ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള പ്രാർത്ഥന
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്...

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്…
ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ഈ അവസരത്തിൽ പുതിയ പാപ്പായെ തിരഞ്ഞെടുക്കാൻ ലോകമെമ്പാടുമുള്ള 80 വയസ്സിന് താഴെയുള്ള 134 കർദ്ദിനാൾമാർ പങ്കെടുക്കുന്ന കോൺക്ലേവിൽ അവർ ഒരേ മനസ്സോടെ, ഹൃദത്തോടെ ദിവ്യജ്ഞാനത്താൽ നയിക്കപ്പെട്ട്, പുതിയ പാപ്പായെ തിരഞ്ഞെടുക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ
പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള പ്രാർത്ഥന (സ്വതന്ത്ര പരിഭാഷ)
സ്നേഹ പിതാവായ ദൈവമേ,
നല്ലിടയനായ യേശു നാഥാ,
ഞങ്ങളുടെ വഴികാട്ടിയും ആശ്വാസ ദായകനുമായ പരിശുദ്ധാത്മാവേ,
കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും ഈ സമയത്ത്, തുറന്ന ഹൃദയത്തോടെ ഞങ്ങൾ അങ്ങയെ ആശ്രയിക്കുന്നു.
പിതാവേ, അങ്ങ് എപ്പോഴും അങ്ങയുടെ സഭയെ സംരക്ഷിച്ചിട്ടുണ്ട്.
അങ്ങയുടെ ഹൃദയത്തിന് അനുയോജ്യരായ ഇടയന്മാരെ തെരെഞ്ഞെടുത്തിട്ടുണ്ട്.
ജ്ഞാനത്തിന്റെ ആത്മാവിനെ കർദ്ദിനാൾമാരുടെ തിരുസംഘത്തിന്റെമേൽ അയയ്ക്കണമേ. അവരെ ഒരേ മനസ്സും ഹൃദയവും ഉള്ളവരാക്കണമേ.
അങ്ങനെ അവർ പ്രാർത്ഥനാപൂർവമായ വിവേചനത്തിന്റെ ദിവ്യജ്ഞാനത്താൽ നയിക്കപ്പെടട്ടെ.
എല്ലാവരുടെയും ഹൃദയം അറിയുന്ന നാഥാ,
ഇവരിൽ ആരെയാണ് പത്രോസിന്റെ പിൻഗാമിയായി അങ്ങ് തിരഞ്ഞെടുത്തതെന്ന് ഞങ്ങൾക്ക് കാണിച്ചു തരിക.
പുതിയ പാപ്പ പ്രാർത്ഥനയുടെ മനുഷ്യനും,
സത്യത്തിന്റെ ദാസനും,
സൗമ്യനും എന്നാൽ ധീരനും അനുകമ്പയുള്ളവനും
അങ്ങയുടെ സ്നേഹത്തിന്റെ ആഴത്തിൽ വേരൂന്നിയവനുമാകട്ടെ.
സഭാ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും,
സഭയുടെ സംരക്ഷകനും പാലകനുമായ വിശുദ്ധ യൗസേപ്പിന്റെയും
വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും
മധ്യസ്ഥതയിലൂടെ ഈ തിരഞ്ഞെടുപ്പ് സഭയ്ക്ക് പുതുജീവനും ഉന്മേഷവും
ലോകത്തിന് പുതിയ പ്രത്യാശയും പ്രദാനം ചെയ്യട്ടെ.
നമ്മുടെ കർത്താവും ജീവന്റെയും രക്ഷയുടെയും ഉടയവനുമായ യേശുക്രിസ്തു വഴി ഈ പ്രാർത്ഥന ഞങ്ങൾ സമർപ്പിക്കുന്നു.
ആമേൻ.



