Daily Reflection

മാർച്ച് 22: ഉടമസ്ഥത

പിതാവെന്ന നിലയിൽ ദൈവത്തിന്, മക്കളായ നമ്മുടെ മേലൊരു ഉടമസ്ഥാവകാശമുണ്ട്

മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയാണ് (മത്തായി 21:33-45) ഇന്ന് നാം ധ്യാനിക്കുന്നത്. രക്ഷാകര സംഭവങ്ങളുടെയും യേശുവിന്റെ രക്ഷാകര ദൗത്യത്തിന്റെയും ആവിഷ്കാരം എന്ന നിലയിൽ ഈ ഉപമ സാധാരണയായി ഒരു “രൂപക കഥ” (allegory) ആയിട്ടാണ് വ്യാഖ്യാനിക്കുന്നത്: മുന്തിരി തോട്ടത്തിന്റെ ഉടമസ്ഥൻ – ദൈവം; മുന്തിരിത്തോട്ടം – ഇസ്രായേൽ; മുന്തിരിത്തോട്ടത്തിലെ കൃഷിക്കാർ – ഇസ്രായേലിലെ ജനങ്ങൾ അല്ലെങ്കിൽ അവരുടെ നേതാക്കൾ; ഭൃത്യന്മാർ – പ്രവാചകന്മാർ; ഉടമസ്ഥന്റെ മകൻ – യേശുക്രിസ്തു; പുതിയ കൃഷിക്കാർ – യേശു സ്ഥാപിക്കുന്ന സഭ.

“രൂപക കഥ” എന്നനിലയിൽ, ഈ ഉപമയെ നമുക്ക് ഇങ്ങനെ മനസ്സിലാക്കാം: വീട്ടുടമസ്ഥൻ ഒരു മുന്തിരിതോട്ടം നട്ടുപിടിപ്പിച്ചു. അതായത്, ദൈവം ഇസ്രായേൽ ജനതയുമായി ഒരുടമ്പടി ചെയ്യുകയും ഇസ്രയേലിനെ തന്റെ സ്വന്തമായി തെരഞ്ഞെടുക്കുകയും ചെയ്തു. ദൈവം തന്റെ പ്രവാചകരെ (ഭൃത്യന്മാരെ) ഇസ്രായേൽ ജനങ്ങളുടെ (കൃഷിക്കാരുടെ) അടുത്തേക്ക് അയച്ചു. എന്നാൽ അവരെ ജനങ്ങളും അവരുടെ നേതാക്കന്മാരും കൂടി വധിച്ചുകളഞ്ഞു. അവസാനം, അവിടുന്ന് തന്റെ മകനെ – അതായത് യേശുക്രിസ്തുവിനെ അയച്ചു; എന്നാൽ ആ മകനെയും അവർ കൊല്ലുന്നു. തുടർന്ന്, ഉടമസ്ഥൻ കൃഷിക്കാരെ കൊന്ന് – അതായത് ഇസ്രയേലിന്റെ മേൽ വിധി പ്രസ്താവിച്ച്, ആ മുന്തിരിത്തോട്ടം പുതിയ കൃഷിക്കാരെ – അതായത് സഭയെ ഏൽപ്പിക്കുന്നു.

