Diocese

മരിയന്‍ എക്സിബിഷന്‍ ആരംഭിച്ചു; ജപമാല പദയാത്രയോടെ ഞായറാഴ്ച സമാപനം

മരിയന്‍ എക്സിബിഷന്‍ ആരംഭിച്ചു; ജപമാല പദയാത്രയോടെ ഞായറാഴ്ച സമാപനം

 

അനിൽ ജോസഫ്

പാറശാല: നെയ്യാറ്റിൻകര രൂപതാ ജപമാല പദയാത്രയോടനുബന്ധിച്ച് ഉദിയന്‍കുളങ്ങര ഇടവകയുടെ നേതൃത്വത്തിൽ
ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം ഒരുക്കുന്ന മരിയന്‍ എക്സിബിഷന്‍ ഉദിയന്‍കുളങ്ങര സെന്‍റ് മേരീസ് ദേവാലയത്തില്‍ ആരംഭിച്ചു. നെയ്യാറ്റിന്‍കര രൂപതയില്‍ നടന്നുവരുന്ന ജപമാല മാസാചരണത്തിന്റെ ഭാഗമായാണ് ജപമാല പദയാത്രയും മരിയന്‍ എക്സിബിഷനും സംഘടിപ്പിച്ചിരിക്കുന്നത്.

 

എക്സിബിഷനില്‍ മാതാവിന്‍റെ അപൂര്‍വ്വ ചിത്രങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നുളള ജപമാലകളും ഇടം നേടിയിട്ടുണ്ട്. മാതാവിന്റെ ശൈശവം മുതൽ വ്യാകുലങ്ങളും ജീവിതത്തിലെ സംഭവങ്ങളും അടങ്ങുന്ന ആയിരത്തിലേറെ ചിത്രങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്. ഇന്ന് തുടങ്ങിയ മരിയൻ എക്സിബിഷൻ 28-നാണ് അവസാനിക്കുന്നത്. രാവിലെ ഒൻപതു മണിമുതൽ വൈകുന്നേരം അഞ്ചു മണിവരെ സൗജന്യ സന്ദര്ശനത്തിനുള്ള സമയമുണ്ട്.

 

ആദ്യ ദിനമായ ഇന്ന് രാവിലെ 9-ന് വചന ബോധന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ക്രിസ്റ്റഫർ ‘മരിയൻ എക്സിബിഷൻ’ ഉദ്‌ഘാടനം ചെയ്തു. തുടർന്ന്, എട്ട് മണിക്കൂർ ആരാധനയും വൈകുന്നേരം 5 മണിക്ക് ആഘോഷമായ ദിവ്യബലിയും ഉണ്ടായിരുന്നു. ദിവ്യബലിക്ക് മോൺ. വി.പി.ജോസ് നേതൃത്വം നൽകി, ഫാ. ജോർജ് മച്ചിക്കുഴിയിൽ സന്ദേശം നൽകി.

നാളെ രാവിലെ 9-ന് അഖണ്ഡജപമാലയും വൈകുന്നേരം 5 മണിക്ക് അജപാലന ശുശ്രുഷാ ഡയറക്ടർ ഡോ.നിക്സണ്‍ രാജിന്റെ നേതൃത്വത്തില്‍ ദിവ്യബലിയും ഉണ്ടായിരിക്കും. തുടര്‍ന്ന്, 6-ന് മരിയന്‍ സന്ധ്യ സംഘടിപ്പിച്ചിട്ടുണ്ട്, ഇതിന്റെ അധ്യക്ഷ ഉദിയൻകുളങ്ങര പ്രസീഡിയം പ്രസിഡണ്ട് സി. സ്റ്റെഫിനും ഉദ്‌ഘാടനം ഫാ. ലൂക്ക് കടവിൽ പുരയിലും നിർവഹിക്കും. ഫാ.ജോർജ് മച്ചിക്കുഴിയിൽ മരിയൻ പ്രാഭാഷണം നടത്തും.

അവസാന ദിവസമായ 28 ഞായർ ഉച്ചക്ക് 1 മണിക്ക് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നിന്ന് ഉദിയന്‍കുളങ്ങര സെന്‍റ് മേരീസ് ദേവാലയത്തിലേക്ക് മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ച് കൊണ്ടുളള ‘ജപമാല പ്രദക്ഷിണ’വും തുടര്‍ന്ന് പൊതു സമ്മേളനവുമാണ് ക്രമീകരിച്ചിരിക്കുന്നത്. പൊതു സമ്മേളനം നെയ്യാറ്റിന്‍കര രൂപത മെത്രാൻ ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker