“മനുഷ്യരെല്ലാം പുൽക്കൊടിക്ക് തുല്യരാണ്; അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുൽക്കൊടികൾ വാടിക്കരിയുന്നു; പൂക്കൾ കൊഴിഞ്ഞുവീഴുന്നു.”
“മനുഷ്യരെല്ലാം പുൽക്കൊടിക്ക് തുല്യരാണ്; അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുൽക്കൊടികൾ വാടിക്കരിയുന്നു; പൂക്കൾ കൊഴിഞ്ഞുവീഴുന്നു.”
അനുദിന മന്നാ
1 പത്രോസ്:- 1 : 18a – 25
മാർക്കോസ്:- 10: 32 – 45
“മനുഷ്യരെല്ലാം പുൽക്കൊടിക്ക് തുല്യരാണ്; അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുൽക്കൊടികൾ വാടിക്കരിയുന്നു; പൂക്കൾ കൊഴിഞ്ഞുവീഴുന്നു.”
ഞാനില്ലെങ്കിൽ ലോകമില്ലായെന്ന് അഹങ്കരിക്കുന്ന മനുഷ്യരോട് അഹങ്കരിക്കാനും മാത്രമുള്ള മഹിമയില്ലായെന്ന വെളിപ്പെടുത്തികൊടുക്കുകയാണ്. പ്രപഞ്ചത്തിൽ വളരെ നിസ്സാരമായി കണക്കാക്കുന്ന പുൽക്കൊടിക്കും അതിന്റെ പൂവിനുമുള്ള മഹിമ മാത്രമാണ് മനുഷ്യനുള്ളത്. ദിവസങ്ങൾക്കുള്ളിൽ വാടിക്കരിയുന്ന പുൽക്കൊടിയുടെയും കൊഴിഞ്ഞുവീഴുന്ന പൂക്കളുടെയും അവസ്ഥയാണ് മനുഷ്യന്റേതെന്ന ഒരു വീണ്ടുവിചാരം നൽകുന്ന വരികൾ: “മനുഷ്യരെല്ലാം പുൽക്കൊടിക്ക് തുല്യരാണ്; അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുൽക്കൊടികൾ വാടിക്കരിയുന്നു; പൂക്കൾ കൊഴിഞ്ഞുവീഴുന്നു.”
സ്നേഹമുള്ളവരെ, സ്വാർത്ഥതാല്പര്യത്താൽ ബന്ധങ്ങൾ നഷ്ടപ്പെട്ടതും മനുഷ്യത്വം മരവിച്ചതുമായ ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. നിസ്സാരം ഒരു പുൽക്കൊടിക്ക് തുല്യമായ ജീവിതം വെച്ചാണ് നാം ഈ കളികളെല്ലാം കളിക്കുന്നത് എന്ന ചിന്ത നമ്മിലേക്ക് കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൈവം ദാനമായി നൽകിയ സൗന്ദര്യത്തിലും, കഴിവിലും, സമ്പത്തിലുമെല്ലാം അഹങ്കരിച്ച് നമ്മുടെ ജീവിത ദൗത്യം മറന്നുപോകുകയും സ്നേഹബന്ധങ്ങൾ ഛേദിച്ചു കളയുകയും ചെയ്യുമ്പോൾ നാം നഷ്ടപ്പെടുത്തുന്നത് ദൈവത്തിന്റെ അനുഗ്രഹവും, സ്നേഹവുമാണെന്നു ഓർക്കുക.
ലോകം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരികളിൽ ഒരുവനായിരുന്നു അലക്സാണ്ടർ ചക്രവർത്തി. തന്റെ കഴിവും ശക്തിയും എല്ലാം ഉപയോഗിച്ച് മഹാനായി കൊണ്ടിരുന്നപ്പോഴും തന്റെ മഹത്വത്തിന് ദീർഘനാളില്ലായെന്ന് മനസ്സിലായത് അദ്ദേഹത്തിൻറെ മരണക്കിടക്കയിൽ ആയിരുന്നു. ആ തിരിച്ചറിവാണ് ‘എന്റെ ശരീരം പൊതു ദർശനത്തിന് വെക്കുമ്പോൾ കൈകൾ രണ്ടും തുറന്നു തൂങ്ങിക്കിടക്കുന്ന തരത്തിൽ വയ്ക്കണം. ലോകം വിടുമ്പോൾ കൈകൾ ശൂന്യമായിരുന്നു എന്ന് ജനങ്ങൾ കാണട്ടെ.’ എന്ന് തൻറെ സേവകരുടെ പറഞ്ഞറിയിച്ചത്. ഈ കഥയിൽ നിന്നും നാം മനസ്സിലാക്കേണ്ടത് നമ്മുടെ മഹത്വത്തെക്കുറിച്ച് തന്നെയാണ്. വാടിക്കരിയുന്ന പുൽകൊടിക്കും കൊഴിഞ്ഞുവീഴുന്ന പൂവിനുമുള്ള ആയുസ്സ് മാത്രമേ നമ്മുടെ മഹത്വത്തിനുമുള്ളു.
കർത്താവായ ദൈവം ദാനമായി നൽകിയവയിൽ അഹങ്കരിക്കാതെ, അവിടുത്തേക്ക് നന്ദിപറഞ്ഞുകൊണ്ട് അവിടുത്തെ ദാനം നന്മയ്ക്കായി ഉപയോഗിച്ചു ജീവിക്കാനായി നാം ശ്രമിക്കേണ്ടതുണ്ട്. കുറച്ചുദിവസത്തേക്ക് വേണ്ടി പ്രകൃതിക്ക് പച്ചപ്പേകി സൗന്ദര്യം നൽകുന്ന പുൽക്കൊടിയെ പോലെയും, അതിലെ പൂവിൽ നിന്നുണ്ടാകുന്ന സുഗന്ധത്തെ പോലെയും നമ്മുടെ ഈ കുഞ്ഞു ജീവിതവും നമുക്ക് സമൂഹത്തിനു നന്മ ചെയ്തുകൊണ്ട് സുഗന്ധം പരത്തുന്നവരാകാനായി ശ്രമിക്കാം.
കാരുണ്യവാനായ ദൈവമേ, അങ്ങ് ദാനമായി നല്കിയ ജീവിതത്തിൽ അഹങ്കരിക്കാതെയും, സ്വാർത്ഥതാല്പര്യം കാണിക്കാതെയും നന്മകൾ ചെയ്ത് ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.