മരണത്തിന്റെ മാന്ത്രിക സ്പർശം…
നാളത്തെ തലമുറയെ ലഹരിക്ക് അടിമപ്പെടാതെ സംരക്ഷിക്കാൻ മറക്കരുത്...
ലോകത്തിന്റെ പ്രലോഭനങ്ങളെയും, പാപസാഹചര്യങ്ങളെയും, ആർജാസക്തിയെയും ചെറുത്ത് തോൽപ്പിക്കാൻ സന്യാസവര്യൻ നീണ്ട 21 ദിവസം കഠിനമായ തപസ്സ് ചെയ്യുകയായിരുന്നു. കിഴങ്ങുകളും, കനികളും, അരുവിയിൽ നിന്ന് ജലവും കഴിച്ചാണ് കഴിഞ്ഞിരുന്നത്. ആസക്തികളെ നിയന്ത്രിക്കാൻ കഴിയുമെന്ന ബോധ്യം സന്യാസിക്കുണ്ടായി. ഗ്രാമത്തിൽ നിന്ന് 21 കിലോമീറ്റർ ദൂരെയുള്ള ഒരു വനത്തിൽ ചെറിയ ഒരു ഗുഹയിലായിരുന്നു തപസ്സു ചെയ്തിരുന്നത്. ഉറ്റവരെയും, ഉടയവരെയും, സ്വന്ത ബന്ധങ്ങളെയും ഒക്കെ വിട്ടുപേക്ഷിച്ചുള്ള ജീവിതം. സർവ്വ സംഗപരിത്യാഗിയായി മാറുക… അതായിരുന്നു ജീവിതാഭിലാഷം.
ഉൾവനത്തിൽ ഒരു സത്രം ഉള്ളതായി ഗുരു പറഞ്ഞിട്ടുള്ള കാര്യം സന്യാസി ഓർത്തു. ജാതിയും, മതവും, ദേശവും, ഭാഷയും ഒന്നും പരിഗണിക്കാതെ സ്വാർത്ഥലാഭം പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്ന സത്രം! വിദേശികളും, സ്വദേശികളും, വിനോദസഞ്ചാരികളും ആ സത്രത്തിൽ താമസിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അതിന്റെ നടത്തിപ്പുകാരെ കുറിച്ചോ, മറ്റു സൗകര്യങ്ങൾ കുറിച്ചോ കൃത്യമായി ആരും പറഞ്ഞു കേട്ടിട്ടില്ല… സഞ്ചാരയോഗ്യമായ ഒരു ഒറ്റയടിപ്പാത തെല്ലകലെ കാണാൻ കഴിഞ്ഞു. സന്യാസി ആ വഴിക്ക് മുന്നോട്ട് പോയി… ഇടതൂർന്ന മരങ്ങൾ തണൽ വിരിക്കുന്ന പാത. അരുവികളുടെ കളകളാരവം, പക്ഷികളുടെയും മൃഗങ്ങളുടെയും ഇടകലർന്ന ശബ്ദം… കാടിന് ഒരു അരഞ്ഞാണം പോലെ വളഞ്ഞു പുളഞ്ഞൊഴുകുന്ന കൊച്ചരുവികൾ… ഔഷധ ഗുണമുള്ള ആ വെള്ളം സന്യാസി കുടിച്ചു. ഒരു പുത്തനുണർവ്… ഒരു ചൈതന്യം… കാലുകൾ നീട്ടി വച്ചു നടന്നു.
അകലെ സത്രം ദൃശ്യമായി… ചുറ്റും പൂന്തോട്ടം… കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതവിളക്കുകൾ. പ്രവേശന കവാടത്തിലെ ബോർഡ് ശ്രദ്ധിച്ചു: “നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം”. കുറച്ച് മുന്നോട്ട് നടന്നപ്പോൾ അർദ്ധവൃത്താകൃതിയിൽ പണിതീർത്ത നൂറോളം വരുന്ന ഒറ്റ നില വീടുകൾ… പ്രധാന കെട്ടിടത്തിന് പൂമുഖത്തിൽ ഒരു ബോർഡ്: സത്രത്തിന്റെ ചട്ടങ്ങളും നിയമങ്ങളും പാലിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്… അനുവാദം കൂടാതെ പുറത്തു പോകരുത്… ആപത്ത് ക്ഷണിച്ചു വരുത്തരുത്… പിച്ചിയുടെയും, മുല്ലയുടെയും, താഴമ്പൂവിന്റേയും മത്തുപിടിപ്പിക്കുന്ന മണം തങ്ങിനിൽക്കുന്ന അന്തരീക്ഷം! പ്രവേശനകവാടത്തിനരികിൽ സുന്ദരികൾ… സ്നേഹപൂർവ്വം അവർ ഉൾമുറിയിലേക്ക് ആനയിച്ചു. രാജകീയ വസ്ത്രം ധരിച്ച ഒരു പുരുഷനും രണ്ട് സ്ത്രീകളും സന്യാസിയെ സ്വീകരിച്ച് ഒരു മനോഹരമായ കെട്ടിടത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ചുവരിൽ തൂക്കിയിരുന്ന ബോർഡ് ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു: ഇതിലെ വ്യവസ്ഥകൾ പാലിക്കാമെങ്കിൽ നിങ്ങൾക്കിവിടെ താമസിക്കാം…
ഒന്ന്; ഇവിടെ മദ്യം മയക്കുമരുന്ന് സുലഭമാണ്, പണം കൊടുക്കേണ്ടതില്ല.
രണ്ട്; നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു സ്ത്രീയെ കിടക്ക പങ്കിടാൻ സ്വീകരിക്കാം.
മൂന്ന്; ഇവിടെ മരണത്തിന് വിധിക്കപ്പെട്ട് കഴിയുന്ന കുറ്റവാളികൾ ഉണ്ട്, ഒരാളെ നിങ്ങൾക്ക് കൊല്ലാം.
നേതാവെന്ന് തോന്നിപ്പിക്കുന്ന ഒരുവൻ പുഞ്ചിരിയോടെ കടന്നു വന്നിട്ട് പറഞ്ഞു; ‘സുഹൃത്തേ ഈ മൂന്നു കാര്യങ്ങളിൽ ഒന്ന് നിർബന്ധമായും നിങ്ങൾ സ്വീകരിക്കണം… തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം നിങ്ങൾക്കുണ്ട്’. സന്യാസി വല്ലാതെ പരിഭ്രമിച്ചു. താൻ നേടിയ തപശക്തിയും, ആത്മനിയന്ത്രണവും തനിക്ക് നഷ്ടപ്പെടുന്നതുപോലെ തോന്നി. വിശപ്പ്-ദാഹം-ക്ഷീണം വല്ലാതെ അലട്ടി…
ഏതു സ്വീകരിക്കും? ഏറ്റവും ലഘുവായത് ഏതാണ്? ഒടുവിൽ മദ്യവും ലഹരിയും തിരഞ്ഞെടുത്തു. മദ്യം വിളമ്പാൻ സുന്ദരികളായ സ്ത്രീകൾ… ഒരു ഘട്ടം കഴിഞ്ഞപ്പോൾ സന്യാസിക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു… ജഢികാസക്തി സിരകളിൽ മിന്നൽപ്പിണറുകൾ തീർത്തു. സന്യാസി അടുത്ത മുറിയിലേക്ക് പോയി… കാമാസക്തി തീർക്കാൻ ഒരു സ്ത്രീയുമായി കിടക്ക പങ്കിടാൻ ശ്രമിച്ചപ്പോൾ അടുത്ത മുറിയിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ… സന്യാസിക്ക് കോപം നിയന്ത്രിക്കാൻ കഴിഞ്ഞില്ല… അടുത്ത മുറിയിൽ കടന്ന്, കരയുന്ന കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നു.
മദ്യം-വ്യഭിചാരം-കൊലപാതകം… ഇവയിൽ ലഘുവായ പാപമായി കണ്ടത് മദ്യമായിരുന്നു. പക്ഷേ, മദ്യപാനം മറ്റ് കൊടുംപാപങ്ങൾക്ക് വാതിൽ തുറന്നു കൊടുത്തു. നാളത്തെ തലമുറയെ ലഹരിക്ക് അടിമപ്പെടാതെ സംരക്ഷിക്കാൻ മറക്കരുത്!!!