മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട് വധം പ്രതിക്ക് ജീവപര്യന്തം
2018 മാര്‍ച്ച് ഒന്നിനാണ് മലയാറ്റൂര്‍ കുരിശുമുടിയില്‍ ആറാം സ്ഥലത്തുവെച്ച് ഫാ.സേവ്യറിന് കുത്തേറ്റത്.
അനിൽ ജോസഫ്
കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുന്‍ കപ്യാര്‍ മലയാറ്റൂര്‍ വട്ടപ്പറമ്പന്‍ ജോണിക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.പി.രമേശ് ഹാജരായി. 2018 മാര്‍ച്ച് ഒന്നിന് മലയാറ്റൂര്‍ കുരിശുമുടി കാനനപാതയില്‍ ആറാം സ്ഥലത്തുവെച്ചാണ് ഫാ.സേവ്യറിന് കുത്തേറ്റത്.
മദ്യപാനത്തെ തുടര്‍ന്ന് ജോണിയെ കപ്യാർ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. എന്നാൽ, തൊട്ടടുത്ത ഏപ്രില്‍ നടക്കുന്ന പെരുന്നാളിന് മുന്‍പ് ജോലി തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് പ്രതി ജോണി ഫാ.സേവ്യറിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നു.
സംഭവദിവസം, മലയടിവാരത്തില്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് കത്തി കൈക്കലാക്കിയ ജോണി മലയിറങ്ങി വരികയായിരുന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം.
അതേസമയം, ഫാ.സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മ പോളും, ബന്ധുക്കളും വൈദികന്‍ മരിച്ച് ഒരാഴ്ചക്കകം തന്നെ കപ്യാരുടെ വീട്ടിലെത്തി കപ്യാരോട് പൂര്‍ണ്ണമായും ക്ഷമിക്കുന്നതായി അറിയിക്കുകയും, കപ്യാരുടെ ഭാര്യയെ കെട്ടിപ്പിടിച്ച് കരയുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.