യേശുവിന്റെ ജീവിതവും ദൗത്യവുമായും ഈ ഉപമയ്ക്ക് അഭേദ്യമായ ബന്ധമുണ്ട്. ഉദാഹരണത്തിന്, കൃഷിക്കാർ ഉടമസ്ഥന്റെ മകനെ വധിക്കുന്നത് മുന്തിരിത്തോട്ടത്തിനു വെളിയിൽ വച്ചാണ്. യേശുവിനെ കുരിശിൽ തറയ്ക്കുന്നത് ജെറുസലേമിന് പുറത്തുള്ള ഗോൽഗോഥാ എന്ന സ്ഥലത്താണ്.
ഈ ഉപമയിൽ നിറഞ്ഞുനിൽക്കുന്നത്, ഉടമസ്ഥനിൽനിന്നും ഉടമസ്ഥാവകാശം തട്ടിപ്പറിച്ചെടുക്കാനുള്ള കൃഷിക്കാരുടെ വ്യഗ്രതയാണ്. വീട്ടുടമസ്ഥൻ മുന്തിരിത്തോട്ടം വെച്ചുപിടിപ്പിച്ചിട്ടു ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതിനു ശേഷമാണ് അത് കൃഷിക്കാർക്ക് കൈമാറുന്നത്. വിളവെടുപ്പ് കാലത്തു അവൻ ഭൃത്യന്മാരെ അയക്കുന്നത്, വിളവ് മുഴുവൻ ശേഖരിക്കുക എന്നതിനേക്കാളും, തന്റെ ഉടമസ്ഥത പുതുക്കുന്നതിനാണ്. വിളവിന്റെ ഒരു ഭാഗം കൃഷിക്കാർക്ക് അവകാശപ്പെട്ടതാണ്. എത്രമാത്രം ശേഖരിക്കുന്നു എന്നതിനേക്കാളും, ഉടമസ്ഥന്റെ താല്പര്യം, വിളവിൽ നിന്നും ഒരുഭാഗം തനിക്കു തന്നുകൊണ്ട്, ‘തന്റെ ഉടമസ്ഥത കൃഷിക്കാർ അംഗീകരിക്കുന്നു എന്ന് ഉറപ്പുവരുത്തുക’യാണ്. എന്നാൽ, കൃഷിക്കാർ ഒന്നും തന്നെ നൽകുന്നില്ലായെന്നുമാത്രമല്ല, അത് ശേഖരിക്കാൻ വരുന്നവരെ കൊല്ലുകയും ചെയ്യുന്നു. ഉടമസ്ഥൻ തന്റെ മകനെ അയക്കുമ്പോൾ, കൃഷിക്കാർ നടത്തുന്ന പ്രതികരണം, തോട്ടത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കുകയാണ് കൃഷിക്കാരുടെ ലക്ഷ്യം എന്ന് വ്യക്തമാക്കുന്നുണ്ട്. അവർ പറയുന്നു: “ഇവനാണ് അവകാശി; വരുവിൻ നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം”. ഉടമസ്ഥന്റെ മകനെ ഇല്ലാതാക്കിയാൽ ഉടമസ്ഥാവകാശം തങ്ങൾക്കു ലഭിക്കും എന്നുള്ള കൃഷിക്കാരുടെ ചിന്ത എന്തൊരു മൗഢ്യമാണ്!

ദൈവവും ഇസ്രയേലുമായി ചെയ്ത ഉടമ്പടി വഴിയായി ഇസ്രായേൽ ദൈവത്തിന്റെ അവകാശമാണ്. ഈ ഉടമ്പടി പാലിച്ചുപോകേണ്ടിയിരുന്നത് ഇസ്രയേലിന്റെ കടമയായിരുന്നു. എന്നാൽ, ദൈവം നൽകിയ കല്പനകൾ പാലിച്ചുകൊണ്ട് ഈ ഉടമ്പടി കാക്കുവാൻ ഇസ്രായേൽ തയ്യാറായില്ല. തുടർന്ന്, ദൈവവുമായുള്ള ഈ ഉടമ്പടിയിലേക്കു തിരികെ വിളിക്കുന്നതിന്‌, അതായത് ദൈവത്തിന്റെ ഉടമസ്ഥാവകാശം ഓർമ്മിപ്പിക്കുന്നതിനായിട്ടാണ് അവിടുന്ന് പ്രവാചകന്മാരെ അയക്കുന്നത്. ദൈവം അയക്കുന്ന തന്റെ പുത്രനായ യേശുവിനെപ്പോലും തിരസ്കരിക്കുന്നതിലൂടെ അവർ ദൈവത്തിന്റെ ഉടമസ്ഥതയെ തന്നെയാണ് തിരസ്കരിക്കുന്നതു.

മാമ്മോദീസ വഴിയായി നാമും ദൈവവുമായി ഒരു ഉടമ്പടി ചെയ്തിരിക്കുകയാണല്ലോ. ദൈവം നമ്മുടെ പിതാവായും, നാം ദൈവത്തിന്റെ മക്കളായുമുള്ള ഉടമ്പടി. പിതാവെന്ന നിലയിൽ ദൈവത്തിന്, മക്കളായ നമ്മുടെ മേലൊരു ഉടമസ്ഥാവകാശമുണ്ട്. പിതാവായ ദൈവവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ സാധിക്കുന്നത് ദൈവമക്കൾക്കടുത്ത ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ പുറപ്പെടുവിക്കുമ്പോൾ ആണ്. നമ്മുടെ ജീവിതത്തിൽ പരിപോഷിപ്പിക്കുന്ന പുണ്യങ്ങളാണ് നമുക്ക് ദൈവത്തിനു കൊടുക്കാനുള്ള ഉടമസ്ഥാവകാശത്തിന്റെ അച്ചാരം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker