മാര്‍പാപ്പയുടെ മടക്കയാത്രയും അവിസ്മരണീയമാക്കി യു.എ.ഇ.
മാര്‍പാപ്പയുടെ മടക്കയാത്രയും അവിസ്മരണീയമാക്കി യു.എ.ഇ.
അനിൽ ജോസഫ്
അബുദാബി: യു എ ഇ സന്ദര്‍ശനത്തിന് ശേഷമുളള ഫ്രാന്‍സിസ് പാപ്പയുടെ മടക്കയാത്രയും അവിസ്മരണീയമാക്കി യു.എ.ഇ. സാധാരണ രാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കുന്നതിനെക്കാള്‍ പ്രാധാന്യം നല്‍കിയാണ് ഫ്രാന്‍സിസ് പാപ്പയെ യു.എ.ഇ. സ്വീകരിച്ചതും യാത്ര അയച്ചതും. യു.എ.ഇ. യുടെ ചരിത്രത്താളുകളില്‍ ഇനി പാപ്പയുടെ സന്ദര്‍ശനവും ആലേഖനം ചെയ്യപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
ഫ്രാൻസിസ് പാപ്പായുടെ സന്ദര്‍ശനത്തിന് സമാപനം കുറിച്ചുള്ള ദിവ്യബലിക്ക് അബുദാബി സയിദ് സ്പോര്‍ട്ട്സ് സിറ്റിയില്‍ തടിച്ച് കൂടിയത് ഒന്നരലക്ഷത്തോളം വിശ്വാസികള്‍. ഒരു അറബ് രാജ്യത്തില്‍ മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ ദിവ്യബലിയെന്ന ചരിത്രവും യുഎഇ സ്വന്തമാക്കി. ഇംഗ്ലീഷില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മധ്യേ ഇംഗ്ലീഷ്, അറബിക്, ഇറ്റാലിയന്‍, മലയാളം, ടാഗലോഗ്, ലാറ്റിന്‍, കൊറിയന്‍, കൊങ്കണി, ഉറുദു, ഫ്രച്ച് ഭാഷകളില്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനകളും നടന്നു.
ഇന്ത്യന്‍ സമയം 2.30 -തോട് കൂടിയാണ് യു.എ.ഇ. ഭരണകൂടത്തിന്‍റെ ഔദ്യോഗിക വിമാന കമ്പനിയായ എത്തിഹാദ് എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ പാപ്പാ റോമിലേക്ക് മടങ്ങിയത്. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അടക്കമുള്ള യു.എ.ഇ.യിലെ ഭരണകൂട നേതൃത്വത്തിലെ ഭൂരിഭാഗം ആളുകളും പാപ്പായ്ക്ക് യാത്രയയപ്പ് നല്‍കാന്‍ വിമാനത്താവളത്തില്‍ എത്തിയിരിന്നു. പാപ്പയോടുള്ള ആദരസൂചകമായി എയര്‍പോര്‍ട്ട് മുതല്‍ വിമാനം നിറുത്തിയിരുന്ന സ്ഥലം വരെയുള്ള ഭാഗം ചുവന്ന പരവതാനിയില്‍ അലംകൃതമായിരിന്നു.15 മിനിറ്റ് നേരം നീണ്ട ഹസ്തദാനത്തിനും സന്തോഷ പ്രകടനത്തിനും ശേഷമാണ് പാപ്പ വിമാനത്തില്‍ പ്രവേശിച്ചത്.
ചിത്രങ്ങള്‍ കാണാം