ഭോഷനായ ധനികൻ മറന്നു പോയ കാര്യങ്ങൾ
ജീവിതത്തിൽ ഞാൻ സ്വീകരിക്കുന്നതല്ല എന്നെ അനശ്വരനാക്കുന്നത്, മറിച്ച് ഞാൻ കൊടുക്കുന്നതാണ്...
ആണ്ടുവട്ടം പതിനെട്ടാം ഞായർ
ഒന്നാം വായന: സഭാപ്രസംഗകൻ 1:2,2 :21-23
രണ്ടാം വായന: കൊളോസോസ് 3:1- 5,9-11
സുവിശേഷം വി. ലൂക്കാ 12:13-21
ദിവ്യബലിക്ക് ആമുഖം
അസാന്മാർഗികത, ആശുദ്ധി, മനഃക്ഷോപം, ദുർവിചാരങ്ങൾ, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം നശിപ്പിച്ചു കൊണ്ട്, എല്ലാ തിന്മകളെയും വർജ്ജിച്ചുകൊണ്ട് ഒരു പുതിയ മനുഷ്യനാകാൻ ഇന്നത്തെ രണ്ടാം വായനയിൽ കൊളോസോസുകാർക്കുള്ള ലേഖനത്തിലൂടെ വി.പൗലോസ് അപ്പോസ്തലൻ നമ്മെ ആഹ്വാനം ചെയ്യുന്നു. വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും, ഭൗതിക സ്വത്തുക്കളോട് ആത്മീയ മനുഷ്യൻ സ്വീകരിക്കേണ്ട നിലപാട് എന്താണെന്നും ഇന്നത്തെ ഒന്നാം വായനയും സുവിശേഷവും വ്യക്തമാക്കുന്നു. പുതിയ മനുഷ്യരായി ദൈവവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.
ദൈവവചന പ്രഘോഷണ കർമ്മം
സമ്പത്തിനോടും, സ്വകാര്യസ്വത്തിനോടും, പ്രത്യേകിച്ച് പണത്തോടും ഒരു ക്രിസ്ത്യാനി വച്ചുപുലർത്തേണ്ട മനോഭാവം എന്താണെന്ന് സുവിശേഷം വ്യക്തമാക്കുന്നു. “ഭോഷനായ ധനികനെന്നാണ്” ഇന്നത്തെ സുവിശേഷഭാഗത്തെ സമ്പൂർണ്ണ ബൈബിൾ വിശേഷിപ്പിക്കുന്നത്. നമുക്കീ തിരുവചനങ്ങൾ ധ്യാനിക്കാം.
അസത്യാഗ്രഹത്തിന് എതിരെയുള്ള യേശുവിന്റെ മുന്നറിയിപ്പ്
മനുഷ്യ ജീവിതം സമ്പത്ത് കൊണ്ടല്ല ധന്യമാകുന്നത് എന്ന് പറഞ്ഞുകൊണ്ട് എല്ലാ അത്യാഗ്രഹങ്ങളിൽ നിന്നും അകന്നിരിക്കാൻ യേശു പറയുന്നു. യേശുവിന്റെ ഉപമയിലെ ധനികന്റെ ചിന്തയും, വാക്കുകളും, പ്രവർത്തിയും പരിശോധിച്ച് കഴിഞ്ഞാൽ അത്യാഗ്രഹമെന്ന തിന്മ എന്താണെന്ന് നമുക്ക് മനസ്സിലാകും.
ഒന്നാമതായി; ധനികൻ തന്നെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. “ഞാൻ”, “എന്റെ” എന്നീ പദങ്ങൾ ആകെ ഏഴു പ്രാവശ്യം ആവർത്തിക്കുന്നു. “നീ” എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ അയാൾ അയാളെ കുറിച്ച് പറയുമ്പോൾ മാത്രമാണ്. അയാളുടെ ഭാര്യയെയോ, മകളെയോ കുറിച്ച് പോലും അദ്ദേഹം സൂചിപ്പിക്കുന്നില്ല. തന്നെ കുറിച്ച് മാത്രം ചിന്തിക്കുന്ന സ്വാർത്ഥൻ. സുഹൃത്തുക്കളോ, താൻ ജീവിക്കുന്ന സമൂഹമോ, സമൂഹത്തിലെ പാവങ്ങളോ അയാളുടെ ആരുമല്ല.
രണ്ടാമതായി; ധനികൻ ഭൗതികമായ സമ്പത്തിൽ മാത്രം ശ്രദ്ധിച്ചു, ആത്മീയ സമ്പത്തിനെ മറന്നു. ആത്മാവിനോട് പോലും അദ്ദേഹം പറയുന്നത് “ആത്മാവേ അനേകവർഷങ്ങൾ വേണ്ട വിഭവങ്ങൾ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നു കുടിച്ച് ആനന്ദിക്കുക” എന്നാണ്. ഭൗതിക സമ്പത്തിലൂടെയും, വിശ്രമത്തിലൂടെയും, തീറ്റയിലൂടെയും, കുടിയിലൂടെയും ആത്മാവല്ല ശരീരമാണ് പരിപോഷിപ്പിക്കപ്പെടുന്നത് എന്ന് ആ ധനികൻ മനസ്സിലാക്കിയില്ല. ആത്മാവ് പരിപോഷിക്കപ്പെടുന്നത് നന്മ പ്രവർത്തിയിലൂടെയും, ഉപവിയിലൂടെയും, പരസ്പരസ്നേഹത്തിലൂടെയുമാണ്. അയാൾ ഒരുക്കിവെച്ചവയൊന്നും ആത്മാവിന് ഉപകരിക്കുകയില്ലെന്ന് അയാൾ അറിഞ്ഞില്ല.
മൂന്നാമതായി; ആ ധനികൻ മരണത്തെ അവഗണിച്ചു, അഥവാ മരണത്തെക്കുറിച്ച് ചിന്തിച്ചില്ല. ദൈവത്തെക്കുറിച്ച് ഓർക്കുന്നു പോലുമില്ല. അദ്ദേഹത്തിന്റെ ഉത്കണ്ഠ മുഴുവൻ തനിക്കു ലഭിച്ച ധാന്യം മുഴുവൻ സൂക്ഷിക്കുവാൻ എനിക്ക് സാധിക്കില്ലല്ലോ എന്നായിരുന്നു. ആ ഉത്കണ്ഠയെ മറികടക്കാൻ അദ്ദേഹം പുതിയ പദ്ധതി വിഭാവനം ചെയ്യുന്നു: അറപ്പുരകൾ പൊളിച്ച് കൂടുതൽ വലിയവ പണിയുന്നു. അതിൽ ധാന്യവും വിഭവങ്ങളും സംഭരിക്കുന്നു. എല്ലാം പൂർത്തിയായി എനിക്ക് സുഖമായി ജീവിക്കാനുള്ളതായി എന്ന തിരിച്ചറിവിൽ തന്നോട് തന്നെ പറയുകയാണ്: ‘ഞാനിതാ ഭാവി സുസ്ഥിരമാക്കിയിരിക്കുന്നു. ഇനി വിശ്രമിക്കുക, തിന്നു-കുടിച്ച് ആനന്ദിക്കുക. അവൻ മറന്നുപോയ മരണത്തെ, അവൻ അവഗണിച്ച ദൈവം ഓർമിപ്പിക്കുകയാണ്. “ഭോഷാ ഈ രാത്രി നിന്റെ ആത്മാവിനെ നിന്നിൽനിന്ന് ആവശ്യപ്പെടും, അപ്പോൾ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേ താകും”.
ഭോഷനായ ധനികനിൽ നിന്നും നാം പഠിക്കേണ്ട പാഠങ്ങൾ
ഒന്നാമതായി; മറ്റുള്ളവരോട് പങ്കുവെക്കേണ്ടത് മറ്റുള്ളവരുമായി പങ്കുവയ്ക്കുക. എന്റെ സഹോദരന് അവകാശപ്പെട്ടത് ഞാൻ കൈവശപ്പെടുത്തിയിരിക്കുകയാണെങ്കിൽ അവനത് കൊടുക്കുക. ഇന്നത്തെ സുവിശേഷത്തിൽ നാം ശ്രവിച്ചത് മുഴുവൻ ഇന്നീ ലോകത്ത് സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ്. ഭോഷനായ ധനികന്റെ ഉപമ യേശു പറയാൻ കാരണം തന്നെ, പിതൃസ്വത്ത് പങ്കുവെക്കുന്നതിലെ പ്രശ്നം തീർക്കാൻ സഹായം ആവശ്യപ്പെട്ട് വന്നവനോടുള്ള മറുപടിയായിട്ടാണ്. കുടുംബസ്വത്ത് പങ്കുവയ്ക്കുന്നതിലെ തർക്കങ്ങൾ യേശുവിന്റെ കാലത്ത് മാത്രമല്ല, ഇന്നും ഉണ്ട്. കുടുംബസ്വത്ത് ഭാഗം വയ്ക്കുമ്പോൾ സഹോദരങ്ങളുടെ യഥാർത്ഥ സ്വഭാവം മനസ്സിലാകുമെന്ന് ചിലർ പറയാറുണ്ട്. കുടുംബങ്ങൾ മാത്രമല്ല സംഘടനകളും തമ്മിൽ തല്ലുന്നതും, കോടതി കയറുന്നതും സ്വത്ത് തർക്കത്തിന്റെ പേരിലാണ്. സഹോദരങ്ങൾക്കിടയിലുള്ള അത്യാഗ്രഹമാണ് തർക്കത്തിന് കാരണമെന്ന് മനസ്സിലാക്കിയ യേശു ശരിയായ രീതിയിൽ പ്രവർത്തിക്കുവാൻ പഠിപ്പിക്കുന്നു.
