ഫാ. ജിബു ജെ. ജാജിൻ
പത്ര ധർമ്മം അല്ലെങ്കിൽ മാധ്യമ ധർമ്മം എന്നുപറയുന്നത് “സത്യമായ വാർത്തകളും വിവരങ്ങളും ശേഖരിച്ച് പൊതുനന്മയ്ക്കായി സമൂഹത്തിൽ അവതരിപ്പിക്കുക” എന്നതാണ്. പത്രങ്ങൾ, മാഗസിനുകൾ, പുസ്തകങ്ങൾ, ബ്ലോഗുകൾ, വെബ്കാസ്റ്റുകൾ, പോഡ്കാസ്റ്റുകൾ, സോഷ്യൽ നെറ്റ്വർക്കിംഗ്, സോഷ്യൽ മീഡിയ സൈറ്റുകൾ, ഇ-മെയിലുകൾ, വാർത്തകളുടെ നേരായ വ്യാഖ്യാനങ്ങളും ഫീച്ചറുകളും, റേഡിയോ, മോഷൻ പിക്ചർ, ടെലിവിഷൻ തുടങ്ങിയവ നേരായ വാർത്തകളെ സമൂഹത്തിൽ എത്തിക്കുവാനുള്ള മാർഗങ്ങളാണ്.
പ്രൊഫഷണൽ ജേർണലിസത്തിന്റെ “കോഡ് ഓഫ് എത്തിക്സ്” പ്രധാപ്പെട്ട 4 ഉത്തരവാദിത്വങ്ങളെക്കുറിച്ച് ജേണലിസ്റ്റുകളെ ഓർമ്മപ്പെടുത്തുന്നുണ്ട്:
1) സത്യത്തെ അന്വേഷിച്ച് റിപ്പോർട്ടു ചെയ്യുക: വസ്തുത പരിശോധിച്ച് മാത്രം വാർത്ത നൽകുക, മനഃപൂർവ്വം വികലമാക്കുന്ന വിവരങ്ങൾ നൽകാതിരിക്കുക, വാർത്ത വരുന്ന സ്രോതസുകളെ തിരിച്ചറിയുക, അഭിപ്രായങ്ങളുടെ തുറന്ന ഇടപെടലിനെ പിന്തുണയ്ക്കുക.
2) സാമൂഹിക ഉപദ്രവം കുറയ്ക്കുക: വാർത്തകളുടെ ഉറവിടങ്ങളോടും വിഷയങ്ങളോടും വിഷയങ്ങളോടും സഹാനുഭൂതിയോടെ പ്രവർത്തിക്കുക. വ്യക്തികളുടെ സ്വകാര്യതയെ പരിരക്ഷിക്കുക.
3) സ്വതന്ത്രമായി പ്രവർത്തിക്കുക: സംഘർഷങ്ങളെയും പ്രത്യേക താൽപ്പര്യങ്ങളെയും ഒഴിവാക്കുക. പരസ്യദാതാക്കളുടെയും പ്രത്യേക താത്പര്യ ഗ്രൂപ്പുകളുടെയും വാർത്തകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുക.
4) ഉത്തരവാദിത്ത ബോധമുണ്ടാവുക: തെറ്റുകൾ തിരുത്തുക, വിമർശനങ്ങളെ സ്വീകരിക്കുക, മാധ്യമങ്ങളുടെ അനീതികളെ തുടച്ചു നീക്കുക.
ഈ മാധ്യമ ധർമ്മം ഇന്ന് വികലമാക്കപ്പെട്ടിരിക്കുന്നു. ഒന്നുചിന്തിച്ചാൽ, വിശകലനം ചെയ്താൽ, നമുക്കിത് മനസ്സിക്കാൻ സാധിക്കും. ഇന്നിൻറ മാനുഷികതയ്ക്ക് വല്ലാത്ത മാറ്റം സംഭവിച്ചിട്ടുണ്ട്. അതിന് ഒരുപാട് നന്മകളും അതിനേക്കാളേറെ അപചയവും സംഭവിച്ചിട്ടുണ്ട്.
കൂട്ടായ്മയിൽനിന്നും മനുഷ്യനെ വ്യക്തികേന്ദ്രീകൃതം, അല്ലെങ്കിൽ കൂടുതൽ സ്വാർത്ഥതയിലേക്ക് നയിക്കുന്ന ഒരു പ്രതിഭാസം ഞാനും നിങ്ങളും അറിയാതെ തന്നെ നമ്മിൽ നടക്കുന്നുണ്ട്. പണ്ട് കാലത്ത് വാമൊഴിയിലൂടെയും, ചിത്രങ്ങളിലൂടെയും മനുഷ്യൻ തൻറ ആശയങ്ങൾ പങ്കുവച്ചു. പിൽക്കാലത്ത്, അക്ഷരങ്ങളായും, ഗ്രന്ഥങ്ങളായും, പത്രമാധ്യമമായും ഈ സിദ്ധി വളർന്നു. ഇന്ന് ആ സിദ്ധി ദൃശ്യ – ശ്രാവ്യ മാദ്ധ്യമമായി വളർന്നിരിക്കുന്നു. അത് ഇന്ന് റിയലിസ്ടിക് വിഷ്വല്‍സ് അതായത് ത്രിമാന ചിത്രങ്ങളായും, അതുമല്ല എല്ലാ സാഹചര്യവും അതു പോലെ പുന:ര്‍സൃഷ്ടിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ പന്തലിച്ചിരിക്കുന്നു. ഇന്ന് ഈമേഘലയുടെ ശക്തി നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ്. ഇന്ന് ലോകരാഷ്ട്രങ്ങളെയും, എല്ലാമേഘലയെയും, നമ്മുടെ നീതിന്യായ വ്യവസ്ഥയെപ്പോലും നിയന്ത്രിക്കാൻ കഴിവുള്ള ഒന്നായി മാധ്യമങ്ങൾ മാറിയിരിക്കുന്നു.
