മന്ത്രി റോഷി അഗസ്റ്റിന് ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നിവേദനം നൽകി
ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള പ്രദേശങ്ങളിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട്...
ജോസ് മാർട്ടിൻ
ചെല്ലാനം/മാനാശ്ശേരി: ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള പ്രദേശങ്ങളിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ മാനാശ്ശേരി നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇരിഗേഷൻ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.
344 കോടി രൂപയുടെ നിർദ്ധിഷ്ട പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക, ചെറിയ കടവു മുതൽ സൗദി ബീച്ച് റോഡു വരെയുള്ള പ്രദേശങ്ങളെയും നിർദ്ധിഷ്ട പദ്ധതിക്കൊപ്പം പരിഗണിക്കുക, കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്ത് പുറംകടലിൽ കളയുന്ന എക്കൽ ചെല്ലാനം മുതൽ സൗദി വരെയുള്ള തീരക്കടലിൽ നിക്ഷേപിച്ച് തീരക്കടലിലെ ആഴം കുറച്ച് തീരം പുന:ർനിർമ്മിക്കുക, ഓഖി സമയത്ത് പ്രഖ്യാപിച്ച ജിയോ ട്യൂബ് പദ്ധതിയിലെ ശേഷിക്കുന്ന 121 ജിയോ ട്യൂബുകൾ ഉപയോഗിച്ച് 100 മീറ്റർ വീതം നീളമുള്ള 30 പുലിമുട്ടുകൾ ഉടൻ നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ആയിരത്തിലധികം പേർ ഒപ്പിട്ട ഭീമഹർജി സമർപ്പിച്ചത്.
എത്രയും വേഗം N.C.C.R. ന്റെ റിപ്പോർട്ട് ലഭ്യമാക്കി ബാക്കിയുള്ള പ്രദേശങ്ങൾ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താമെന്നും, പോർട്ട് പുറംകടലിൽ കളയുന്ന മണ്ണ് തീരക്കടലിൽ നിക്ഷേപിക്കണമെന്ന് നിർദ്ദേശിക്കാമെന്നും, ജിയോ ട്യൂബ് പുലിമുട്ടുകൾ പരിഗണിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു. മർക്കോസ് സ്റ്റാൻലി, പ്രിൻസ് അത്തിപ്പൊഴി, സെവ്യർ ഇളയേടത്ത്, സുജാ ഭാരതി, V.T സെബാസ്റ്റിൻ എന്നിവർ പങ്കെടുത്തു.