മതേതര സങ്കല്പത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ സുപ്രീം കോടതിയും ഹൈക്കോടതികളും സ്വമേധയാ കേസെടുക്കണം; ബിഷപ്പ് സ്റ്റീഫൻ അത്തിപൊഴിയിൽ
രാജു ഈരേശ്ശേരിൽ
ആലപ്പുഴ: മതേതര സങ്കല്പത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ബഹുമാനപ്പെട്ട സുപ്രീം കോടതിയും ഹൈക്കോടതികളും സ്വമേധയാ കേസെടുക്കാൻ തയ്യാറാവണമെന്ന് ബിഷപ്പ് സ്റ്റീഫൻ അത്തിപൊഴിയിൽ
ആവശ്യപ്പെട്ടു. കുമ്പസാരം നിരോധിക്കണം എന്ന ശുപാർശ പ്രധാനമന്ത്രിയ്ക്കു നൽകിയ രേഖാശർമ്മ രാജിവയ്ക്കുക തന്നെ വേണമെന്ന് ബിഷപ്പ് പറഞ്ഞു. ആലപ്പുഴ രൂപത സംഘടിപ്പിച്ച “പ്രതിഷേധ ജ്വാല”യുടെ രൂപതാതല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
മാരാരിക്കുളം സെൻറ് അഗസ്റ്റിൻസ് പള്ളി അങ്കണത്തിലായിരുന്നു “പ്രതിഷേധ ജ്വാല”യുടെ രൂപതാതല സംഗമം നടന്നത്. നൂറുകണക്കിനാളുകൾ പങ്കെടുത്ത “പ്രതിഷേധ ജ്വാല”യിൽ എല്ലാവരും മെഴുകുതിരികൾ കത്തിച്ചാണ് പ്രതിക്ഷേതം അറിയിച്ചത്.
ആലപ്പുഴ രൂപത അൽമായ കമ്മീഷന്റെ നേതൃത്വത്തിൽ രൂപതയിലെ എല്ലാ പള്ളികളിലും കെ.എൽ.സി.എ, കെ.സി.വൈ.എം, മറ്റ് അത്മായ സംഘടനകൾ, ഭക്ത സംഘടനകൾ, സ്നേഹ സമൂഹങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോ ടുകൂടിയാണ് ‘കുമ്പസാരം നിരോധിക്കണം’ എന്ന ദേശീയ വനിത കമ്മീഷൻ അദ്ധ്യക്ഷയുടെ ശുപാർശയ്ക്കെതിരെ ഞായറാഴ്ച (29-ന്) വൈകുന്നേരം 6 മണിക്ക് “പ്രതിഷേധ ജ്വാല” സംഘടിപ്പിച്ചിരുന്നു.
പരിപാടികൾക്ക് അത്മായ കമ്മീഷൻ രൂപത സെക്രട്ടറി രാജു ഈരേശ്ശേരിൽ, കെ.എൽ.സി.എ. രൂപത പ്രസിഡൻറ് ക്ലീറ്റസ് കളത്തിൽ, ഫാദർ നെൽസൻ പാനേഴത്ത്, ബാസ്റ്റിൻ, ഷാജി എന്നിവർ നേതൃത്വം നൽകി.