ബോണക്കാട് കുരിശുമലയില്‍ മരക്കുരിശ് തകര്‍ക്കപ്പെട്ട നിലയില്‍
ബോണക്കാട് കുരിശുമലയില്‍ മരക്കുരിശ് തകര്‍ക്കപ്പെട്ട നിലയില്‍
ഓഗസ്റ്റ് 31 ന് സ്‌ഥാപിച്ച 10 അടിപൊക്കമുളള മരക്കുരിശാണ് തകര്‍ത്തത്.
സ്വന്തം ലേഖകന്‍
ബോണക്കാട് ; ബോണക്കാട് കുരിശുമല വിഷയത്തില്‍ വനം മന്ത്രി കെ. രാജുവുമായി കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം ബിഷപ് ധര്‍മ്മരാജ് റസാലം ഡോ.വിന്‍സെന്റ് സാമുവല്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സ്‌ഥാപിച്ച 10 അടിപൊക്കമുളള തേക്കില്‍ തീര്‍ത്ത മരക്കുരിശ് തകര്‍ക്കപ്പെട്ട നിലയില്‍ . ഓഗസ്റ്റ് 29 ന് സെക്രട്ടറിയേറ്റ് അനക്‌സില്‍ നടന്ന ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ 31 ന് സ്‌ഥാപിച്ച കുരിശാണ് തകര്‍ക്കപ്പെട്ടത്. തകര്‍ക്കപ്പെട്ട കുരിശിന്റെ ചുവട്ടില്‍ കരി മരുന്നും പശയും വിശ്വാസികള്‍ കണ്ടെത്തി നിലവില്‍ 3 അടിപൊക്കമുളള കുരിശിന്റെ ഭാഗം മാത്രമാണുളളത് . കരിമരുന്നും പശയും കണ്ടെത്തിയ സ്‌ഥിതിയില്‍ ബോംബ് വച്ച് തകര്‍ത്തെന്നുളള നിഗമനത്തിലാണ് വിശ്വാസികളും സഭാനേതൃത്വവും.
കുരിശിന്റെ ബാക്കി ഭാഗം ചിന്നി ചിതറിയ നിലയിലാണ്. ഇന്നലെ വിശ്വാസികളില്‍ ചിലര്‍ കുരിശുമലയുടെ നെറുകയില്‍ എത്തുമ്പോഴാണ് കുരിശ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മന്ത്രിതല ചര്‍ച്ചക്ക് ശേഷം സെപ്‌തബര്‍ 1 ന് കുരിശുമലയില്‍ തല്‍സ്‌ഥിതി തുടരണമെന്ന കോടതി ഉത്തരവ് വന്നിരുന്നു. ഇതിനെതിരെ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയും കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കുരിശ് തകര്‍ക്കപ്പെട്ടത്.
വിശ്വാസികള്‍
കുരിശ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് നാളെ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസിന്റെ അധ്യക്ഷതയില്‍ രാവിലെ 9 ന് അടിയന്തര യോഗം ബിഷപ്‌സ് ഹൗസില്‍ ചേരും കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ് മണ്ണുര്‍ കുരിശുമല സംരക്ഷണ സമിതി ചെയര്‍മാന്‍ മോണ്‍.റൂഫസ്‌പയസ്‌ലിന്‍ കണ്‍വീനര്‍ ഫാ.ഷാജ്‌കുമാര്‍ കുരിശുമല സംരക്ഷണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും