Kerala

മത സൗഹാർദത്തിന്റെ വൃക്കദാനം ഇന്ന്‌; പീറ്ററച്ചന്റെ വൃക്ക മൊയ്‌ദീന്‌; മൊയിദീന്റെ ഭാര്യയുടെ വൃക്ക ഡാർവിന്‌

മത സൗഹാർദത്തിന്റെ വൃക്കദാനം ഇന്ന്‌; പീറ്ററച്ചന്റെ വൃക്ക മൊയ്‌ദീന്‌; മൊയിദീന്റെ ഭാര്യയുടെ വൃക്ക ഡാർവിന്‌

തിരുവനന്തപുരം: ഒരു വൃക്ക മറ്റൊരാൾക്കു ജീവനേകുന്ന പതിവ് കഥയ്ക്ക് ഇവിടെ ചെറിയൊരു മാറ്റം! മാർത്താണ്ഡം സ്വദേശി ഫാ. പീറ്റർ ബെനഡിക്റ്റ് വൃക്ക പകുത്തു നൽകുമ്പോൾ അത് ജീവനേകുന്നത് രണ്ടു പേർക്ക്. ആലപ്പുഴ സ്വദേശിയും കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയറുമായ മൊയ്തീൻകുഞ്ഞിന് ഫാ. പീറ്റർ ബെനഡിക്റ്റ് വൃക്ക നൽകുമ്പോൾ, മൊയ്തീൻകുഞ്ഞിന്റെ ഭാര്യ റജുല തൃശൂർ സ്വദേശിയായ ഡാർവിനു വൃക്ക നൽകും.

നാലുപേരും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അടുത്തടുത്ത മുറികളിൽ പുത്തൻ പ്രതീക്ഷകളുമായി കാത്തിരിക്കുകയാണ്. ഇന്നുരാവിലെ നാലു പേരുടെയും ഹൃദയങ്ങൾ അദൃശ്യമായ സ്നേഹക്കണ്ണികളുള്ള ചങ്ങലയിൽ ഒരുമിക്കും. കഴിഞ്ഞ ദീപാവലിക്കു നാലുപേരും പരസ്പരം കൈപിടിച്ചു തുടങ്ങിയ കാത്തിരിപ്പിനു വിരാമമാകും.

മാർത്താണ്ഡം മലങ്കര രൂപതയുടെ കീഴിലുള്ള മാർത്താണ്ഡം ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് സൊസൈറ്റിയുടെ (മിഡ്സ്) ഡയറക്ടറായ ഫാ. പീറ്റർ വൃക്കദാനം ചെയ്യാൻ ഒരുക്കമായിട്ടു നാളുകളായി.

വൃക്ക കിട്ടാതെ രോഗികൾ മരിക്കുന്ന സാഹചര്യം നേരിട്ടു കണ്ടതോടെയാണ് ഫാ. പീറ്റർ ഇത്തരമൊരു തീരുമാനമെടുത്തത്. ഒടുവിൽ ഫാ. ഡേവിസ് ചിറമ്മല്ലിന്റെ കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടു. ആലപ്പുഴ സ്വദേശി മൊയ്തീൻകുഞ്ഞിനു വൃക്ക നൽകാൻ ഭാര്യ തയാറായിരുന്നെങ്കിലും രക്തഗ്രൂപ്പുകൾ വ്യത്യസ്തമായിരുന്നു. ഒടുവിൽ ഇവർ ചേർന്നൊരു ധാരണയിലെത്തി. മൊയ്തീന് ഫാ. പീറ്റർ വൃക്ക നൽകുമ്പോൾ ഭാര്യയുടെ വൃക്ക മറ്റൊരാൾക്കു നൽകണം. 23–ാം വയസ്സിൽ വൃക്കരോഗം ബാധിച്ച അയ്യന്തോൾ സ്വദേശി ഡാർവിനായിരുന്നു ആ വൃക്ക സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചത്. ഇപ്പോൾ 32 വയസ്സുള്ള ഡാർവിൻ രോഗത്തെത്തുടർന്നു ജോലിക്കു പോകാ‍ൻ പോലും കഴിയാത്ത അവസ്ഥയിലാണ്.

അനുജനും വൃക്കരോഗമുണ്ട്. അച്ഛൻ നേരത്തെ മരിച്ചു. അമ്മയ്ക്കു രക്തസമ്മർദമുള്ളതിനാൽ വൃക്ക നൽകാനും കഴിയില്ലായിരുന്നു. ഒടുവിൽ ദീപാവലിക്കു കൊച്ചിയിലെ ആശുപത്രി ഓ.പി. റൂമിൽ ഇവർ പരസ്പരം കണ്ടുമുട്ടി. രക്തപരിശോധന വിജയകരമായി പൂർത്തിയാക്കി. ഇന്നിവർ പരസ്പരം ജീവൻ പകുത്തുനൽകുന്നതോടെ കുറച്ചുനാളുകൾക്കു മുൻപ് വരെ അപരിചിതരായിരുന്ന നാലുപേർ ഒരു കുടുംബമാകും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker