Articles

ഭൂമിയില്‍ ഭവനങ്ങള്‍ പണിത് ജീവിതസാഫല്യം കണ്ടെത്തുന്ന റോബര്‍ട്ടച്ചന്‍; 2700 ഭവനങ്ങള്‍ പണിതുകഴിഞ്ഞു

ഭൂമിയില്‍ ഭവനങ്ങള്‍ പണിത് ജീവിതസാഫല്യം കണ്ടെത്തുന്ന റോബര്‍ട്ടച്ചന്‍; 2700 ഭവനങ്ങള്‍ പണിതുകഴിഞ്ഞു

നിര്‍ധനര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതും ആഹ്ലാദങ്ങള്‍ പങ്കിടുന്നതും ഇന്ന് സര്‍വ്വസാധാരണം. എന്നാല്‍ അതിന് മൂന്നര പതിറ്റാണ്ട് മുമ്പേ വഴികാട്ടിയായി ഒരാളുണ്ടായിരുന്നെന്ന അറിവ് നമുക്ക് പുതിയതാണ്. തന്റെ 78-ാം വയസിലും അത് തുടരുന്നുണ്ടെന്ന മറ്റൊരറിവ് കൂടുതല്‍ അത്ഭുതത്തിലേക്ക് വഴി തുറക്കും. 2700 വീടുകളിലൂടെ 2700 കുടുംബങ്ങള്‍ക്ക് രാജ്യത്താകമാനം ആലയങ്ങള്‍ ഒരുക്കിയപ്പോള്‍ ലോകത്ത് തന്നെ സമാനതകള്‍ ഇല്ലാത്ത സല്‍പ്രവൃത്തിയായി മാറിയിരിക്കുന്നു.

റോബര്‍ട്ടച്ചന്‍ എന്ന് പ്രിയപ്പെട്ടവര്‍ വിളിക്കുന്ന റവ. ഫാദര്‍ റോബര്‍ട്ട് കാളാരന്‍ ഇടം എന്ന പുരോഹിതനാണ് അപൂര്‍വ്വവും വ്യത്യസ്തവുമായ നേട്ടത്തിന് ദൈവഹിതം ലഭിച്ചത്. ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നത് ജീവിതഹരമാണെന്ന് റോബര്‍ട്ടച്ചന്‍ പറയുന്നു. എന്നാല്‍ കരുണ തേടിയെത്തുന്നവരെ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ റോബര്‍ട്ടച്ചന് താത്പര്യമില്ല. തിരിച്ചും അങ്ങിനെ തന്നെ. അതിനാല്‍ വീട് നിര്‍മ്മിച്ച് നല്‍കാന്‍ നേതൃത്വം നല്‍കിയത് ഒരു അച്ചനാണെന്ന മാത്രമേ വീടുകള്‍ സ്വന്തമാക്കിയവര്‍ക്കറിയൂ. നന്മയുടെ വഴിയിലൂടെയുള്ള സഞ്ചാരം ആദ്യവും അവസാനവും അറിയേണ്ടത് പരമകാരുണ്യവാനായ ദൈവം തന്നെയാണെന്നാണ് റോബര്‍ട്ടച്ചന്‍ പറയുന്നത്.

പിച്ചവെച്ചു തുടങ്ങിയ ചേര്‍ത്തലയിലാണ് അച്ചന്‍ ഭവന നിര്‍മ്മാണം ആരംഭിക്കുന്നത്. ഒരു ഈഴവ കുടുംബത്തില്‍ നിന്നാരംഭിച്ച നന്മ ഇന്ത്യയിലാകമാനം 2700 വീടുകളായി മാറി. എറണാകുളം, പാല, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊച്ചി, മാനന്തവാടി, തലശ്ശേരി, പാലക്കാട്, ചേര്‍ത്തലയിലെ തഞ്ചി, ആലുവ, കീഴ്മാട്, കൊരട്ടി, അമ്പുനാട്, കാഞ്ഞൂര്‍, മൂക്കന്നൂര്‍, മലയാറ്റൂര്‍, കുറുമശ്ശേരി തുടങ്ങിയ മേഖലകളിലേക്കും പടര്‍ന്ന് പന്തലിച്ചു.

പൗരോഹത്യ സേവനം കേരളത്തിന് പുറത്ത് ആയപ്പോള്‍ പഞ്ചാബിലും ഗോരഖ്പുരിലും, സിക്കിം, തമിഴ്‌നാട്ടിലെ തൂത്തുകുടിയിലും ഭവനങ്ങള്‍ ഉയര്‍ന്നു. 2003 ല്‍ സിഎസ്ടി സഭയുടെ പേരില്‍ കുറുമശ്ശേരിയില്‍ വാങ്ങിയ മൂന്ന് ഏക്കര്‍ ഭൂമിയില്‍ 15 കുടുംബങ്ങള്‍ക്കായി പണിത ഇരുനില കെട്ടിടം മറ്റൊരു കാല്‍വയ്പ്പായി. എതിര്‍ ഭാഗത്തായി ഇതേ മാതൃകയില്‍ 20 കുടുംബങ്ങള്‍ക്കു കൂടി ഇരുനില കെട്ടിടം തയ്യാറായിക്കഴിഞ്ഞു. അവസാന മിനുക്കുപണികള്‍ക്ക് കൂടി പണം കണ്ടെത്തിക്കഴിഞ്ഞാല്‍ ഈ ‘സ്വാന്തനാരാമ’ത്തില്‍ 20 കുടുംബങ്ങളുടെ കൂടി കണ്ണീര്‍ തുടയ്ക്കാനാകും.

