India

ഭാരതത്തിന് പുതിയ അപ്പോസ്തോലിക ന്യൂൺഷിയോ

ആർച്ച്ബിഷപ്പ് ജിയാംബാറ്റിസ്റ്റ ദിക്വാത്രോയെ ഫ്രാൻസിസ് പാപ്പ 2020-ൽ ബ്രസീലിലേക്ക് സ്ഥലം മാറ്റിയ ഒഴിവിലേക്കാണ് പുതിയ നിയമനം.

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: ഭാരതത്തിന്റെ പുതിയ അപ്പോസ്തോലിക ന്യൂൺഷിയോ (വത്തിക്കാൻ പ്രതിനിധി) യായി, 67 കാരനായ ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിരേല്ലിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 2017 ജനുവരി 21 മുതൽ ഇന്ത്യയുടേയും നേപ്പാളിന്റെയും അപ്പോസ്തോലിക് ന്യൂൺഷിയോയായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ആർച്ച്ബിഷപ്പ് ജിയാംബാറ്റിസ്റ്റ ദിക്വാത്രോയെ ഫ്രാൻസിസ് പാപ്പ 2020-ൽ ബ്രസീലിലേക്ക് സ്ഥലം മാറ്റിയ ഒഴിവിലേക്കാണ് പുതിയ നിയമനം. ഇസ്രായേൽ-സൈപ്രസ് എന്നിവിടങ്ങളിലേക്കുള്ള ന്യൂൺഷിയോയായും, ജറുസലെം- പലസ്തീന എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക പ്രതിനിധിയായും പ്രവർത്തിച്ചു വരികയായിരുന്നു ആർച്ച് ബിഷപ്പ് ലെയോപോൾഡോ.

1953 മാർച്ച് 13-ന് വടക്കൻ ഇറ്റലിയിലെ ലോംബാർഡിയാ മേഖലയിലെ ബെർഗാമോയിലെ പ്രിഡോറിലായിരുന്നു ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിരേല്ലിയുടെ ജനനം. 1978 ജൂൺ 17-ന് ബെർഗാമോ രൂപതയ്ക്ക് വേണ്ടി വൈദികനായി അഭിക്ഷിതനായി. അദ്ദേഹം ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും, കാനോൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. തുടർന്ന്,1987 ജൂലൈ 13-ന് വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനമാരംഭിച്ചു.

കാമറൂണിലെ അപ്പോസ്തോലിക ഡിപ്ലോമാറ്റിക് വിഭാഗത്തിലും, ന്യൂസിലാന്റിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ജനറൽ അഫയേഴ്സ് വിഭാഗത്തിലും പ്രവർത്തിച്ച അദ്ദേഹം അമേരിക്കയിലെ വത്തിക്കാൻ ന്യൂൺഷിയേച്ചറിൽ കൗൺസിലർ പദവിയും വഹിച്ചിട്ടുണ്ട്.

2017 സെപ്റ്റംബർ 13-നായിരുന്നു ജറുസലെം- പാലസ്തീന എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക പ്രതിനിധിയായി നിയമിതനായത്. തുടർന്ന്, 2017 സെപ്റ്റംബർ 15-ന് ഇസ്രായേൽ-സൈപ്രസ് എന്നിവിടങ്ങളിലെ ന്യൂൺഷിയോയായും നിയമിതനായി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker