മാതൃകാ കുടുംബം
കടലാസിൽ 'പഞ്ചസാര' എന്നെഴുതിയിട്ട് രുചിച്ച് നോക്കിയാൽ മധുരം കിട്ടുകയില്ല...
“കുടുംബം” എന്ന വാക്കിന് ‘ഒരുമിച്ചു കൂടുമ്പോൾ ഇമ്പം പകരുന്നത്, സുഖം പകരുന്നത്, പരസ്പരം പരിപോഷിപ്പിക്കുന്നത്, ഊട്ടി വളർത്തുന്നത്’ എന്നിങ്ങനെ ഒത്തിരി വിശേഷണങ്ങൾ നൽകാറുണ്ട്. മാതാപിതാക്കൾ, മക്കൾ, ദൈവം, സ്വന്തക്കാർ, കൂട്ടുകാർ, സാമൂഹിക നിയമങ്ങൾ, ലിഖിത-അലിഖിത നിയമങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയെല്ലാംകൂടെ ചേരുന്നതാണ് യഥാർത്ഥ കുടുംബം. കുടുംബത്തെ “കുടുംബം” ആക്കി മാറ്റുന്നത് ആത്മദാനമാണ്, സ്വാർത്ഥകളില്ലാത്ത സ്നേഹവും സമർപ്പണവുമാണ്.
ഏതാണ് മാതൃകാ കുടുംബം? എവിടെ കണ്ടെത്താൻ കഴിയും?
സത്യസന്ധമായി പറഞ്ഞാൽ മാതൃക കുടുംബം എന്നത് കേവലം ഒരു സങ്കല്പമാണ്, ഭാവനയാണ്, ഒരു സ്വപ്നമാണ് സുന്ദരമായ ഒരു ആശയമാണ്. ആധുനിക കാലഘട്ടത്തിൽ കുടുംബ സങ്കൽപങ്ങൾക്ക് സാരമായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ശാസ്ത്രസാങ്കേതിക വൈജ്ഞാനിക മേഖലകളിൽ വളരുമ്പോഴും മാനുഷിക മൂല്യങ്ങളെയും, ബന്ധങ്ങളെയും മാനിക്കാൻ കഴിയാത്ത ദുരവസ്ഥ ജീവിതത്തിലെ സമസ്ത മേഖലകളിലേക്കും പടർന്നു കയറുകയാണ്. വിവാഹം നടക്കുന്ന നിമിഷം മുതൽ അത്രയുംനാൾ പുരുഷനും സ്ത്രീയും അനുവർത്തിച്ചു വന്നിരുന്ന സ്വഭാവം, ശീലങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ etc. വിട്ടുപേക്ഷിച്ച് ഇരുവരും ഒരു മനമായി, ഒരു ശരീരമായി, ഒരേ ദിശയിലേക്ക് യാത്ര ചെയ്യുമെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്. ഇരുപത്തിഅഞ്ചോ മുപ്പതോ വർഷംകൊണ്ട് സ്വായത്തമാക്കിയ സ്വഭാവ-പെരുമാറ്റ-കാഴ്ചപ്പാടുകൾ-രീതികൾ ഒറ്റയടിക്കു മാറ്റിയെടുക്കാൻ കഴിയുകയില്ലെന്ന പരമാർത്ഥം നാം അംഗീകരിച്ചേ മതിയാവൂ! പുരുഷനും സ്ത്രീയും വിവാഹത്തിനുമുൻപ് വച്ചുപുലർത്തുന്ന “സ്വപ്നങ്ങൾ” 51% പ്രാവർത്തികമാക്കാൻ, യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞാൽ “ഭാഗ്യം” എന്ന് വേണം കരുതാൻ. മറ്റൊരുകാര്യം, കുടുംബത്തിന്റെ കാര്യത്തിൽ “അനുകരിക്കാൻ” ഒരു മാതൃക ഇല്ല എന്ന സത്യം ഉൾക്കൊണ്ടേ മതിയാകൂ. ഇന്ന് ജീവിത നാടകത്തിൽ ഓരോരുത്തരും മത്സരിച്ച് “അഭിനയിക്കുകയാണ്”. (അഭിനയവും ജീവിതവും രണ്ടും രണ്ടാണ്. കടലാസിൽ ‘പഞ്ചസാര’ എന്നെഴുതിയിട്ട് രുചിച്ച് നോക്കിയാൽ മധുരം കിട്ടുകയില്ല…) അതെ അപ്പനും, അമ്മയും, മക്കളും, ബന്ധുക്കളും മത്സരിച്ചഭിനയിക്കുന്ന വേദിയായി കുടുംബം മാറിക്കൊണ്ടിരിക്കുകയാണ്. മറ്റാരോ തയ്യാറാക്കിയ “തിരക്കഥ”യ്ക്ക് അനുസരിച്ച് അഭിനയിച്ചു തീർക്കുന്ന ജീവിതം…
ഒരു മാതൃകാ (?) കുടുംബത്തിന്റെ കഥ പറയാം. ഒരു ദിവസം രാവിലെ ഭർത്താവ് മുറ്റത്തിറങ്ങിയിട്ട് ഭാര്യയോട് പറഞ്ഞു നല്ല മഞ്ഞുണ്ട്, തലയിൽ തുണി കെട്ടാതെ നീയോ, മക്കളോ മുറ്റത്തിറങ്ങരുത്… ഭാര്യ അടുക്കളയിൽ നിന്ന് ഓടിവരും. ഭർത്താവ് കൺകണ്ട ദൈവം. മുറ്റത്തിറങ്ങി ചിരിച്ചിട്ട് പറയും; ‘ഏയ്, ഇത് മഞ്ഞല്ല…പുകയാണ്, അടുത്ത വീട്ടിലെ ശങ്കരൻചേട്ടൻ സിഗരറ്റ് വലിച്ചിട്ട് വിട്ട പുകയാണ്’. ഭർത്താവ് അതുകേട്ട് ചിരിച്ചിട്ട് പറയും; ‘ശരിയാണ്, വളരെ ശരിയാണ്’. ഇരുവർക്കും സന്തോഷം, സമാധാനം.
മറ്റൊരിക്കൽ ഭാര്യയോട് ഭർത്താവ് പറയും; ‘ഇപ്പോൾ ചന്തയിൽ നല്ല കൊഞ്ചുണ്ട് (ചെമ്മീൻ), നീ കൊഞ്ചുവാങ്ങിക്കണം’. ഭർത്താവ് പറഞ്ഞതല്ലേ, ഭാര്യ സന്തോഷത്തോടെ പറയും; ‘ഞാനും വിചാരിച്ചു കൊഞ്ചുകറി വയ്ക്കണമെന്ന്’. ഇരുവർക്കും സന്തോഷം. അത്താഴത്തിന് ഭർത്താവ് വരുമ്പോൾ പലതരം കറികൾ, പക്ഷേ കൊഞ്ചുകറി മാത്രം ഇല്ല. ‘നീയെന്താ കൊഞ്ച് വാങ്ങിയില്ലേ?’ ഭാര്യ ചിരിച്ചിട്ട് പറയും; ‘കൊഞ്ചും ഇഞ്ചിയും ഉച്ചരിക്കുന്നത് ഒരുപോലെയല്ലേ, അതുകൊണ്ട് ഞാൻ “ഇഞ്ചി”ക്കറി ഉണ്ടാക്കി’. ഭർത്താവ് ചിരിക്കും. സന്തുഷ്ട കുടുംബം. മാതൃകാ കുടുംബം.
ഒരിക്കൽ വിനോദയാത്രയ്ക്ക് പോയപ്പോൾ ഭാര്യ കാൽവഴുതി ആറ്റിൽ വീണു. മകൾ നിലവിളിച്ചു; ‘അപ്പാ അമ്മയെ രക്ഷയ്ക്ക്, നല്ല ഒഴുക്കുണ്ട്…!’ അപ്പൻ അനങ്ങാതെ നിന്നു. മകൾ വീണ്ടും നിലവിളിച്ചു. അപ്പോൾ അപ്പൻ എടുത്തുചാടി മുകളിലേക്ക് നീന്തി. മകൾ വീണ്ടും നിലവിളിച്ചു; ‘അപ്പാ താഴേയ്ക്ക് നീന്ത്’. അപ്പൻ പറഞ്ഞു; ‘നാം വിചാരിക്കുന്നതിന് എതിരായിട്ടേ അവൾ പ്രവർത്തിക്കൂ!’ മാതൃകാ കുടുംബം. ചിന്തനീയം!!!