മദ്യവും മയക്കുമരുന്നുകളും കുടുംബങ്ങളെ കാർന്നു തിന്നുന്നു: മോൺ. ജി. ക്രിസ്തുദാസ്
മദ്യവും മയക്കുമരുന്നുകളും കുടുംബങ്ങളെ കാർന്നു തിന്നുന്നു: മോൺ. ജി. ക്രിസ്തുദാസ്
സ്വന്തം ലേഖകൻ
കട്ടയ്ക്കോട്: മദ്യവും മയക്കുമരുന്നുകളും കുടുംബങ്ങളെ കാർന്നു തിന്നുന്ന മാരകവിഷമായി മാറിയിരിക്കുന്നുവെന്ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്. മദ്യവും ലഹരി മരുന്നുകളും ഒരു നിയന്ത്രണവുമില്ലാതെ പടരുകയാണെന്നും അത് തടയേണ്ടവർ തന്നെ കച്ചവടക്കാരായി മാറിയിരിക്കുന്നുവെന്നും ആയതിനാൽ നമ്മുടെ കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും രക്ഷിക്കാൻ അരമുറുക്കിയുള്ള പോരാട്ടങ്ങൾക്ക് നമ്മളും നമ്മുടെ സഭയും മുന്നോട്ടു വരണമെന്ന് മോൺ. ജി. ക്രിസ്തുദാസ് ആവശ്യപ്പെട്ടു.
നെയ്യാറ്റിൻകര രൂപത സാമൂഹിക ശുശ്രൂഷ വിഭാഗം നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (NIDS) ആരോഗ്യ-മദ്യ വിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ “ലഹരി വിരുദ്ധ കുടുംബം” എന്ന ലക്ഷ്യത്തോടെ കട്ടയ്ക്കോട് ഫൊറേനയിൽ നടപ്പാക്കുന്ന ഒരു മാസത്തെ ലഹരി വിരുദ്ധ കാമ്പയിൻ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മോൺസിഞ്ഞോർ.
കൊല്ലോട് പള്ളിയിൽ ആണ് “ലഹരി വിരുദ്ധ കുടുംബം” ഒരു മാസത്തെ ലഹരി വിരുദ്ധ കാമ്പയിൻ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെട്ടത്.
നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിഡ്സ് മേഖലാ കോർഡിനേറ്റർ ഫാ.അജി അലോഷ്യസ്, കമ്മീഷൻ സെക്രട്ടറി എൻ.ദേവദാസ്, റീജിയണൽ ആനിമേറ്റർ ലിനു ജോസ്, ആൽബർട്ട് എന്നിവർ പ്രസംഗിച്ചു.
തുടർന്ന്, “മദ്യ വിമുക്ത സഭയും സമൂഹവും” എന്ന തലക്കെട്ടിൽ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി തിരു. മേഖലാ പ്രസിഡന്റും കേരള മദ്യനിരോധന സമിതി തിരു. ജില്ലാ പ്രസിഡന്റും കേരള മദ്യവിരുദ്ധ ജനകീയ മുന്നണി കൺവീനറുമായ എഫ്എം.ലാസർ സെമിനാർ നയിച്ചു. മദ്യം എങ്ങനെയാണ് മനുഷ്യനെയും കുടുംബങ്ങളെയും കാർന്നുതിന്നുന്ന മാരക വിഷമാകുന്നതെന്ന് പഠിപ്പിച്ചു.