ബോണക്കാടില്‍ കുരിശ് തകര്‍ത്ത സംഭവം നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ദേവാലയങ്ങളില്‍ സർകുലർ വായിക്കും
ബോണക്കാടില്‍ കുരിശ് തകര്‍ത്ത സംഭവം നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ദേവാലയങ്ങളില്‍ സർകുലർ വായിക്കും
രൂപതയില്‍ പ്രതിഷേധ ദിനം ആചരിക്കുന്നു
നെയ്യാറ്റിന്‍കര ; ബോണക്കാട് കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടർന്ന് സ്‌ഥാപിച്ച മരക്കുരിശ് സ്‌ഫോടനത്തിലൂടെ തകര്‍ത്തതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് നെയ്യാറ്റിന്‍കര ലത്തീൻ രൂപത. ഇന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക് കീഴിലെ 245 ദേവാലയങ്ങളില്‍ സർക്കുലർ വായിക്കും . കുരിശ് തകര്‍ത്തതില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും വനം വകുപ്പിന്റെയും നിസംഗത സർക്കുലറിൽ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് സൂചന.
കൂടാതെ കേരള ലത്തീന്‍ സഭ സമുദായ ദിനമായി ആചരിക്കുന്ന ഇന്നേ ദിവസം പ്രതിഷേധ ദിനമായി ആചരിക്കാനും നെയ്യാറ്റിന്‍കര രൂപത ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷനും, ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷനും ഫൊറോന ഇടവകാ കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധ പരമ്പരകള്‍ക്ക് തുടക്കം കുറിക്കുമെന്ന് വികാരി ജനറല്‍ മോണ്‍. ജി .ക്രിസ്‌തുദാസ് പറഞ്ഞു.രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന തുടര്‍ സമരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വരുന്ന ആഴ്‌ചയില്‍ വിവിധ സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തില്‍ യോഗം കൂടുമെന്നും വികാരി ജനറല്‍ അറിയിച്ചു.