ജീര്‍ണിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന ഓലപ്പുരകളിലെ മണ്‍ തറയില്‍ വിരിച്ച കീറപ്പായില്‍ കിടന്നുറങ്ങുന്നവരെ ചുറ്റും കണ്ടാണ് റോബര്‍ട്ടച്ചെന്റ ബാല്യകാലം ആരംഭിക്കുന്നത്. ദൈവവിളിയിലേക്ക് നടന്നടുത്തപ്പോഴും ആ ദൃശ്യങ്ങള്‍ മനസ്സില്‍ നിന്ന് മാഞ്ഞില്ല. അതാണ് സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കണമെന്ന ആശയത്തിലേക്ക് നയിച്ചത്.

എന്നാല്‍ വീട് നിര്‍മിക്കാന്‍ നല്‍കുന്ന പണം പല കാരണങ്ങളാല്‍ ലക്ഷ്യം കാണാതാകുന്നതും മറ്റൊരു അനുഭവ പാഠമായി. അതിനാല്‍ അതാത് ഇടവകകളിലെ വികാരിമാരേയോ വിന്‍സന്റ് ഡി പോള്‍ തുടങ്ങിയ സന്നദ്ധ സംഘടനകളേയും സഭയിലെ വൈദികരേയും കോണ്‍വെന്റുകളേയുമാണ് ചുമതലകള്‍ ഏല്‍പ്പിച്ചത്. അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലും സുതാര്യതയോടെയും നടന്നു. ജര്‍മ്മനിയിലെ സേവനം ഭവനനിര്‍മാണങ്ങള്‍ക്ക് ആക്കം കൂട്ടി. സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു കൊടുക്കുകയെന്ന സാഹസിക ദൗത്യത്തിന് ആരംഭം കുറിച്ചു.

താന്‍ ജനിച്ചു വളര്‍ന്ന ചേര്‍ത്തല ചാലില്‍ പള്ളി അതിര്‍ത്തിയിലെ തറവാടും 50 സെന്റ് ഭൂമിയും സഹോദരരുടെ സമ്മതത്തോടെയാണ് പുനരധിവാസപദ്ധതിയിലേക്ക് റോബര്‍ട്ടച്ചന്‍ ദാനം ചെയ്തത്. കാലടി പ്രേഷിത സന്യാസിനികള്‍ അത് വൃദ്ധമന്ദിരമായി മാറ്റി. റോബര്‍ട്ടച്ചന്‍ കൈമാറിയ കാഞ്ഞൂരിലെ 80 സെന്റ് സ്ഥലം മാനസിക വെല്ലുവിളി നേടുന്നവരുടെ കേന്ദ്രമാണ്. പെരുമ്പാവൂരിനടുത്ത് കൂവപ്പടിയിലെ 80 സെന്റ് സ്ഥലം ഇപ്പോള്‍ അഭയ ഭവന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മാനസിക ബുദ്ധിമുട്ടുള്ള 350 പേരാണ് ഇവിടെ താമസിക്കുന്നത്. ഈ മൂന്നു സ്ഥാപനങ്ങളുടെ സാക്ഷാത്ക്കാരം റോബര്‍ട്ടച്ചന്റെ മാന്ത്രിക സേവനങ്ങള്‍ക്ക് നിദര്‍ശകമായി നിലകൊള്ളുന്നു.
20 വര്‍ഷത്തെ മാതാപിതാക്കളുടെ പ്രാര്‍ഥനാ ഫലമാണ് തന്റെ ജനനം. ഒരു ജന്മം നീണ്ടു നില്‍ക്കുന്ന സേവനങ്ങള്‍ക്ക് ശക്തി സ്രോതസായി മാറിയ നാലുപേര്‍ക്ക് റോബര്‍ട്ടച്ചന്‍ നന്ദി പറയുന്നു.

ദൈവാനുഗ്രഹം പരിശുദ്ധ അമ്മയും വാത്സല്യം, അജപാലനം നടത്തിയ ജര്‍മ്മനിയിലെ ഇടവകാംഗങ്ങളുടെ പ്രോത്സാഹനം, സ്വന്തം സന്യാസസഭയിലെ വൈദികരുടെ സഹകരണം എന്നിവയാണ് ശക്തി സ്രോതസായതെന്ന് റോബര്‍ട്ടച്ചന്‍ വിശ്വസിക്കുന്നു. എതിര്‍പ്പുകളും വിമര്‍ശനങ്ങളും നിയമക്കുരുക്കുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും വിഷമതകളും മറികടക്കാന്‍ ദൈവം ഓരോ വഴികള്‍ കാണിച്ചു തന്നു. ദൈവം കല്‍പ്പിച്ചാല്‍ ഇനിയും ഒരു നൂറ് വീടുകള്‍ കൂടി വച്ച് നല്‍കാന്‍ താന്‍ തയാറെന്നാണ് ജീവിത സായാഹ്നത്തിലും ഈ വൈദികെന്റ മറുപടി.

കടപ്പാട്: ദീപിക

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker