Diocese

മലയൻതേരി സെന്റ് ജോസഫ് ദേവാലയ ആശീർവാദം മെയ് 5 ഞായറാഴ്ച്ച

നെയ്യാറ്റിൻകര രൂപതയിലെ പറണ്ടോട് സെന്റ്മേരീസ് ദേവാലയത്തിന്റെ ഉപ-ഇടവകയാണ്

സ്വന്തം ലേഖകൻ

പറണ്ടോട്: നെയ്യാറ്റിൻകര രൂപതയിലെ ആര്യനാട് ഫെറോനയിലെ മലയൻതേരി സെന്റ് ജോസഫ് ദേവാലയ ആശീർവാദം മെയ് 5 ഞായറാഴ്ച്ച അഭിവന്ദ്യ പുനലൂർ രൂപതാ മെത്രാൻ ഡോ.സിൽവസ്റ്റർ പൊന്നുമുത്തൻ നിർവഹിക്കും. പറണ്ടോട് സെന്റ്മേരീസ് ദേവാലയത്തിന്റെ ഉപ-ഇടവകയാണ് മലയൻതേരി സെന്റ് ജോസഫ് ദേവാലയം.

ചരിത്രവഴി:

2002-ൽ പറണ്ടോട് വികാരിയായിരുന്ന ഫാ.സൈമൺ പീറ്ററാണ് വിശ്വാസികളുടെ ആഗ്രഹപ്രകാരം താരതമ്യേ പറണ്ടോടിന്റെ ഉൾപ്രദേശമായ മലയൻതേരിയിൽ പുതിയ ദേവാലയത്തിനുള്ള പ്രവർത്തനം ആരംഭിച്ചത്. അങ്ങനെ, പ്രദേശവാസിയായ ശ്രീ.ആന്റണിയുടെ പുരയിടത്തിൽ ഒരു ഷെഡ് കെട്ടിയാണ് സെന്റ് ജോസഫ് ദേവാലയം താൽക്കാലികമായി ആരംഭിച്ചത്. തുടർന്ന്, 2003-ൽ 17 സെന്റ് വസ്തു വിശ്വാസികൾ സ്വന്തമായി വാങ്ങുകയും അവിടെ ഷെഡ് പണിത് ദിവ്യബലിയും, മതബോധന ക്ലാസ്സുകളും നടത്തിപ്പോന്നു. തുടർന്ന്, ഫാ.സൈമൺ പീറ്റർ മറ്റൊരിടവകയിലേയ്ക്ക് സ്ഥലം മാറിപ്പോയി.

2009-ൽ പറണ്ടോട് ഇടവക വികാരിയായിരുന്ന ഫാ.സ്റ്റാൻലി രാജായിരുന്നു പുതിയ ദേവാലയത്തിനുള്ള നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. ദേവാലയത്തിന്റെ പില്ലറുകളുടെ പണികൾവരെ എത്തിച്ച് എങ്കിലും സാമ്പത്തിക പരാധീനത മൂലം പണി തുടർന്നു നടന്നില്ല. ഫാ.സ്റ്റാലിൻ മറ്റൊരു ഇടവകയിലേയ്ക്ക് പോവുകയും ചെയ്തു.

2013-ൽ ഫാ.ജോസഫ് പാറാങ്കുഴി പറണ്ടോട് ഇടവക വികാരിയായി നിയമിതനായി. പുതിയ ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതിന് വേണ്ട ക്രമീകരണങ്ങൾക്ക് വേണ്ട നേതൃത്വം കൊടുത്തു എങ്കിലും ആ കാലഘട്ടത്തിൽ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ജീവിതത്തെ തന്നെ സാരമായി ബാധിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ സാധിക്കാത്ത വിധം സാമ്പത്തിക ബുദ്ധിമുട്ടിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ, ദിവ്യബലി അർപ്പിച്ചു വന്നിരുന്ന ഷെഡും നിലംപൊത്തി. തുടർന്ന്, കുറച്ച് നാളുകൾ അവിടെ ദിവ്യബലിയർപ്പിക്കുവാൻ സാധിക്കാത്ത സാഹചര്യവുമുണ്ടായി. കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ഫാ.ജോസഫ് പാറാങ്കുഴി മറ്റൊരിടവകയിലേയ്ക്ക് സ്ഥലം മാറിപ്പോയി.

2018-ൽ മോൺ.റൂഫസ് പയസ്ലീൻ പറണ്ടോട് ഇടവക വികാരിയായി നിയമിതനായി. പള്ളിനിർമാണത്തിന്റെ ചുമതലയും നെയ്യാറ്റിൻകര രൂപത മോൺ.റൂഫസ് പയസ്ലീനെ ഏൽപ്പിച്ചു. പുതിയ ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. ഇടവക ജനങ്ങളെ കൊണ്ട് സഹകരണ ബാങ്കിൽ ചിട്ടി തുടങ്ങിച്ചായിരുന്നു തുടക്കം. എന്നാൽ, അടുത്തവർഷം തന്നെ മോൺ.റൂഫസ് പയസ്ലീന് രൂപതയുടെ നിർദ്ദേശമനുസരിച്ച് മറ്റൊരു ഇടവകയുടെ ചുമതലയിലേക്ക് പോകേണ്ടിവന്നു.

2019-ൽ റവ.ഡോ.വിൻസെന്റ് ആർ.പി. പറണ്ടോട് ഇടവക വികാരിയായി നിയമിതനായി. ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുവാൻ വേണ്ട പ്രചോദനം ഇടവക ജനത്തിന് അച്ചൻ നൽകിയിരുന്നു. ദേവാലയത്തിന്റെ നിർമ്മാണ തുടർപ്രവർത്തനങ്ങൾ മോൺ.റൂഫസ് പയസ്ലീന്റെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു മുന്നോട്ട് പോയിരുന്നത്.

അങ്ങനെ, പറണ്ടോട്, ചേരപ്പള്ളി ഇടവകക്കാരുടെയും, അഭ്യുദയകാംക്ഷികളുടെയും, മലയൻതേരി ഇടവകക്കാരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങളുടെ ഫലമായും, പറണ്ടോട് ഇടവക വികാരി റവ.ഡോ.വിൻസെന്റ് ആർ.പി.യുടെയും മോൺ.റൂഫസ് പയസ്ലീന്റെയും ശ്രമഫലമായും മലയൻതേരി സെന്റ് ജോസഫ് ദേവാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.

2019 മെയ് 5-ന് വൈകുന്നേരം 5 മണിക്ക് അഭിവന്ദ്യ പുനലൂർ രൂപതാ മെത്രാൻ ഡോ.സിൽവസ്റ്റർ പൊന്നുമുത്തൻ പുതിയ ദേവാലയം ആശീർവദിച്ച് ആരാധനയ്‌ക്കും ദിവ്യബലിയർപ്പണത്തിനുമായി ഇടവകയ്ക്ക് സമർപ്പിക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker