“ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‍കിയത്; ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.”
“ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‍കിയത്; ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.”
2 തിമോ. – 1:1–3, 6–12
മാർക്കോസ് – 12:18–27
“ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‍കിയത്; ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.”
മനുഷ്യർക്ക് ആത്മാവുണ്ടെന്നും, ആ ആത്മാവ് ദൈവം നൽകിയതാണെന്നും നാമറിയേണ്ടതുണ്ട്. ദൈവം നൽകിയ ആത്മാവ് ശക്തിയുടെയും, സ്നേഹത്തിന്റെയും, ആത്മനിയന്ത്രണത്തിന്റെയും ആത്മാവാണ്. ഒരുപക്ഷേ, ക്രിസ്തുനാഥൻ “ഭയപ്പെടേണ്ട” എന്ന് പലയാവർത്തി പറഞ്ഞത് ദൈവം ഈ ആത്മാവിനെ നമുക്ക് നൽകിയത് കൊണ്ടാകാം.
പിശാചിനെയും, അവന്റെ പ്രവർത്തികളെയും ഭയപ്പെടുന്ന ഒരു ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നൽകിയത്. മറിച്ച്, അവനെയും അവന്റെ പ്രവർത്തികളെയും നശിപ്പിക്കാൻ തക്കവിധം ശക്തിയും, സ്നേഹവും, ആത്മനിയന്ത്രണവുമടങ്ങിയ ഒരു ആത്മാവിനെയാണ് ദൈവം നമുക്ക് നൽകിയത്.
സ്നേഹമുള്ളവരെ, ലൗകികസുഖങ്ങൾക്കു വേണ്ടിയുള്ള ഓട്ടത്തിനിടയിൽ നാം പലപ്പോഴും മറന്നു പോകുന്ന ഒരു കാര്യമാണ് ദൈവം നൽകിയ ആത്മാവിനെ പരിപോഷിപ്പിക്കുകയെന്നത്. ശക്തിയും, സ്നേഹവും, ആത്മനിയന്ത്രണവുമായ ആത്മാവ് ഈ മറവിയാൽ ഭീരുത്വത്തിന്റെ ആത്മാവായി മാറും. ആയതിനാൽ, ദൈവം നൽകിയ ശക്തിയുടെ ആത്മാവിനെ ശക്തിയുടെ നിറവിൽ നിലനിറുത്താൻ ദൈവവുമായി നാം ചേർന്നു നിൽക്കേണ്ടതുണ്ട്. ദൈവത്തെയും, സഹോദരങ്ങളെയും സ്നേഹിച്ചു കൊണ്ട് സ്നേഹത്തിൻറെ ആത്മാവായും, ആത്മസംയമനം പാലിക്കേണ്ടിടത്ത് ആത്മസംയമനം പാലിച്ചുകൊണ്ട് ആത്മനിയന്ത്രണത്തിന്റെ ആത്മാവായും മാറേണ്ടതുണ്ട്.
ദൈവം നൽകിയ ശക്തിയുള്ള ആത്മാവിനെ ആ ശക്തിയിൽ നിലനിർത്താൻ നാം ആഗ്രഹിക്കുകയും, പ്രയത്‌നിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം ഉറപ്പായും അത് ഭീരുത്വത്തിന്റെ ആത്മാവായി മാറും. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് നന്മകൾ മാത്രം പ്രവർത്തിച്ചുകൊണ്ട് ആത്മീയതയിൽ ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.
സ്നേഹസ്വരൂപനായ ദൈവമേ, അങ്ങ് നൽകിയ ശക്തിയുടെ ആത്മാവിൽ നിന്നുകൊണ്ട് പൈശാചിക പ്രവർത്തനങ്ങൾക്കെതിരെ പോരാടുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.