മാര്‍ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാൻ
സ്ഥാനാരോഹണം ഫെബ്രുവരി 3-ന് രാവിലെ കാഞ്ഞിപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നടക്കും...
സ്വന്തം ലേഖകൻ
കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനായി മാര്‍ ജോസ് പുളിക്കലിനെ (55) സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സിനഡ് നിയമിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. സിനഡിന്റെ തീരുമാനങ്ങൾക്ക് ഫ്രാൻസിസ് പാപ്പായിൽനിന്ന് അംഗീകാരം ലഭിച്ചതോടെ, സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ നിയമനങ്ങളിൽ ഒപ്പുവച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം സിനഡിന്റെ സമ്മേളനത്തിന്റെ അവസാന ദിവസമായ ജനുവരി 15-ന് ഇറ്റാലിയൻ സമയം ഉച്ചക്ക് 12 മണിക്ക് വത്തിക്കാനിലും, ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30-ന് സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. അഞ്ചു ദിവസം നീണ്ടുനിന്ന സിനഡിന്റെ സമാപനത്തിലാണ് നിയമനം അറിയിച്ചത്. നിയമന പ്രഖ്യാപന യോഗത്തിൽ സഭയിലെ 58 മെത്രാന്മാരും, ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും, നിരവധി വൈദികരും, സമർപ്പിതരും, അൽമായരും പങ്കെടുത്തു.
മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി 3-ന് രാവിലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നടക്കും.
75 വയസ് പൂര്‍ത്തിയായ മാര്‍ മാത്യു അറയ്ക്കല്‍, സഭാ കീഴ് വഴക്കമനുസരിച്ച് രാജി സമര്‍പ്പിക്കുകയും സിനഡ് രാജി അംഗീകരിക്കുകയും ചെയ്ത ഒഴിവിലാണ് മാര്‍ ജോസ് പുളിക്കലിന്റെ നിയമനം. 2016 ജനുവരി മുതല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ ചെയ്തുവരികയാണ് മാര്‍ പുളിക്കല്‍.
മാര്‍ ജോസ് പുളിക്കലിന്റെ ജീവിത നാൾവഴിയിലൂടെ…
1964 മാര്‍ച്ച് മൂന്നിന് ജനിച്ച മാര്‍ ജോസ് പുളിക്കല്‍ മുണ്ടക്കയം ഇഞ്ചിയാനി ഇടവക പുളിക്കല്‍ ആന്റണി – മറിയാമ്മ ദമ്പതികളുടെ ഏകപുത്രനാണ്. ഇഞ്ചിയാനി ഹോളി ഫാമിലി യുപി സ്‌കൂള്‍, മുണ്ടക്കയം സിഎംഎസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം.
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളജില്‍ പ്രീഡിഗ്രിക്കു ശേഷം പൊടിമറ്റം മേരിമാതാ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക സെമിനാരിയില്‍നിന്നും ഫിലോസഫി, തിയോളജി പഠനങ്ങള്‍ക്കുശേഷം 1991 ജനുവരി ഒന്നിന് മാര്‍ മാത്യുവട്ടക്കുഴി കൈവയ്പുശുശ്രൂഷവഴി പൗരോഹിത്യ പദവിയിലേക്ക് ഉയര്‍ത്തി.
പൗരോഹിത്യ സ്വീകരണശേഷം…
കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ആദ്യനിയമനം. ജീസസ് ഫ്രട്ടേണിറ്റിയുടെ ആദ്യകാല പ്രവര്‍ത്തകനായ ഫാ.പുളിക്കല്‍ തുടര്‍ന്ന് തൃശൂര്‍ വെട്ടുകാട്ട് സ്‌നേഹാശ്രമത്തിന്റെ ഡയറക്ടറായി രണ്ടുവര്‍ഷത്തോളം സേവനം ചെയ്തു. പിന്നീട് ബംഗളൂരു സെന്റ് പീറ്റേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും, ധര്‍മാരം ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. തുടര്‍ന്ന്, ഏഴുവര്‍ഷത്തോളം രൂപതാ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും രൂപതാ മിഷന്‍ലീഗിന്റെയും ഡയറക്ടറായി സേവനം ചെയ്തു.
2011 ഫെബ്രുവരി മുതല്‍ റാന്നി- പത്തനംതിട്ട മിഷന്‍ മേഖലയുടെ പ്രത്യേക ചാര്‍ജുള്ള സിഞ്ചെല്ലൂസും പത്തനംതിട്ട ഫൊറോനാ വികാരിയുമായി ശുശ്രൂഷ നിര്‍വഹിച്ചു. 2014 മേയ് മുതല്‍ ഇടവകയുടെയും വൈദികരുടെയും സന്യസ്തരുടെയും സെമിനാരിക്കാരുടെയും പ്രത്യേക ചുമതലയുള്ള സിഞ്ചെല്ലൂസായി ശുശ്രൂഷ ചെയ്തുവരവേ 2016 ജനുവരി കാക്കനാട് വച്ച് നടന്ന സീറോ മലബാര്‍ ബിഷപ്‌സ് സിനഡ് ഫാ. ജോസ് പുളിക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി തെരഞ്ഞെടുത്തു.
സഹായ മെത്രാനായതുമുതൽ…
2016 ജനുവരി 12 ന് കാഞ്ഞിരപ്പള്ളി രുപതയുടെ സഹായ മെത്രാനായി പ്രഖ്യാപിച്ചു. 2016 ഫെബ്രുവരി നാലിന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കൈവയ്പുവഴി മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.
കേരള മെത്രാന്‍ സമിതിയിലെയും, സീറോമലബാര്‍ സിനഡിലെയും വിവിധ കമ്മീഷനുകളില്‍ മാര്‍ ജോസ് പുളിക്കല്‍ ചെയര്‍മാനായും അംഗമായും പ്രവര്‍ത്തിക്കുന്നു. സീറോ മലബാര്‍ സഭയുടെ ദൈവശാസ്ത്ര കമ്മീഷനിലും ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ബോര്‍ഡിലും അംഗമാണ്.