World

മധ്യപ്രദേശില്‍ വൈദികര്‍ക്കു നേരെ ആക്രമണം: കാര്‍ അഗ്നിക്കിരയാക്കി

മധ്യപ്രദേശില്‍ വൈദികര്‍ക്കു നേരെ ആക്രമണം: കാര്‍ അഗ്നിക്കിരയാക്കി

സത്‌ന: സീറോ മലബാർ സഭയുടെ നിയന്ത്രണത്തിലുള്ള മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേം സെമിനാരിയില്‍ നിന്നു ക്രിസ്തുമസ് കരോളിന് പോയ വൈദിക സംഘത്തിന് നേരെ തീവ്ര ഹൈന്ദവ സംഘടനായ ബജ്റംഗ്ദള്ളിന്റെ ആക്രമണം. സത്‌ന സെമിനാരിയില്‍ നിന്നു ട്യൂഷന്‍ നല്‍കാനും സാമൂഹ്യസേവനത്തിനും പതിവായി പോകുന്ന ഗ്രാമത്തില്‍ വ്യാഴാഴ്ച കരോള്‍ അവതരിപ്പിക്കാന്‍ എത്തിയ വൈദിക- സെമിനാരി സംഘത്തെ പുറത്തു നിന്നെത്തിയ ബജ്റംഗ്ദള്ളിന്റെ പ്രവര്‍ത്തകര്‍ തടയാന്‍ വന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

പരിപാടി അവസാനഘട്ടത്തിലെത്തിയപ്പോള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മതംമാറ്റ ആരോപണം ഉന്നയിച്ചു പ്രശ്‌നമുണ്ടാക്കുകയായിരുന്നു. തുടര്‍ന്നു പ്രവര്‍ത്തകര്‍ യാതൊരു കാരണവും കൂടാതെ പോലീസിനെ വിളിച്ചുവരുത്തി വൈദിക സംഘത്തെ കസ്റ്റഡിയില്‍ എടുക്കണമെന്നാവശ്യപ്പെട്ടു. പിന്നീട് വൈദികരും വൈദിക വിദ്യാര്‍ഥികളും അടങ്ങിയ സംഘത്തെ പോലീസിനു കൈമാറി. ഫാ.ജോസഫ് ഒറ്റപ്പുഴയ്ക്കല്‍, ഫാ.അലക്‌സ് പണ്ടാരക്കാപ്പില്‍, ഫാ. ജോര്‍ജ് മംഗലപ്പള്ളി, ഫാ.ജോര്‍ജ് പേട്ടയില്‍ സിഎംഎസ് എന്നിവരും മുപ്പത്തിരണ്ടോളം വൈദിക വിദ്യാര്‍ഥികളുമാണ് സ്‌റ്റേഷനില്‍ കഴിയുന്നത്.

ഇവരെ ഇതുവരെ പോലീസ് വിട്ടയച്ചിട്ടില്ല. പ്രകോപനവുമായി നിരവധി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞിരിക്കുകയാണ്. ഇതിനിടെ കസ്റ്റഡിയിലായ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും സന്ദര്‍ശിക്കാനെത്തിയ ക്‌ളരീഷന്‍ വൈദികരുടെ കാര്‍ അക്രമികള്‍ സ്റ്റേഷന് പുറത്തു കത്തിച്ചു. 25 വര്‍ഷമായി നടക്കുന്ന ക്രിസ്തുമസ് പരിപാടികള്‍ക്കു നേരെയാണ് അടിസ്ഥാനപരമായ ആരോപണം ഉന്നയിച്ചു തീവ്രഹൈന്ദവ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

ഈ വര്‍ഷാരംഭത്തോടെ മുംബൈ ആസ്ഥാനമായ കാത്തലിക് സെക്കുലര്‍ ഫോറം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഭാരതത്തില്‍ വൈദികരും സുവിശേഷകരുമായ 500-ല്‍ അധികം ആളുകള്‍ക്ക് വിവിധ തരം ആക്രമങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ രാജ്യത്തു കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് പത്തു പേരാണ്.

ആര്‍‌എസ്‌എസ്, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, അഖില്‍ ഭാരതി വന്‍വാസി കല്യാണ്‍ ആശ്രമ് തുടങ്ങിയ സംഘടനകളാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന്‍ ‘ദ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍’ മറ്റൊരു മറ്റൊരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു. യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജയണിന്റെ കണക്കുകള്‍ പ്രകാരം മതസ്വാതന്ത്ര്യത്തിന് തടസം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനമാണ് ഭാരതത്തിനുള്ളത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker