ഭാരതത്തിലെ ആദ്യ കത്തോലിക്ക രൂപതയായ കൊല്ലം രൂപതക്ക് 693 വയസ്സ്
ജോസ് മാർട്ടിൻ
കൊല്ലം: ഭാരതത്തിലെ ആദ്യ കത്തോലിക്ക രൂപതയായ കൊല്ലം രൂപത 693-ാം മത് അതിന്റെ സ്ഥാപിത ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര സെമിനാർ കൊല്ലം രൂപതാധ്യക്ഷൻ റവ.ഡോ.പോൾ ആന്റെണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. റവ.ഡോ.ഷാജി ജെർമ്മൻ, ഫാ.ജോർജ് റോബിൻസൺ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു റവ.ഡോ.ബൈജു ജൂലിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
1329 ഓഗസ്റ്റ് 9-ന് കൊല്ലം ആസ്ഥാനമായി ജോൺ ഇരുപത്തിരണ്ടാമൻ പാപ്പയാണ് കൊല്ലം രൂപത സ്ഥാപിക്കുന്നത്. ഭാരത കത്തോലിക്കാ സഭയിലെ പ്രഥമ രക്തസാക്ഷിയും ഫ്രാൻസിലെ ഡൊമിനിക്കൻ സഭാ അംഗവുമായ ജോർദാനൂസ് കത്തലാനിയായിരുന്നു കൊല്ലം രൂപതയുടെ ആദ്യ മെത്രാൻ.
പേർഷ്യയിലെ സുൽത്താനി അതിരൂപതയുടെ സാമന്തരൂപതയായിരുന്ന കൊല്ലം രൂപതയുടെ കീഴിൽ പഴയ ഇന്ത്യ മുഴുവൻ ഉൾപ്പെട്ടിരുന്നു. ഇന്ന് തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ തങ്കശ്ശേരി ആസ്ഥാനമായി 1,950 ചതുരസ്ര കിലോമീറ്ററിലായി കൊല്ലം രൂപത വ്യാപിച്ച് കിടക്കുന്നു.