മാർച്ച് 27: ചെറിയവരും വലിയവരും
പ്രമാണങ്ങൾ കാത്തു പാലിക്കുന്ന നമ്മുടെ ജീവിതം തന്നെയാകണം മറ്റുള്ളവർക്ക് നൽകാനുള്ള നമ്മുടെ പാഠം
ഇന്നത്തെ ദിവ്യബലിയിൽ നാം വായിച്ചു കേൾക്കുന്നത്, യേശുവിന്റെ മലയിലെ പ്രസംഗത്തിൽ നിന്നുള്ള ഒരു ഭാഗമാണ് (മത്തായി 5:17-19). ദൈവഹിതം എന്തെന്ന് മനുഷ്യരെ പഠിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു മാർഗമായിരുന്നു വിശുദ്ധഗ്രന്ഥം. യഹൂദ ജനതയെ സംബന്ധിച്ചിടത്തോളം, വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ അഞ്ചു പുസ്തകങ്ങളെയാണ് ‘തോറ അഥവാ നിയമം’ എന്ന് വിളിച്ചിരുന്നത്. ‘നിയമവും പ്രവാചകന്മാരും’ എന്ന് പുതിയ നിയമത്തിൽ പറയുമ്പോൾ ഉദ്ദേശിക്കുന്നത് ‘തോറയും പ്രവാചക പുസ്തകങ്ങളും ലിഖിത പുസ്തകങ്ങളും’ ചേർന്ന ഹെബ്രായ ബൈബിളിനെയാണ്. യേശു പറയുന്നത്, ഈ വിശുദ്ധഗ്രന്ഥത്തിലുള്ളവയെ ഇല്ലാതാക്കാനല്ല, പൂർത്തിയാക്കാനാണ് താൻ വന്നിരിക്കുന്നത് എന്നാണ്.
വിശുദ്ധ ഗ്രന്ഥത്തിലുള്ള പ്രമാണങ്ങളിൽ ഏതെങ്കിലും ലംഘിക്കുകയോ ലംഘിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ചെറിയവൻ എന്നും, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നും വിളിക്കപ്പെടുമെന്ന് ഇന്നത്തെ സുവിശേഷത്തിലൂടെ യേശു പഠിപ്പിക്കുന്നു. സ്വർഗ്ഗരാജ്യത്തിൽ ചെറിയവരെന്നും വലിയവരെന്നും വിളിക്കപ്പെടും എന്ന് കേൾക്കുമ്പോൾ ചിന്തിക്കാവുന്ന ഒരുകാര്യം, സ്വർഗത്തിൽ ഗ്രേഡ് വ്യത്യാസമുണ്ടോ, വലുപ്പ ചെറുപ്പങ്ങൾ ഉണ്ടോ എന്നുള്ളതാണ്. ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്, ഒരു പക്ഷെ, സ്വർഗ്ഗരാജ്യത്തിലെ വലിയവൻ എന്ന് പറയുമ്പോൾ സ്വർഗ്ഗരാജ്യത്തിന്റെ ഭാഗമായവൻ എന്നും, സ്വർഗ്ഗരാജ്യത്തിലെ ചെറിയവൻ എന്ന് പറയുമ്പോൾ സ്വർഗ്ഗരാജ്യത്തിന്റെ ഭാഗമാകാൻ കഴിയാത്തവൻ എന്നും അർത്ഥമാക്കാമെന്നാണ്. ദൈവിക പ്രമാണങ്ങൾ പാലിക്കാത്തവൻ എങ്ങനെ ദൈവരാജ്യത്തിൽ പ്രവേശിക്കും?
പ്രമാണങ്ങൾ നിത്യരക്ഷയിലേക്കുള്ള ചൂണ്ടുപലകകളാണ്. അവ പാലിക്കുന്നവൻ നിത്യജീവൻ കണ്ടെത്തുന്നു. പ്രമാണങ്ങൾ അനുസരിക്കുക മാത്രമല്ല, അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യണം. നമ്മുടെ ജീവിതം മറ്റുള്ളർക്ക് ഉതപ്പിന് കാരണമാകാതിരിക്കട്ടെ. പ്രമാണങ്ങൾ കാത്തു പാലിക്കുന്ന നമ്മുടെ ജീവിതം തന്നെയാകട്ടെ മറ്റുള്ളവർക്ക് നൽകാനുള്ള നമ്മുടെ പാഠം.