Diocese

ബോണക്കാട്‌ കുരിശുമല തീർത്ഥാടനത്തിന്‌ ഭക്‌തി നിർഭരമായ തുടക്കം

ബോണക്കാട്‌ കുരിശുമല തീർത്ഥാടനത്തിന്‌ ഭക്‌തി നിർഭരമായ തുടക്കം

സ്വന്തം ലേഖകന്‍ 


വിതുര
: “വിശുദ്ധ കുരിശ്‌ സഹനത്തിന്റെ ശക്‌തി” എന്ന സന്ദേശവുമായി 61- ാമത്‌ ബോണക്കാട്‌ കുരിശുമല തീർത്ഥാടനത്തിന്‌ തുടക്കമായി. ഇന്ന്‌ രാവിലെ നെയ്യാറ്റിൻകര രൂപതാമെത്രാൻ ഡോ. വിൻസെന്റ്‌ സാമുവൽ കൊടിയേറ്റി തീർത്ഥാടനത്തിന്‌ തുടക്കം കുറിച്ചു.

തുടർന്ന്‌ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനക്ക്‌ പാറശാല സെന്റ്‌ പീറ്റർ ഇടവക വികാരി ഫാ. നെൽസൺ തിരുനിലത്ത്‌ നേതൃത്വം നൽകി. ബിഷപ്‌ വിൻസെന്റ്‌ സുമുവൽ വിശ്വാസികൾക്കൊപ്പം കുരിശിന്റെ വഴിയിൽ പങ്കെടുത്തു.

11-ന്‌ നടന്ന തിരുനാൾ ആരംഭ ദിവ്യബലിക്ക്‌ തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ്‌ നേതൃത്വം നൽകി. നെടുമങ്ങാട്‌ റീജിയൻ കോഓർഡിനേറ്റർ മോൺ.റൂഫസ്‌ പയസ്‌ലിൻ, റെക്‌ടർ ഫാ. ഡെന്നിസ്‌ മണ്ണൂർ, കെ.ആർ.എൽ.സി.സി അൽമായകമ്മിഷൻ സെക്രട്ടറി ഫാ. ഷാജ്‌കുമാർ, ഫാ. സെബാസ്റ്റ്യൻ കണിച്ച്‌ കുന്നത്ത്‌, ഫാ. നെൽസൺ തിരുനിലത്ത്‌, ഫാ. അനീഷ്‌, ഫാ. അനൂപ്‌ തുടങ്ങിയവർ സഹകാർമ്മികരായി.

12-ന്‌ ബോണക്കാട്‌ അമലോത്‌ഭവമാതാ ദേവാലയ പരിസരത്ത്‌ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനക്ക്‌ സെന്റ്‌ വിൻസെന്റ്‌ ഡി പോൾ സൊസൈറ്റിയും ലീജിയൻ ഓഫ്‌ മേരി നെയ്യാറ്റിൻകര കമ്മീസിയവും നേതൃത്വം നൽകി. പാറശാല ഫൊറോനയുടെ നേതൃത്വത്തിൽ ഗാനാജ്‌ഞലിയും കുണ്ടാളംകുഴി സി.എസ്‌.ഐ. പളളിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷയും നടന്നു.

വൈകിട്ട്‌ 5-ന്‌ നെയ്യാറ്റിൻകര രൂപതാ വികാരിജനറൽ മോൺ. ജി. ക്രിസ്‌തുദാസിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്‌ഞതാ ബലി അർപ്പിക്കും. രൂപതാ മീഡിയാ സെൽ ഡയറക്‌ടർ ഡോ. ജെ. ആർ. ജയരാജ്‌ വചന സന്ദേശം നൽകും.

ബോണക്കാടേക്കെത്തിയ തീർത്ഥാടകരെ കാണിത്തടം ചെക്‌പോസ്റ്റിൽ പേര്‌വിരങ്ങൾ രേഖപ്പെടുത്തിയാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥർ കടത്തി വിടുന്നത്‌. ഫൊറസ്റ്റിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ കാണിത്തടം ചെക്‌പോസ്റ്റിലും വനപാതയിലും വൻ പോലീസ്‌ സംഘം നിലയുറപ്പിച്ചിരുന്നു. പാലോട്‌ സി.ഐ. രാവിലെ തന്നെ ബോണക്കാടെത്തി സഭാ നേതൃത്വവുമായി തീർത്ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ആരാഞ്ഞിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മലകയറൽ ഒഴിവാക്കിയാണ്‌ ഇത്തവണത്തെ തീർത്ഥാടനത്തിന്‌ തുടക്കമായത്‌.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker