Articles

മഹാമാരിക്കാലത്തെ രാഷ്ട്രീയം; ഒരു ഏകാധിപതിയെ വാർത്തെടുക്കുന്നുണ്ടോ?

'നിങ്ങളുടെ ജീവനു വേണ്ടിയാണ്' എന്നു പറഞ്ഞുകൊണ്ട് ഒരു ഏകാധിപതിയെ എല്ലാവരും കൂടി വാർത്തെടുക്കുകയാണ്...

മാർട്ടിൻ ആന്റണി

ആരോഗ്യരംഗത്തെ സ്വകാര്യവൽക്കരണത്തിലൂടെ പാവപ്പെട്ടവർക്ക് എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ? ഏതെങ്കിലും സ്വകാര്യ ആശുപത്രികൾ പാവപ്പെട്ടവർക്ക് പ്രത്യേക പരിഗണന കൊടുക്കുന്നതായി കണ്ടിട്ടുണ്ടോ? ഈ കാര്യത്തിൽ എന്റെ അറിവ് പരിമിതമാണ്, അതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം മനസ്സിലേക്ക് വന്നത്. ‘ജീവൻ എന്ന അവകാശം’ പണക്കാരെപ്പോലെതന്നെ പാവപ്പെട്ടവർക്കുമുണ്ട്. പക്ഷേ സ്വകാര്യവൽക്കരിച്ച പല സ്ഥാപനങ്ങളും ഈ അവകാശം പണക്കാർക്കു മാത്രമാണ് നൽകിയിരുന്നത്, അല്ലേ? ഇപ്പോൾ കൊറോണയുടെ വരവിൽ പാവപ്പെട്ടവരും പണക്കാരും എന്ന വ്യത്യാസമില്ലാതെയാണ് നമ്മുടെ പൊതു ആരോഗ്യരംഗം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നു തോന്നുന്നു. ഒരു കൊറോണയെ പോലുള്ള മഹാമാരി വേണ്ടിവന്നു ‘ജീവൻ എന്ന അവകാശം’ എല്ലാവർക്കും തുല്യമാണെന്ന് നമ്മുടെ സമൂഹത്തിന് ബോധ്യപ്പെടാൻ. ഈ കൊറോണ നമ്മെ ഒരു കാര്യം കൂടി ഓർമ്മപ്പെടുത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളെക്കാൾ നമ്മുടെ സമൂഹത്തിന് വേണ്ടത് ആധുനികവൽക്കരിച്ച സർക്കാർ ആശുപത്രികൾ തന്നെയാണ്.

ആശുപത്രികളെ കുറിച്ചല്ല ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. എന്റെ വിഷയം മറ്റൊന്നാണ്.

ഈ മഹാമാരിയുടെ കൂടെ ഒരു കാര്യം കൂടി നമ്മുടെയിടയിൽ സംഭവിക്കുന്നുണ്ട്. അത് സർക്കാർ സംവിധാനങ്ങളുടെ ഒരു ഉയിർത്തെഴുന്നേൽപ്പാണ്. സർക്കാരിന്റെ ശക്തിയോടെയുള്ള ഒരു തിരിച്ചുവരവ് എന്ന് വേണമെങ്കിൽ പറയാം. സർക്കാർ അതിന്റെ അധികാരത്തിന്റെ ശക്തി പൂർണമായി ഉപയോഗിക്കുന്ന അവസരമാണ് ഈ മഹാമാരി കാലം. മഹാമാരി എന്ന ഒഴികഴിവ് പറഞ്ഞു കൊണ്ട് ജനങ്ങളുടെ ഏത് അവകാശത്തിനു മേലും കൈവയ്ക്കാനുള്ള ഒരു സുവർണാവസരമാണിത്. നിയമപാലനത്തെ വേണമെങ്കിൽ മർദ്ദനോപകരണമാക്കി മാറ്റാം. സ്തുതിപാഠകരെ ചുറ്റും നിർത്തി സർക്കാർ അധിപന് ഒരു ഹീറോ പരിവേഷവും ഉണ്ടാക്കാം. പക്ഷേ അങ്ങനെ ചെയ്യുന്നതിലൂടെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ചോദിച്ചാൽ, ‘നിങ്ങളുടെ ജീവനു വേണ്ടിയാണ്’ എന്നു പറഞ്ഞുകൊണ്ട് ഒരു ഏകാധിപതിയെ എല്ലാവരും കൂടി വാർത്തെടുക്കുകയാണ് എന്നതാണ് സത്യം.

ഇറ്റാലിയൻ ചിന്തകനായ ജോർജ്ജോ അഗഭന്റെ Homo Sacer എന്ന പുസ്തകം ഏകദേശം ഇതുപോലെയുള്ള രാഷ്ട്രീയ അവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഭരണാധിപൻ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് പ്രജകളുടെ ജീവന് മേൽ തന്റെ ശക്തി പ്രകടിപ്പിക്കാവുന്നതാണ്. സമൂഹത്തിൽ നിന്നും ഒരാളെ അടർത്തിമാറ്റി കൊണ്ടാണ് അയാൾ തന്റെ ശക്തി പ്രകടിപ്പിക്കുക. ഇങ്ങനെ മാറ്റിനിർത്തപ്പെട്ട വ്യക്തികളെയാണ് അഗഭൻ Homo Sacer എന്ന് വിളിക്കുക. ഒരു homo sacer നെ സമൂഹത്തിന് എന്തുവേണമെങ്കിലും ചെയ്യാം. കൊല്ലണമെങ്കിൽ കൊല്ലാം. അത് കൊലപാതകമാകില്ല. കാരണം ഭരണാധികാരിയുടെ അനുഗ്രഹാശിസ്സുകൾ അവിടെയുണ്ട്. ഭരണപക്ഷവും ഭരണപക്ഷം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയവും കൂടി ഒരു ഏകാധിപതിയെ മാത്രമല്ല പോറ്റിവളർത്തി കൊണ്ടു വരുന്നത്, ഒത്തിരി homo sacer കളെയും സൃഷ്ടിക്കുന്നുണ്ട്. ഭരണസംവിധാനത്തിന്റെ കുറവുകളെ ചൂണ്ടിക്കാണിക്കുന്നവരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും മാർഗങ്ങളിലൂടെയും അധിക്ഷേപിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന രാഷ്ട്രീയം നമ്മിലേക്ക് അടിച്ചേൽപ്പിക്കാൻ പോകുന്നത് എല്ലാം വിഴുങ്ങുവാൻ പോകുന്ന ഒരു രാക്ഷസ ഭരണമായിരിക്കാം.

മഹാമാരിയെ ഒരു അവസരമാക്കി സർക്കാരും, സർക്കാരിനെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയവും ഉയിർത്തെഴുന്നേൽക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷവും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയവും മയക്കം വിട്ടുണരണം. പ്രതിപക്ഷം തളർന്നാൽ വരാൻ പോകുന്നത് ജനാധിപത്യത്തിന്റെ തകർച്ചയും, ഏകാധിപത്യത്തിന്റെ ഉയർച്ചയുമായിരിക്കും. പ്രതിപക്ഷത്തിന്റെ പ്രതിനിധികളെ സാമൂഹ്യ മാധ്യമത്തിലൂടെ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ‘virtual killings’ ശരിക്കും പറഞ്ഞാൽ അഗഭന്റെ homo sacer കൾക്ക് തുല്യമാണെന്നു തോന്നുന്നു. സൂക്ഷിക്കുക. ഒരു ഏകാധിപതിയെ എല്ലാവരുംകൂടി വാർത്തെടുക്കുന്നുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker