ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് ബുധനാഴ്ച തുടക്കമാവും
ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് ബുധനാഴ്ച തുടക്കമാവും

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കിഴക്കിന്റെ കാൽവരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് ബുധനാഴ്ച തുടക്കമാവും. 25 വരെ നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തെ തുടർന്ന് ദു:ഖവെളളി ദിവസവും തീർത്ഥാടന മുണ്ടാവും.
തീർത്ഥാടനത്തിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായതായി കുരിശുമല റെക്ടർ ഫാ.ഡെന്നിസ് മണ്ണൂർ അറിയിച്ചു. തീർത്ഥാടന നാളുകളിൽ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ, നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, ദക്ഷിണ കേരള മഹായിടവക ബിഷപ് റവ. എ. ധർമ്മരാജ് റസാലം, തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, തിരുവനന്തപുരം മലങ്കര രൂപതാ സഹായ മെത്രാൻ ഡോ. സാമുവൽ മാർ ഐറേനിയോസ്, ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ ഡോ. തോമസ് തറയിൽ തുടങ്ങിയവർ ബോണക്കാടെത്തും.
ബുധനാഴ്ച രാവിലെ 10-ന് ബിഷപ് ഡോ. ആർ. ക്രിസ്തുദാസ് തീർത്ഥാടന പതാക ഉയർത്തും തുടർന്ന് നടക്കുന്ന സമൂഹ ദിവ്യബലിക്കും ബിഷപ് നേതൃത്വം നൽകും. വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം എം.എൽ.എ. സി. ദിവാകൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എ. ശബരീനാഥൻ മുഖ്യ പ്രഭാഷണം നടത്തും. കുരിശുമല ജനറൽ കൺവീനർ ഫ്രാൻസി അലോഷ്യസ്, ചെയർമാൻ ഫാ. ഷാജ്കുമാർ, വിതുര പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാരി ഡി.എൻ, വാർഡ് മെമ്പർ സതീശൻ, രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി നേശൻ ആറ്റുപുറം, ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മിസിയം പ്രസിഡന്റ് ജെ. നേശമണി തുടങ്ങിയവർ പ്രസംഗിക്കും.
തീർത്ഥാടന നാളുകളിൽ നെയ്യാറ്റിൻകര രൂപതയുടെ വിവിധ ശുശ്രൂഷ സമിതികളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി പ്രാർത്ഥനകൾ നടത്തപ്പെടും. തീർത്ഥാനത്തിന്റെ സുഗമായ നടത്തിപ്പിനായി 250 വോളന്റിയിർമാരെ തെരെഞ്ഞെടുത്തിട്ടുണ്ട്. തീർത്ഥാനടത്തിനെത്തുന്നവർക്ക് കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ‘പാഥേയം’ എന്ന പേരിൽ ഉച്ചഭക്ഷണവും ക്രമികരിച്ചിട്ടുണ്ട്.