രണ്ടാമതായി; സ്വകാര്യസ്വത്ത് സമ്പാദിക്കുന്നതും, പണം സ്വരുക്കൂട്ടുന്നതും അതിനാൽ തന്നെ ഒരു തെറ്റല്ല. കുടുംബത്തിൽ പണമില്ലാതെ യാതൊന്നും തന്നെ മുന്നോട്ടു പോകുന്നില്ല. അൾത്താരയിൽ കത്തുന്ന മെഴുകുതിരി മുതൽ പുതിയ ദേവാലയം നിർമ്മിക്കുന്നതിന് വരെ നമുക്ക് പണം ആവശ്യമാണ്. എന്നാൽ, പണത്തോടുള്ള നമ്മുടെ ആഭിമുഖ്യം എപ്രകാരമെന്നുള്ളതാണ് ഇന്നത്തെ വചനത്തിൽ വചന ഉൾപൊരുൾ. വിശുദ്ധ ലൂക്കാ സുവിശേഷകൻ ആർക്കുവേണ്ടിയാണോ സുവിശേഷം രചിച്ചത്, ആ ഇടവക സമൂഹത്തിലെ ഭൗതീക സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ആത്മീയമല്ലാത്ത ചില കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ദൈവത്തെയും ആത്മീയതയെയും മറന്ന് സമ്പത്തിനു മാത്രം പ്രാധാന്യം നൽകുന്ന ശൈലി. ഇതിനെതിരെ തിരുവചനത്തിലൂടെ സുവിശേഷകൻ വ്യക്തമായ നിർദേശം നൽകുന്നു. ജീവിതത്തിൽ ദൈവത്തിന് പ്രാധാന്യം നൽകുന്നവൻ സമ്പത്തിനെ പരിഗണിക്കുന്നത് വ്യത്യസ്തമായിട്ടായിരിക്കും. ലൂക്കായുടെ ഉപദേശം ഇന്ന് നമ്മുടെ ഇടവക സമൂഹത്തിനും ബാധകമാണ്.
മൂന്നാമതായി; ആത്മീയതയുടെ അടിസ്ഥാനത്തിൽ സമ്പത്തിനെ എങ്ങനെയാണ് നാം നോക്കിക്കാണേണ്ടതെന്ന് ഇന്നത്തെ ഒന്നാം വായനയിൽ സഭാപ്രസംഗകന്റെ വാക്കുകളിൽനിന്ന് നാം ശ്രവിച്ചു. തത്വശാസ്ത്രപരമായ ഒരു വീക്ഷണം ജീവിതത്തെക്കുറിച്ച് അദ്ദേഹം വച്ച് പുലർത്തുന്നു. സകലവും മിഥ്യയാണെന്ന് പറയുന്ന സഭാപ്രസംഗകൻ, നമ്മുടെ അധ്വാനവും കഠിനാധ്വാനവും വ്യർത്ഥമാണെന്ന് പറയുന്നു. നമ്മുടെ ദിനങ്ങൾ ദുഃഖപൂരിതമാണെന്നും, നാം കഷ്ടപ്പെട്ട് അധ്വാനിച്ചവ മറ്റൊരാൾക്ക് വേണ്ടി ഈ ഭൂമിയിൽ ഉപേക്ഷിച്ചിട്ട് പോകേണ്ടി വരുമെന്നും പറയുന്നു. സഭാപ്രസംഗകന്റെ ഈ പരിവേദനങ്ങളെയും, ദുഃഖം നിറഞ്ഞ ആത്മഗതത്തെയും സുവിശേഷത്തിൽ യേശു ഒന്നുകൂടി വ്യക്തമാക്കുന്നു: ‘മനുഷ്യജീവിതം സമ്പത്ത് കൊണ്ടല്ല ധന്യമാകുന്നത്’.
അതായത്, ജീവിതത്തിൽ ഞാൻ സ്വീകരിക്കുന്നതല്ല എന്നെ അനശ്വരനാക്കുന്നത്, മറിച്ച് ഞാൻ കൊടുക്കുന്നതാണ്. ഈ “കൊടുക്കൽ” സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറിച്ച് സ്നേഹത്തിന്റെയും, സഹാനുഭൂതിയുടെയും, മറ്റുള്ളവർക്കായുള്ള സമയത്തെയും കാര്യത്തിലുമുണ്ട്. ഇവയെല്ലാം ദൈവസന്നിധിയിൽ എന്നെ സമ്പന്നനാക്കും.
ഈ വിചിന്തനം അവസാനിപ്പിക്കുമ്പോൾ നമ്മുടെ ആത്മീയ ജീവിതത്തെ ഊർജിതപ്പെടുത്താൻ നമുക്ക് സ്വയം ചോദിക്കാം.
ഞാൻ എന്റെ ജീവിതത്തിൽ പിന്തുടരുന്നത് ഭോഷനായ ധനികനെയാണോ? അതോ യേശുവിന്റെ സമ്പത്തുമായി ബന്ധപ്പെട്ട മൂല്യങ്ങളെയാണോ?
ആമേൻ.