ഭൂമി ദൈവത്തിന്റേതാണ് എന്ന ഓർമ്മപ്പെടുത്തലാണ് ആറ്റുകാൽ പൊങ്കാല; ഫാ.നിക്കോളാസ് താർസിയൂസ്
ഭൂമി ദൈവത്തിന്റേതാണ് എന്ന ഓർമ്മപ്പെടുത്തലാണ് ആറ്റുകാൽ പൊങ്കാല; ഫാ.നിക്കോളാസ് താർസിയൂസ്
ബ്ലെസൻ മാത്യു
തിരുവനന്തപുരം: ഭൂമി ദൈവത്തിന്റേതാണ് എന്ന ഓർമ്മപ്പെടുത്തലാണ് ആറ്റുകാൽ പൊങ്കാല നൽകുന്ന സന്ദേശമെന്ന് പാളയം കത്തീഡ്രൽ വികാരി ഫാ.നിക്കോളാസ് താർസിയൂസ്. ആറ്റുകാൽ പൊങ്കാല ദിവസം പാളയം കത്തീഡ്രലിനു മുമ്പിലുള്ള റോഡിൽ പൊങ്കാലയിടാൻ വരുന്ന ഭക്തരായ സ്ത്രീജനങ്ങൾക്കു വേണ്ടി മോരു വെള്ളവും തണ്ണിമത്തനും ഒരുക്കി കാത്തുനിൽക്കുമ്പോൾ അവിടെ കൂടിയവരോട് സംസാരിക്കുകയായിരുന്നു ഫാ.നിക്കോളാസ്.
വിളയെല്ലാം നൈവേദ്യമായി കണ്ണകിദേവിക്ക് സമർപ്പിക്കുന്നതിലൂടെ കണ്ണകിദേവിയെ സംതൃപതയാക്കുന്നതിലൂടെ ധാരാളം വിളകൾ ലഭിക്കുമെന്ന് ജനം വിശ്വസിക്കുന്നു. അങ്ങനെ ഭൂമി ദൈവത്തിന്റേതാണ് എന്ന ബൈബിളിലെ പുറപ്പാട് പുസ്തകം 19:5 ഉം, ലേവ്യർ 25:23 ഉം എല്ലാമനുഷ്യരും ഓർക്കുന്ന ദിനമാണ് ഇത്. ഭൂമി ദൈവത്തിന്റേതാണ്, ഭൂമി ദൈവം നമ്മുടെ ഉപയോഗത്തിനുവേണ്ടി നൽകിയിരിക്കുന്നു, ആ ഭൂമിയെ ആവശ്യത്തിന് ഉപയോഗിക്കുക എന്നത് ഹൈന്ദവ മതദർശനത്തിലും, ക്രൈസ്‌തവ മതദർശനത്തിലും, യഹൂദ മതദർശനത്തിലും നിറഞ്ഞുനിൽക്കുന്ന കാര്യമാണെന്നും അച്ചൻ ഓർമ്മിപ്പിച്ചു.
അതുപോലെ, ഈ പൊങ്കാല മഹോത്സവം ഓർമ്മിപ്പിക്കുന്നത് സ്ത്രീ ശാക്തീകരണവും കൂടിയാണ്. സ്ത്രീ അബലയല്ല, ശക്തിയുള്ളവളാണ്, അവരെ തുല്യരായി കണ്ടു ബഹുമാനിക്കണം. കൂടാതെ ഈ മഹോത്സവം എല്ലാപേരും സമന്മാരാണെന്ന ഓർമ്മപ്പെടുത്തലും നൽകുന്നുണ്ട്. പാവപ്പെട്ടവരും സമ്പന്നരും ഒരുപോലെയാണെന്ന സന്ദേശം, പാവപ്പെട്ടവരും സമ്പന്നരാവുന്നതിന്റെ ഉത്സവം. വേദപുസ്തകത്തിൽ പരിശുദ്ധ കന്യകാ മാതാവ് വളരെ വ്യക്തമായി അത് സൂചിപ്പിക്കുന്നുമുണ്ട്; സമ്പന്നരെ താഴെയിറക്കുകയും അവരെ വെറുംകൈയോടെ പറഞ്ഞയക്കുകയും, എളിയവരെ ഉയർത്തുകയും ചെയ്തു. ചുരുക്കത്തിൽ പാവപ്പെട്ടവരും സമ്പന്നരും ഒരുപോലെ അണിനിരക്കുമ്പോൾ എല്ലാപേരുടെയും സാമ്പത്തിക ഉന്നമനവും അഭിവൃത്തിയും കൂടി പൊങ്കാല മഹോത്സവം നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും അച്ചൻ കൂട്ടിച്ചേർത്തു.