Daily Reflection

മാർച്ച് 19: വിശുദ്ധ യൗസേപ്പ്

വി.മത്തായിയുടെ സുവിശേഷത്തിൽ ആദ്യമായി 'നീതിമാൻ' എന്ന പദം ഉപയോഗിക്കുന്നത് യൗസേപ്പിതാവിനെ വിശേഷിപ്പിക്കാനാണ് (1 :19). എന്നാൽ, ഏറ്റവും അവസാനം 'നീതിമാൻ' എന്ന പദം ഉപയോഗിക്കുന്നത് യേശുവിനെ വിശേഷിപ്പിക്കാനാണ് (27 :19 )

ഇന്ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുന്നാൾ ആണ്. വിശുദ്ധ ഗ്രന്ഥം യൗസേപ്പിതാവിനെ വിളിക്കുന്നത് നീതിമാൻ എന്നാണ്. ‘ദിക്കയോസ്’ എന്ന ഗ്രീക്ക് പദമാണ് ‘നീതിമാൻ’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നതു. വി.മത്തായിയുടെ സുവിശേഷത്തിൽ ആദ്യമായി ഈ പദം ഉപയോഗിക്കുന്നത് യൗസേപ്പിതാവിനെ വിശേഷിപ്പിക്കാനാണ് (മത്തായി 1 :19). ഏറ്റവും അവസാനം ഉപയോഗിക്കുന്നത് യേശുവിനെ വിശേഷിപ്പിക്കാനാണ് (മത്തായി 27 :19 ). യേശുവിനെ പീലാത്തോസ് വിസ്തരിക്കുമ്പോൾ പീലാത്തോസിന്റെ ഭാര്യ ആളയച്ചു പിലാത്തോസിനോട് പറയുന്നു: “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്” (മത്തായി 27 :19 ). സുവിശേഷത്തിന്റെ ആരംഭത്തിൽ, സുവിശേഷകൻ തന്നെ, യൗസേപ്പിതാവ് നീതിമാനാണ് എന്ന് വിലയിരുത്തുമ്പോൾ, സുവിശേഷത്തിന്റെ അവസാനത്തിൽ, യേശുവിനെകുറിച്ചുള്ള വിലയിരുത്തൽ നടത്തുന്നത് മറ്റൊരു കഥാപാത്രമായ പീലാത്തോസിന്റെ ഭാര്യയാണ്. മാനുഷികമായി ചിന്തിച്ചാൽ, ഒരപ്പനും മകനും കിട്ടാവുന്ന നല്ലൊരഭിപ്രായം. അപ്പൻ എങ്ങനെയോ അങ്ങനെ തന്നെ മകനും വളർന്നു വന്നു എന്നുള്ള ശക്തമായ സാക്ഷ്യം.

നീതിമാന്മാർക്കുള്ള പ്രതിഫലം എന്താണെന്നും വിശുദ്ധ മത്തായിയുടെ സുവിശേഷം സൂചിപ്പിക്കുന്നുണ്ട്. കളകളുടെ ഉപമകൾ വിശദീകരിക്കുമ്പോൾ “നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ ശോഭിക്കും” (മത്തായി 13 :43 ) എന്ന് യേശു പ്രസ്താവിക്കുന്നുണ്ട്. അന്ത്യവിധിയുടെ പശ്ചാത്തലത്തിൽ യേശു പറയുന്നത്, “നീതിമാന്മാർ നിത്യജീവനിലേക്കു പ്രവേശിക്കും” (മത്തായി 25 :46 ) എന്നാണ്. അതായത്, നീതിമാന്മാരുടെ പ്രതിഫലം നിത്യജീവനും ദൈവരാജ്യവും ആണ്.

ആരാണ് നീതിമാൻ? അന്ത്യവിധിയുടെ പശ്ചാത്തലത്തിൽ (മത്തായി 25 : 31 -46 ), മറ്റുള്ളവരെ കരുണയോടെ സഹായിക്കുന്നവരാണ് നീതിമാന്മാർ. അവരെയാണ്, വിധിയുടെ ദിവസത്തിൽ മനുഷ്യപുത്രൻ തന്റെ വലതുവശത്തു നിറുത്തുന്നത്. യൗസേപ്പിതാവിനെ അനുകരിച്ചു നമുക്കും കരുണയോടെ മറ്റുള്ളവരോട് പെരുമാറി ‘നീതിമാൻ’ എന്ന വിശേഷണം സ്വന്തമാക്കാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker