെ സ്വയം നീതീകരിക്കുന്ന സ്വഭാവത്തെക്കുറിച്ച് ആത്മപരിഹോധന നടത്താം. മറ്റുള്ളവരെ പുച്ഛിച്ച് വിലകുറഞ്ഞവരായി കാണുന്ന സ്വഭാവം നമ്മുടെ അഹങ്കാരത്തിന്റെ പ്രതിഫലനമല്ലേ? പലരും തങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നത് തങ്ങളേക്കാൾ ഒരു പടിയെങ്കിലും താഴെനിൽക്കുന്നവരെന്നു അവർ തന്നെ ചിന്തിക്കുന്നവരുമായിട്ടാണ്. ക്രിസ്തുശിഷ്യർ എന്നനിലയിൽ നാം താരതമ്യം ചെയ്യേണ്ടത് നമ്മുടെ ഗുരുവും നാഥനായ ക്രിസ്തുവിനോടാണ്. അപ്പോഴാണ്, ഇനിയും എത്രയോ പുണ്യങ്ങളും നന്മകളുമാണ് നാം കൈവരിക്കാനുള്ളതെന്നു നമുക്ക് മനസ്സിലാവുക.
വളരെ നല്ല വ്യാഖ്യാനം
അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