മാധ്യമങ്ങളുടെ ധാര്‍മികത വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അല്ലായെങ്കില്‍ ഒരു മാധ്യമത്തിനു തോന്നുന്നത് പോലെ യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കാന്‍ സാധിക്കും. അതിന് സഹായിക്കുന്ന കാര്യങ്ങളാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍. ഉദാഹരണമായി ഫോട്ടോ, വീഡിയോ ദൃശ്യങ്ങള്‍, ഇന്റര്‍വ്യൂ മുതലായവ. ഇന്ന് അങ്ങനെയല്ല, മാധ്യമങ്ങളില്‍ നടക്കുന്നത്.
നേരിട്ടുള്ള ന്യൂസ് അവര്‍ ചര്‍ച്ചകള്‍, സാധാരണ ഒരു സംവാദമായി മാറിയിരിക്കുന്നു. നല്ല വാക്ചാതുരിയും, വിശകലന പാഠവവും ഉണ്ടെങ്കില്‍ ജനങ്ങളെ വളരെയെളപ്പത്തിൽ തെറ്റിധരിപ്പിക്കാൻ സാധിക്കും.
എന്തിന് എൻറ ചിന്തയെയും നിങ്ങളുടെ ചിന്തയെയും നിയന്ത്രിക്കാനുള്ള കഴിവു വരെ മാദ്ധ്യമങ്ങൾ അപഹരിച്ചിക്കുന്നു. ഇന്ന് ഞാനും നിങ്ങളും സ്വന്തന്ത്രമായി ചിന്തിക്കുന്നോ എന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം?…
ഇന്നിന്റെ ലോകത്ത് ജീവിത യഥാർത്ഥ്യങ്ങളെ വൈകാരികമായല്ല സമീപിക്കേണ്ടത്. മറിച്ച് ഉറച്ച ബോദ്ധ്യത്തോടും, വിശ്വാസത്തോടും-വിവേകത്തോടുമാണ് സമീപിക്കേണ്ടത്. വികാരം, പെട്ടെന്നുണ്ടാകുന്ന ഒരു പ്രതിഭാസമാണ്. അവിടെ ചിന്തയില്ല-വിശ്വാസമില്ല. വൈകാരികതയല്ല നമ്മുക്കാവശ്യം, ചിന്തയും – വിശ്വാസവും, വിവേകവുമാണ് നമുക്ക് വേണ്ടത്.
ഞാനും നിങ്ങളും ജീവിക്കുന്നത് ഒരു സമൂഹത്തിലാണ്. മുഖ്യധാര മാധ്യമങ്ങളും, സാമൂഹിക മാധ്യമങ്ങളും അല്ല എന്റെ ചിന്തയെ, എന്റെ ബോധ്യങ്ങളെ നയിക്കേണ്ടതും, തീരുമാനമെടുക്കാന്‍ സഹായിക്കേണ്ടതും. “എപ്പോഴും ഭൂരിപക്ഷ അഭിപ്രായമല്ല സത്യം” എന്ന സാമാന്യ ബോധം ഇന്ന് നമുക്ക് അന്ന്യമായി കൊണ്ടിരിക്കുന്നു. ഇങ്ങപോയാല്‍ നാം പ്രാചീന കാലത്തിലേക്ക്, അതായത് നമ്മുടെ സങ്കികള്‍വിഭാവനം ചെയ്യുന്ന ചിന്തയും വിശ്വാസവും, വിവേകവും നഷ്ടപ്പെട്ട ഒരു ഏകാധിപതിയുടെ കീഴില്‍ കഴിയേണ്ട അവസ്ഥയില്‍ നമ്മള്‍ എത്തിച്ചേരും.
പണ്ട് കാലത്ത് രാജാവും, നാട്ടു കൂട്ടങ്ങളും ആയിരുന്നു നീതി നടപ്പാക്കിയിരുന്നത്. അന്ന് വിദ്യാഭ്യാസ വ്യവസ്ഥിതികള്‍ ഇത്രത്തോളം പുരോഗമിചിരുന്നില്ല. ജനക്കൂട്ടമല്ല സാമൂഹിക നീതി ഉറപ്പുവരുത്തേണ്ടത്. മറിച്ച്, അതിനായി പഠിചൊരുങ്ങിയ നിയമ പാലകരും, നീതി പാലകരും ആണ് സാമൂഹിക നീതി നടപ്പാക്കേണ്ടത്. സമൂഹത്തിലെ നീതിയും ന്യായവും നിർണ്ണയിക്കേണ്ടത് വർഷ്ങ്ങളായി നിലനിൽക്കുന്ന ഒരു രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്ന നിയമപാലകൻമാരും കോടതികളുമാണ്. അല്ലാതെ മാധ്യമക്കോടതികളല്ല.
മനുഷ്യ മനസ്സിനെ മാലിന്യകൂമ്പാരമാക്കാൻ വെമ്പൽകൊള്ളുന്ന ഒരു “മാധ്യമ മാഫിയ” തന്നെ നിലവിലുണ്ടെന്ന് വേണം കരുതാൻ.